വിജയമില്ലാതെ അഞ്ചു മത്സരങ്ങള്‍, സമ്മര്‍ദത്തിന്റെ മുള്‍മുനയിലാണ് ഡേവിഡ് ജെയിംസും കേരള ബ്ലാസ്റ്റേഴ്സ് ടീമും. കഴിഞ്ഞ നാലു സീസണുകളില്‍നിന്ന് വ്യത്യസ്തമായി കളിക്കളത്തില്‍ മികച്ച ഒത്തിണക്കവും ആക്രമണവാസനയും പ്രകടിപ്പിക്കുമ്പോള്‍ത്തന്നെ ജയം അകന്നുപോകുന്നതാണ് മാനേജ്മെന്റിനെ അലട്ടുന്നത്. ഞായറാഴ്ച എഫ്.സി. ഗോവയ്‌ക്കെതിരേ സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ പുതിയ ചില തന്ത്രങ്ങള്‍ കേരള ടീം പരീക്ഷിക്കേണ്ടിവരും.

ആദ്യമത്സരത്തില്‍ കൊല്‍ക്കത്ത ടീം എ.ടി.കെ.യ്‌ക്കെതിരേ ജയിച്ചശേഷം ടീം ജയം കണ്ടിട്ടില്ല. മുംബൈ, പുണെ, ഡല്‍ഹി, ജാംഷേദ്പുര്‍ ടീമുകളോട് സമനിലവഴങ്ങി. ബെംഗളൂരു എഫ്.സി.യോട് തോറ്റു. ഇതില്‍ മുംബൈ, ഡല്‍ഹി ടീമുകളോട് നേരിയ വ്യത്യാസത്തിനാണ് ജയം നഷ്ടപ്പെട്ടത്.

മുന്‍കാലങ്ങളില്‍ മധ്യനിരയാണ് ടീമിനെ കുഴക്കിയിരുന്നതെങ്കില്‍ ഇത്തവണ പ്രശ്‌നം മുന്നേറ്റനിരയിലാണ്. ഫൈനല്‍ തേര്‍ഡില്‍ സമ്മര്‍ദം ചെലുത്തി എതിര്‍ടീമിന്റെ പ്രതിരോധം തകര്‍ക്കാന്‍ കഴിഞ്ഞ മത്സരങ്ങളില്‍ ടീമിനായിട്ടില്ല. ടീമിന്റെ വിദേശ സ്ട്രൈക്കര്‍മാരായ സ്ലാവിസ സ്റ്റോനോയോവിച്ച്, മാത്തേജ് പോപ്ലറ്റ്നിക് എന്നിവരുടെ കളിരീതി ഒരേതരത്തിലുള്ളതാണ്. പന്തുമായി കളിച്ചുകയറി ഗോളടിക്കുന്ന ശൈലിയാണ് ഇരുവരുടേതും. ബോക്‌സിനുള്ളില്‍ നിരന്തരം സമ്മര്‍ദം സൃഷ്ടിക്കാന്‍ ഇവര്‍ക്കാകുന്നില്ല. ഇത്തവണ ബ്ലാസ്റ്റേഴ്സ് ടീം തിരഞ്ഞെടുപ്പില്‍വന്ന വലിയ പാളിച്ച മികച്ച ഇന്ത്യന്‍ സ്ട്രൈക്കറുടെ കാര്യത്തിലാണ്. സ്ലാവിസയ്ക്കും മാത്തേജിനും പകരക്കാരനില്ലാത്ത അവസ്ഥ ടീം നേരിടുന്നുണ്ട്. വിങ്ങറുടെ റോള്‍ മാറ്റി സി.കെ. വിനീതിനെ ഏക സ്ട്രൈക്കര്‍ റോളില്‍ കളിപ്പിക്കേണ്ടിവരുന്നത് ഇതു മൂലമാണ്.

അഞ്ച് കളിയില്‍ 4-1-4-1 ശൈലിയിലും മുംബൈയ്‌ക്കെതിരേ 4-2-3-1 ശൈലിയിലുമാണ് ടീം കളിച്ചത്. സഹല്‍ അബ്ദു സമദ് മികച്ച ഫോമിലേക്കായതോടെ അറ്റാക്കിങ് മിഡ്ഫീല്‍ഡിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. നിക്കോള ക്രമാറെവിച്ച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും നന്നായി കളിക്കുന്നുണ്ട്. വിങ്ങര്‍മാരുടെ റോളില്‍ ഹോളിച്ചരണ്‍ നര്‍സാറി, സെമിലെന്‍ ദുംഗല്‍, പ്രശാന്ത്, സി.കെ. വിനീത് എന്നിവരുള്ളതിനാല്‍ കാര്യമായ പ്രതിസന്ധിയില്ല.

ബ്ലാസ്റ്റേഴ്സിന്റെ ഗെയിംപ്ലാന്‍ വിങ്ങുകള്‍ കേന്ദ്രീകരിച്ചാണ്. ക്ലിനിക്കല്‍ ഫിനിഷറുടെയും സപ്പോര്‍ട്ടിങ് സ്ട്രൈക്കറുടെയും റോള്‍ നിര്‍ണായകമാകുന്നത് ഇവിടെയാണ്. സ്സാവിസയെ ഇറക്കിക്കളിപ്പിക്കുമ്പോള്‍ എതിര്‍ പ്രതിരോധത്തിന് ആക്രമണത്തെ തടുത്തുനിര്‍ത്താനുള്ള സാവകാശം ലഭിക്കുന്നു. എന്നിട്ടും ബ്ലാസ്റ്റേഴ്സ് സ്‌കോര്‍ ചെയ്യുന്നത് മധ്യനിരയിലെ സംഘാടനം കൊണ്ടാണ്.

പ്രതിരോധത്തില്‍ മലയാളി താരം അനസ് എടത്തൊടികയെ പരീക്ഷിക്കേണ്ട സമയമായി. സന്ദേശ് ജിംഗാന്‍, അനസ്, പെസിച്ച്, കാലി സംഘം അണിനിരന്നാല്‍ പ്രതിരോധം കുറച്ചുകൂടി ഉറപ്പേറിയതാകും. ജിംഗാനെയും കാലിയെയും വിങ്ങുകളിലൂടെ ആക്രമണത്തിന് നിയോഗിക്കാനുള്ള പദ്ധതികൂടി പരിശീലകന് തുറന്നുകിട്ടും.

Content Highlights: Kerala Blasters ISL 2018 Team Analysis Manjappada