കൊച്ചി: കോറോയെക്കൊണ്ട് തോറ്റു... പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ബ്ലാസ്റ്റേഴ്സിന്റെ തോല്‍വിയെ ഈയൊരു വാചകത്തില്‍ കുറിച്ചിടാം. ആദ്യം അഹമ്മദ് ജാഹൂവിന്റെ ക്രോസില്‍ തലവച്ച് നേടിയ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോള്‍. പിന്നെ വേഗവും പന്തടക്കവും സമന്വയിച്ച സോളോ മുന്നേറ്റത്തിനൊടുവില്‍ നേടിയ അതി മനോഹരമായൊരു ഗോള്‍...കൊച്ചിയുടെ കളിമുറ്റത്ത് അപ്പോഴേക്കും ബ്ലാസ്റ്റേഴ്സ് പരാജിതരായി മുട്ടുകുത്തിയിരുന്നു. 

ഫെറാന്‍ കോറോമിനാസ് ടെലേഷ്യ എന്ന സ്പാനിഷുകാരന്റെ ഇന്ദ്രജാലം പോലെയുള്ള കളിയഴകില്‍ ഗോവയ്ക്ക് വീണ്ടുമൊരു മിന്നുന്ന ജയം. ഒപ്പം ബ്ലാസ്റ്റേഴ്സിന് ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വലിയൊരു പരാജയത്തിന്റെ വേദനയും.

കൊച്ചിയില്‍ ഞായറാഴ്ച നേടിയ രണ്ടു ഗോളുകളടക്കം ഐ.എസ്.എല്‍. അഞ്ചാം പൂരത്തില്‍ എട്ടു ഗോളുകളുമായി ടോപ് സ്‌കോറര്‍ പദവിയിലാണ് കോറോമിനാസ്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഗോവ 5-2ന് തകര്‍ത്തുവിട്ടപ്പോഴും ഹാട്രിക്കുമായി അതിന് കാര്‍മികത്വം വഹിച്ചത് കോറോമിനാസായിരുന്നു. 

ബ്ലാസ്റ്റേഴ്സിനെ മുന്നില്‍ കിട്ടിയാല്‍ കശാപ്പ് ചെയ്യുന്ന ശീലം കോറോമിനാസ് ഇവിടെയും തെറ്റിച്ചില്ല. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിനിടെ ഗോവ വഴങ്ങുന്ന ഗോളുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ കോച്ച് സെര്‍ജിയോ ലൊബേറ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു... ''ഞങ്ങള്‍ ഒരുപാട് ഗോള്‍ വഴങ്ങുന്നവരാണെന്ന ആരോപണം അംഗീകരിക്കുന്നു. പക്ഷേ, എത്ര ഗോള്‍ വഴങ്ങിയാലും ജയിക്കാന്‍ അതിനെക്കാള്‍ ഒരു ഗോള്‍ കൂടുതല്‍ അടിച്ചാല്‍ പോരേ...'' ഇതു പറയുമ്പോള്‍ ലൊബേറയുടെ മനസ്സിലുണ്ടായിരുന്നത് കോറോയാണെന്നതില്‍ ഒരു സംശയവുമുണ്ടായിരുന്നില്ല.

കഴിഞ്ഞ സീസണില്‍ ഗോവയിലെത്തിയ കോറോ ടീമിനായി ഇതുവരെ 26 മത്സരങ്ങളില്‍നിന്ന് 26 ഗോളുകള്‍ നേടിയിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബ് എസ്പാന്യോളിന്റെ യൂത്ത് അക്കാദമിയുടെ സന്താനമായ കോറോ അവരുടെ ബി ടീമിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബോളിലേക്കെത്തുന്നത്. 2003-ല്‍ എസ്പാന്യോളിന്റെ സീനിയര്‍ ടീമിലെത്തിയ കോറോ എട്ടു വര്‍ഷം അവര്‍ക്കായി കളിച്ചു. പിന്നീട് ലോണിന് ഒസാസുനയിലേക്ക് പോയ കോറെ പിന്നീട് ജിറോണയ്ക്കും മല്ലോര്‍ക്കയ്ക്കും കളിച്ചു. ഡോക്സ ക്ലബ്ബിന് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷമാണ് കോറോമിനാസിനെ ഗോവ കൊത്തിയെടുക്കുന്നത്.

Content Highlights: Ferran Corominas FC Goa vs Kerala Blasters Manjappada ISL 2018