കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നതിനുമുമ്പ് കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് ഡേവിഡ് ജെയിംസിനെ കണ്ടത്. മീശ പിരിച്ചുവെച്ചിരുന്നു. താടിയുടെ അറ്റത്ത് കുറച്ച് രോമങ്ങള്‍ നീട്ടിവളര്‍ത്തിയിട്ടുണ്ട്. ആത്മവിശ്വാസം സ്ഫുരിക്കുന്ന സംസാരം. എന്തിലും തമാശകണ്ടെത്തുന്ന പ്രകൃതം. ചോദ്യങ്ങളോടെല്ലാം അല്‍പ്പം കുസൃതിയോടെയുള്ള മറുപടി. ചിലപ്പോഴെങ്കിലും കുറച്ച് 'തള്ള് അല്ലേ' എന്നു തോന്നും.

ജെയിംസ് തള്ളിയതല്ലെന്ന് മനസ്സിലായത് എ.ടി.കെ.യ്‌ക്കെതിരായ ആദ്യമത്സരം കഴിഞ്ഞപ്പോഴാണ്. 2-0 വിജയം. പുതിയ വിദേശതാരങ്ങളായ പോപ്ലാറ്റ്നിക്കും സ്റ്റൊയനോവിച്ചും ഗോളടിച്ചു. പക്ഷേ, ആ താളം നിലനിര്‍ത്താന്‍ ജെയിംസിനോ ടീമിനോ പിന്നീട് കഴിഞ്ഞേയില്ല. 

ഓരോ കളിയിലും അദ്ദേഹം ടീമിനെ മാറ്റിക്കൊണ്ടിരുന്നു. പോപ്ലാറ്റ്നിക്കും സ്റ്റൊയനോവിച്ചും ഒരുമിച്ച് ആദ്യ ഇലവനിലുണ്ടാകുന്നത് അപൂര്‍വമായി. കോമ്പിനേഷനുകള്‍ മാറി. ജെയിംസിന്റെ ലോങ് ബോള്‍ ഗെയിം പാളി. മൈതാനമധ്യത്ത് ശൂന്യതമാത്രമായി. എതിരാളികള്‍ കേറിമേഞ്ഞു. അവസാന രണ്ടു മത്സരങ്ങളില്‍ സന്ദേശ് ജിംഗാനെയും സിറില്‍ കാലിയെയും വിങ്ങര്‍മാരാക്കി മാറ്റം പരീക്ഷിച്ചു. ഒന്നും ഗുണപ്പെട്ടില്ല. 

കഴിഞ്ഞവര്‍ഷം ടീമിലുണ്ടായിരുന്ന സൂപ്പര്‍ താരം ബെര്‍ബറ്റോവ് മടങ്ങും വഴി ജെയിംസിന്റെ തന്ത്രങ്ങളെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരുന്നു. ജനുവരി വിന്‍ഡോയില്‍ കൂടുതല്‍ കളിക്കാരെയെത്തിക്കാന്‍ ടീം ശ്രമിക്കുമ്പോഴാണ് കോച്ചിന്റെ പുറത്താകല്‍. തുടരെ സമനിലകളും തോല്‍വിയും വന്നതോടെ കളിക്കാരുടെ ആത്മവിശ്വാസം ചോര്‍ന്നുവെന്ന് വ്യക്തമായിരുന്നു. മുംബൈയ്‌ക്കെതിരായ ഞെട്ടിക്കുന്ന തോല്‍വി (6-1) ഈ മനോനിലയുടെകൂടി അടയാളമായിരുന്നു. എന്നും ഒപ്പംനിന്ന ആരാധകര്‍ കൊച്ചിയിലെ അവസാന രണ്ടു കളികള്‍ ബഹിഷ്‌കരിക്കുകകൂടി ചെയ്തതോടെ മാനേജ്മെന്റും ജെയിംസിനെ കൈവിട്ടു.

പുറത്താവുന്ന മൂന്നാമന്‍

ആദ്യ സീസണില്‍ ഡേവിഡ് ജെയിംസായിരുന്നു കോച്ചും മാര്‍ക്വീ താരവും. ടീം ഫൈനലിലെത്തി തോറ്റു. രണ്ടാം സീസണില്‍ ജെയിംസ് വന്നില്ല. പകരം ഇംഗ്ലീഷുകാരന്‍ തന്നെയായ പീറ്റര്‍ ടെയ്ലര്‍ കോച്ചായി. ജയത്തോടെയായിരുന്നു തുടക്കം. അടുത്ത മത്സരം ഡ്രോ. തുടര്‍ന്ന് നാലു തോല്‍വികള്‍. ടെയ്ലറുടെ പണി തെറിച്ചു. അസി. കോച്ച് ട്രെവര്‍ മോര്‍ഗന്‍ ഒരു കളിയുടെ ചുമതലവഹിച്ചു. അപ്പോഴേക്കും ബാക്കി സീസണിലേക്കായി ടെറി ഫെലാന്‍ എത്തി. ഏറ്റവും ഒടുവിലാണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. 

2016-ല്‍ സ്റ്റീവ് കൊപ്പല്‍ എത്തി. തുടക്കം മോശമായെങ്കിലും സീസണിന്റെ രണ്ടാം പകുതിയിലെ മികച്ച പ്രകടനങ്ങളിലൂടെ ഫൈനലിലെത്തി. തൊട്ടടുത്ത സീസണില്‍ കൊപ്പല്‍ മാറി പകരം റെനെ മ്യൂലന്‍സ്റ്റീന്‍ വന്നു. ഏഴു മത്സരങ്ങളില്‍ ഒരു ജയവും നാല് സമനിലയും രണ്ട് തോല്‍വിയുമായപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചു. ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റപ്പെടുത്തിയാണ് റെനെ മടങ്ങിയത്. സീസണ്‍ പൂര്‍ത്തീകരിക്കാനാണ് ജെയിംസ് എത്തിയത്. ടീം ആറാമത് ഫിനിഷ് ചെയ്തതോടെ അദ്ദേഹത്തെ ഈ സീസണിലേക്കും നിലനിര്‍ത്തുകയായിരുന്നു. 2021 വരെ കരാര്‍ നല്‍കുകയും ചെയ്തു. ജെയിംസിന്റെ ആദ്യസീസണ്‍ കഴിഞ്ഞാല്‍ സ്റ്റീവ് കൊപ്പല്‍ മാത്രമേ തന്റെ ടേം ബ്ലാസ്റ്റേഴ്സില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ഓരോ സീസണിലും പുതിയ കോച്ചുമാര്‍ വന്നുകൊണ്ടിരുന്നു. ഇതുവരെ പൂര്‍ത്തിയായ നാല് സീസണില്‍ രണ്ടിലും ഫൈനലിലെത്തിയ ടീമിനാണ് ഈ ദുര്യോഗം.

Content Highlights: david james dismissed as boss kerala blasters