ആദ്യ മൂന്ന് സീസണുകളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാതിരുന്ന എഫ്.സി. പുണെ സിറ്റിയുടെ നാലാം സീസണ്‍ പക്ഷേ ഗംഭീരമായിരുന്നു. ആദ്യമായി 10 ടീമുകള്‍ മത്സരിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ നാലാം സീസണില്‍ സെമിയിലെത്താന്‍ അവര്‍ക്കായി. പുണെയെ സെമിയിലേക്ക് നയിച്ച താരനിര ഇപ്പോഴും ടീമിനൊപ്പമുണ്ട്. പരിശീലകന്റെ റോളില്‍ റാങ്കോ പോപോവിച്ചിന് പകരക്കാരനായി മിഗ്വെയ്ല്‍ ഏയ്ഞ്ചല്‍ പോര്‍ച്ചുഗലുമെത്തി.

നാലാം സീസണില്‍ കാഴ്ചവെച്ച പ്രകടനം അഞ്ചാം സീസണിലും തുടരാനാകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും.

മുന്നേറ്റം

ആരെയും കൊതിപ്പിക്കുന്ന മുന്നേറ്റനിരയാണ് പുണെയുടേത്. ബ്രസീലുകാരന്‍ മാഴ്സലീന്യോയുടെയും യുറഗ്വായ് താരം എമിലിയാനോ അല്‍ഫാരോയുടെയും കൂട്ടുകെട്ട് ഇത്തവണയും ആരാധകര്‍ക്ക് കാണാനാവും. ഇതിന് പുറമേ കേരള ബ്ലാസ്റ്റേഴ്സ് മുന്‍താരം ഇയാന്‍ ഹ്യൂമും ബ്രസീലുകാരന്‍ ഡീഗോ കാര്‍ലോസും ടീമിലെത്തിയിട്ടുണ്ട്. പരിക്കിലുള്ള ഹ്യൂമിന് ഡിസംബറില്‍ മാത്രമേ കളത്തില്‍ തിരിച്ചെത്താനാവൂ എന്നത് തിരിച്ചടിയാണ്.

സാഫ് കപ്പില്‍ തിളങ്ങിയ മലയാളി താരം ആഷിഖ് കുരുണിയന്‍, ഇന്ത്യന്‍ താരം റോബിന്‍ സിങ് എന്നിവരും പുണെ നിരയ്‌ക്കൊപ്പമുണ്ട്. ഇരുവിങ്ങുകളിലുമാവും ഇരുവരുടെയും സ്ഥാനം.

മധ്യനിര

അഞ്ചാം സീസണില്‍ പുണെ മധ്യനിരയ്ക്ക് കരുത്തുപകരുക സ്വദേശി താരങ്ങളാവും. നിഖില്‍ പൂജാരി, ആല്‍വിന്‍ ജോര്‍ജ്, ആദില്‍ ഖാന്‍, രോഹിത് കുമാര്‍, ഗബ്രിയല്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ മധ്യനിരയിലെ ഇന്ത്യന്‍ കരുത്താണ്. സ്പാനിഷ് താരം ജോനാഥന്‍ വില, സെര്‍ബിയക്കാരന്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ച് എന്നിവരാണ് മധ്യനിരയിലെ വിദേശതാരങ്ങള്‍.

പ്രതിരോധം

ഇംഗ്ലീഷ് താരം മാറ്റ് മില്‍സ്, യുറഗ്വായ് താരം മാര്‍ട്ടിന്‍ ഡയസ് എന്നിവരാവും പ്രതിരോധം കാക്കുക. അഷുതോഷ് മെഹ്ത, ലാല്‍ചുവാന്‍മാവിയ, ഗുര്‍ടെജ് സിങ് എന്നിവരും പ്രതിരോധത്തിന് ശക്തി പകരും. ദേശീയ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്, കമല്‍ജീത് സീങ്, അനുജ് കുമാര്‍ എന്നിവരാണ് ടീമിലെ കാവല്‍ക്കാര്‍. വിശാല്‍ കെയ്താവും ടീമിലെ പ്രധാന ഗോള്‍കീപ്പര്‍.

Content Highlights: ian hume to be match fit in december pune city fc on a role