കൊച്ചി: മഞ്ഞക്കുപ്പായത്തില്‍ വിനീതിന്റെ എന്‍ട്രി എന്നും മാസ്സ് സീന്‍ തന്നെയായിരുന്നു. ഐ.എസ്.എല്ലിന്റെ മൂന്നാം സീസണില്‍ തുടക്കത്തിലെ തുടര്‍പരാജയങ്ങളില്‍ പതറിനിന്ന ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി അവതരിച്ച വിനീതിനെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഒരിക്കലും മറക്കില്ല. വിനീതിന്റെ കൈപിടിച്ചാണ് ബ്ലാസ്റ്റേഴ്സ് ആ സീസണില്‍ ഫൈനല്‍ വരെയെത്തിയത്. അഞ്ചാം സീസണിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ സ്ഥാനംകിട്ടാതിരുന്ന വിനീത് ശനിയാഴ്ച മാസ്സായിത്തന്നെ ഗോളടി തുടങ്ങി. അവസാനം സെല്‍ഫ് ഗോളില്‍ ബ്ലാസ്റ്റേഴ്സ് സമനിലയുടെ നിരാശയിലേക്ക് വീണെങ്കിലും വിനീതിന്റെ ഗോളിന്റെ ലഹരി കുറയുന്നില്ല.

കഴിഞ്ഞ മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ സ്ഥാനം കിട്ടാതിരുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ ടീമിന് ആവശ്യമായ നേരത്ത് ഇറങ്ങാന്‍ കഴിയുമെന്ന് വിനീതിന് ഉറപ്പായിരുന്നു. മൂന്നാം സീസണിലും ആദ്യ മത്സരങ്ങളില്‍ വിനീത് ടീമിനൊപ്പമുണ്ടായിരുന്നില്ല. ബെംഗളൂരു എഫ്.സിക്കായി ഐ ലീഗില്‍ കളിച്ചുകൊണ്ടിരുന്ന വിനീത് ആ മത്സരങ്ങള്‍ക്കുശേഷമാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. വിനീത് എത്തിയതോടെ കളിമാറി. മിന്നുന്ന ഗോളുകളുമായി കളംനിറഞ്ഞ വിനീത് ടീമിനെ വിജയ വഴിയിലെത്തിച്ചു.

ശനിയാഴ്ച വിനീതിനെ ആദ്യ ഇലവനില്‍ ഇറക്കിയ കോച്ച് ജെയിംസിന്റെ കണക്കുകൂട്ടലുകള്‍ നൂറുശതമാനം ശരിവെക്കുന്നതായിരുന്നു ആ ഗോള്‍. വീണുകിട്ടുന്ന അവസരങ്ങള്‍ വിനിയോഗിക്കുന്നതില്‍ വിനീതിന്റെ അസാമാന്യ മികവ് വ്യക്തമാക്കുന്ന ഗോള്‍. കോര്‍ണറില്‍ നിന്നുള്ള പന്ത് സ്‌പേസ് നോക്കി പോപ്ലാറ്റ്നിക് മുന്നോട്ടേക്ക് ചിപ്പ് ചെയ്യുമ്പോള്‍ ഡല്‍ഹി ക്യാപ്റ്റന്‍ പ്രീതം കോട്ടാലിന്റെയും പ്രതിരോധതാരം റാണാ ഘരാമിയുടെയും നടുവിലായിരുന്നു വിനീത്. ഒന്നു വെട്ടിത്തിരിഞ്ഞ് പന്ത് കാലില്‍ കൊരുത്തെടുത്ത് വിനീത് തൊടുത്ത ഷോട്ടിന് ഗോള്‍ എന്നല്ലാതെ മറ്റൊരു പൂര്‍ണതയുണ്ടായിരുന്നില്ല. അസാമാന്യമായ മികവിലുള്ള ആ ഗോള്‍ പ്ലേയര്‍ റേറ്റിങ്ങില്‍ 7.54 പോയന്റുമായി വിനീതിനെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരമാക്കി.

Content Highlights: CK Vineeth Goal vs Delhi Dynamos ISL 2018