കൊച്ചി: രണ്ടുതവണ തങ്ങളെ തോല്‍പ്പിച്ച് ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് പ്രതീക്ഷകള്‍ വാനോളമേറ്റിയ ഗംഭീര തുടക്കം. പിന്നീട് ജയമറിയാതെ തുടര്‍ച്ചയായി പത്തു മത്സരങ്ങള്‍. ഒടുവില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയോട് ഒന്നിനെതിരേ ആറു ഗോളുകളുടെ വമ്പന്‍ തോല്‍വി. പ്ലേ ഓഫ് ഇനി ഏതാണ്ടസാധ്യമായി. ഡേവിഡ് ജെയിംസിനെ സംബന്ധിച്ചിടത്തോളം രാജിവെക്കാന്‍ വേണ്ടതിലേറെ കാരണങ്ങളായിക്കഴിഞ്ഞിരുന്നു. ആ തീരുമാനം എപ്പോള്‍ വരുമെന്ന് മാത്രമേ സംശയമുണ്ടായിരുന്നുള്ളൂ. ഒടുവില്‍ ചൊവ്വാഴ്ച ഉച്ചയോടെ ബ്ലാസ്റ്റേഴ്‌സിന്റെ പത്രക്കുറിപ്പെത്തി -'പരസ്പരധാരണയോടെ ബ്ലാസ്റ്റേഴ്‌സും ഡേവിഡ് ജെയിംസും വഴിപിരിയുന്നു'.
മുംബൈക്കെതിരായ മത്സരത്തിലായിരുന്നു ഡേവിഡ് ജെയിംസിന്റെ അവസാനത്തെ പ്രതീക്ഷ. ഈ മത്സരത്തിലെങ്കിലും ജയിക്കാനായാല്‍, തിരിച്ചുവരവിന്റെ ഒരു സൂചനയെങ്കിലും നല്‍കാനായിരുന്നെങ്കില്‍ ജെയിംസ് ബ്ലാസ്റ്റേഴ്‌സില്‍ തുടര്‍ന്നേനെ എന്ന സൂചനയാണ് ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്നത്.
എന്നാല്‍, മുംബൈക്കെതിരായ മത്സരം ഡേവിഡ് ജെയിംസിനേറ്റ ഏറ്റവും വലിയ പ്രഹരമായി. ബ്ലാസ്റ്റേഴ്‌സിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായി എന്നത് മാത്രമല്ല, ഒരു താരം ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മത്സരമായും ഇതുമാറി. സെനഗലില്‍ നിന്നുള്ള മോഡു സൗഖു നാലു ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ അടിച്ചുകൂട്ടിയത്. അക്ഷരാര്‍ഥത്തില്‍, ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വികളുടെ പരമ്പരയ്ക്ക് മകുടം ചാര്‍ത്തുന്നതായി മുംബൈക്കെതിരായ മത്സരം.
മുംബൈയോടും തോറ്റതോടെ ഡേവിഡ് ജെയിംസ് ഹെഡ് കോച്ച് സ്ഥാനമൊഴിയാന്‍ തയ്യാറാവുകയായിരുന്നെന്നാണ് വിവരം. മാനേജ്‌മെന്റിലും ഇതിനായി സമ്മര്‍ദമുണ്ടായിരുന്നു. അങ്ങനെ, നാലാം സീസണിനിടെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് റെനെ മ്യൂല്യന്‍സ്റ്റീന് പകരം കൊണ്ടുവന്ന ഡേവിഡ് ജെയിംസിന് അഞ്ചാം സീസണ്‍ പിന്നിടും മുമ്പേ പടിയിറങ്ങേണ്ടിവന്നു. മൂന്ന് വര്‍ഷത്തെ കരാറായിരുന്നു ഈ വര്‍ഷം ജനുവരി മൂന്നിന് ചുമതലയേറ്റ ഡേവിഡ് ജെയിംസും ബ്ലാസ്റ്റേഴ്‌സുമായുണ്ടായിരുന്നത്. എന്നാല്‍, ഒരു വര്‍ഷം പോലും തികയ്ക്കാന്‍ ഈ മുന്‍ ഇംഗ്ലീഷ് താരത്തിനായില്ല.
ബ്ലാസ്റ്റേഴ്‌സിലിത് ജെയിംസിന് രണ്ടാമൂഴമായിരുന്നു. 2014-ലെ ആദ്യ സീസണില്‍ ക്ലബ്ബിന്റെ കോച്ചായിരുന്ന അദ്ദേഹം രണ്ടാം സീസണില്‍ മടങ്ങിയെത്തിയില്ല. നയിച്ച ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെ എത്തിച്ച ചരിത്രവും ജെയിംസിനുണ്ട്. എന്നാല്‍, ചരിത്രം അദ്ദേഹത്തെ തുണച്ചില്ല. ഒരു സീസണില്‍ ഏറ്റവും കുറവ് ജയങ്ങളെന്ന ഐ.എസ്.എല്‍ റെക്കോഡ് രണ്ടാം സീസണിലെ മൂന്ന് ജയത്തോടെ പങ്കിടുന്ന ബ്ലാസ്റ്റേഴ്‌സ്, നിലവില്‍ 12 മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ടീം ഈ സീസണില്‍ ഒറ്റയ്ക്ക് സ്വന്തമാക്കുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ആശങ്ക. ഇനിയും ആറു കളികള്‍ ബാക്കിയുണ്ടെന്നത് മാത്രമാണ് ആശ്വാസം.
ഏതുഘട്ടത്തിലും ടീമിനൊപ്പം നില്‍ക്കുന്ന ആരാധകപ്പടയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു പരിശീലകനും നേരിട്ടിട്ടില്ലാത്ത ശക്തമായ വിമര്‍ശനങ്ങളും ഡേവിഡ് ജെയിംസിന് നേരിടേണ്ടിവന്നു. മോശമല്ലാത്ത താരനിരയുണ്ടായിട്ടും കോച്ചിന്റെ ലക്ഷ്യബോധമില്ലാത്ത പരീക്ഷണങ്ങളാണ് ടീമിനെ തോല്‍വിയിലേക്ക് നയിക്കുന്നതെന്നായിരുന്നു ആരാധകരുടെ ആക്ഷേപം. സീസണ്‍ പകുതി പിന്നിട്ടിട്ടും ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താനാകാത്തതും വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ചയേകി. ഒടുവില്‍ കോച്ചിനെ മാറ്റിയില്ലെങ്കില്‍ മത്സരം ബഹിഷ്‌കരിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ആരാധകസംഘമായ മഞ്ഞപ്പട പരസ്യപ്രഖ്യാപനം നടത്തുന്നതുവരെയെത്തി കാര്യങ്ങള്‍.
ഡേവിഡ് ജെയിംസ് പടിയിറങ്ങുമ്പോള്‍ അടുത്ത കോച്ച് ആരാകുമെന്ന ചര്‍ച്ചകള്‍ക്കാണ് ചൂടുപിടിച്ചിരിക്കുന്നത്. ജെയിംസിനൊപ്പം ക്ലബ്ബിലെത്തിയ സബ് കോച്ച് ഹെര്‍മന്‍ മുതല്‍ ഐ.എം.വിജയന്‍ വരെ ആരാധകരുടെ ചര്‍ച്ചയില്‍ നിറയുന്നുണ്ട്.
ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷമാകും ഇനി മത്സരങ്ങള്‍ ആരംഭിക്കുക എന്നതിനാല്‍ കോച്ചിനെ തിരഞ്ഞെടുക്കാനും ചര്‍ച്ച നടത്താനുമൊക്കെ സമയമുണ്ട് എന്നതാണ് മാനേജ്‌മെന്റിന് ആശ്വാസം പകരുന്നത്. നിലവില്‍ ജെയിംസിന്റെ പകരക്കാരനെ തീരുമാനിച്ചിട്ടില്ലെന്നും സീസണിലെ രണ്ടാംഘട്ടത്തിനു മുമ്പായി പുതിയ പരിശീലകന്‍ ചുമതലയേല്‍ക്കുമെന്നുമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റില്‍ നിന്ന് ലഭിക്കുന്ന വിവരം. ഈ സീസണിലെ സ്വപ്നങ്ങള്‍ ഏറെക്കുറെ അസ്തമിച്ചെങ്കിലും പുതിയ കോച്ചെത്തുന്നത് അടുത്ത സീസണിലെങ്കിലും ടീമിന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
Content Highlights: Kerala Blasters coach David James quits after their 6-1 humiliation in Mumbai