തോറ്റുപോയവനൊരു വാശിയുണ്ടാകും... മുനയൊടിഞ്ഞ ആയുധങ്ങളുടെ ഓര്‍മകള്‍ നല്‍കുന്ന വാശി...പാളിപ്പോയ തന്ത്രങ്ങളുടെ വേട്ടയാടലുകള്‍ നല്‍കുന്ന വാശി. ചുറ്റുമുള്ള കുത്തുവാക്കുകളില്‍ പതറാതെ വീഴ്ചകളില്‍നിന്ന് തിരിച്ചുവന്നവര്‍ക്കെല്ലാം ഈ വാശിയായിരുന്നു. തുടര്‍തോല്‍വികളില്‍ മനംനൊന്ത് ഇവര്‍ ഓടിയൊളിച്ചില്ല, പകരം ആത്മാര്‍ഥ പരിശ്രമംകൊണ്ട് വിജയഭേരി മുഴക്കി. അങ്ങനെയൊരു തിരിച്ചുവരവ് സ്വപ്നംകാണുകയാണ് സൂപ്പര്‍ലീഗിലെ 'ഓറഞ്ച് ആര്‍മി'. പുണെ സിറ്റിക്ക് സൂപ്പര്‍ലീഗ് ചരിത്രത്തിലും ക്ലബ്ബുകളുടെ പ്രതീതിയുദ്ധങ്ങളിലും തലയുയര്‍ത്തിനില്‍ക്കണമെങ്കില്‍ ഇക്കുറി ജയം അനിവാര്യം.

2014-ലെ ആദ്യ സീസണില്‍ ആറാംസ്ഥാനം, 2015-ല്‍ ഏഴാംസ്ഥാനം 2016-ല്‍ വലിയ മാറ്റങ്ങളുമായി വന്നിട്ടും ആറാമത് ഫിനിഷ്ചെയ്ത പുണെ, ആരാധകക്കൂട്ടായ്മയായ ഓറഞ്ച് ആര്‍മിയില്‍ ഉണ്ടാക്കിയ വിങ്ങല്‍ ചെറുതല്ല. എവിടെയാണ് പുണെയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയത്? കൊല്‍ക്കത്തയെ ആദ്യസീസണ്‍ ചാമ്പ്യന്മാരാക്കിയ അന്റോണിയോ ലോപ്പസ് ഹെബാസിനെപ്പോലൊരു പരിശീലകന്‍, എഡല്‍ ബേറ്റിനെപ്പോലെ കഴിവുറ്റ താരങ്ങള്‍. എന്നിട്ടും പുണെ വീണു. അനുകൂലഘടകങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കാനാവാതെപോയതിനാല്‍ തലപ്പത്തും ഉള്ളിലും അനവധി മാറ്റങ്ങളുമായി പുണെ പുതിയ സീസണിന് ഒരുങ്ങുന്നു.

കോച്ച് അന്റോണിയോ ഹെബാസിന്റെ പുറത്താകലാണ് പുണെയുടെ തലപ്പത്തുണ്ടായ ശ്രദ്ധേയ മാറ്റം. ഈ പുറത്താകല്‍ മുന്‍ സെര്‍ബിയന്‍ ദേശീയതാരം റാങ്കോ പെപോവിച്ചിന് പുണെ സിറ്റി പരിശീലകസ്ഥാനത്തേക്ക് വഴിയൊരുക്കി. സ്‌പെയിന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ് തുടങ്ങി നിരവധി ലീഗുകളില്‍ സാന്നിധ്യമറിയിച്ച പെപോവിച്ചിന് വലിയ പരിചയസമ്പത്തുണ്ട്. അതുതന്നെയായിരിക്കും പുണെയുടെ യാത്രയ്ക്ക് ചുക്കാന്‍പിടിക്കുന്നതും. തായ്‌ലന്‍ഡ് ലീഗില്‍ ബുറീറാം യുണൈറ്റഡിനെ ലീഗ് ജേതാക്കളാക്കിയാണ് പോപോവിച് പുണെയില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷകളും ഏറെ. 

പോപോവിച്ചിനൊപ്പം എഫ്.സി.യില്‍ വെസ്റ്റ് വുഡിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന പ്രഥ്വും റെഡിയെപ്പോലുള്ളവര്‍ അസിസ്റ്റന്റായി വന്നു. കഴിഞ്ഞ സീസണുകളില്‍ വലിയ പഴികള്‍ കേള്‍ക്കേണ്ടിവന്നത് അവരുടെ മുന്നേറ്റനിരയാണെങ്കില്‍ ഈ സീസണില്‍ അവരുടെ ശക്തിയാവുന്നതും മുന്നേറ്റനിരതന്നെയാകും.

ശത്രുപാളയത്തിലെ കാവല്‍ക്കാരെ ഒന്നൊന്നായി പിന്തള്ളി അവസാന സ്പര്‍ശത്തിലൂടെ ഗോള്‍ നേടിയും പലപ്പോഴും തന്റെ വിയര്‍പ്പുതുള്ളിയിലൂടെ തുറന്ന വഴികള്‍ സഹകളിക്കാര്‍ക്ക് നല്‍കിയും അദ്ഭുതംസൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള കളിക്കാര്‍ ഇക്കുറി ഓറഞ്ചുപടയ്ക്കൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറര്‍ സൂപ്പര്‍താരം മഴ്‌സലീന്യോതന്നെയാണ് അവരില്‍ പ്രധാനി. ബ്രസീലിയന്‍ സൂപ്പര്‍താരത്തിനു പിന്നാലെ വമ്പന്‍ ടീമുകള്‍ ഉണ്ടായിരുന്നെങ്കിലും ഏതാണ്ട് രണ്ടരകോടി രൂപയ്ക്ക് ഡല്‍ഹി ഡൈനാമോസില്‍നിന്ന് പുണെയില്‍ എത്തിയ മാഴ്‌സലീന്യോ കഴിഞ്ഞസീസണില്‍ ഡല്‍ഹിക്കായി 10 ഗോളുകളും അഞ്ച് അസിസ്റ്റും നേടി ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി. അതേ ഫോം തുടര്‍ന്നാല്‍ പുണെയെ തടഞ്ഞുനിര്‍ത്താന്‍ എതിരാളികള്‍ പാടുപെടും.

മഴ്‌സലീന്യോയോടൊപ്പം മുന്നേറ്റനിരയ്ക്ക് കരുത്താകാന്‍ ഉറുഗ്വായ്താരം എമിലിയാനോ അല്‍ഫറോകൂടി ചേരുന്നു... കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനുവേണ്ടി ശ്രദ്ധേയപ്രകടനം നടത്തിയ എമിലിയാനോ മഴ്‌സലീനോയോടൊപ്പം ചേരുമ്പോള്‍ പുണെ മുന്നേറ്റനിരയുടെ ശക്തി ഇരട്ടിക്കും.

ഒപ്പം ഡീഗോ കാര്‍ലോസ് എന്ന ബ്രസീലിയന്‍ താരവുമുണ്ട്. ബ്രസീല്‍, റഷ്യന്‍ ലീഗുകളില്‍ കളിച്ചുപരിചയിച്ച കാര്‍ലോസിനെ സ്‌ട്രൈക്കറായും അറ്റാക്കിങ് മിഡ്ഫീല്‍ഡറായും ഉപയോഗിക്കാം. മുന്നേറ്റത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തിനൊപ്പം അജയ് സിങ്ങിനെപ്പോലുള്ള ഇന്ത്യന്‍ പേരുകള്‍കൂടി ചേരുന്നു.

കളിയഴകിന്റെ ആയാസതയും തികഞ്ഞ പന്തടക്കവുമുള്ള മധ്യനിരയെ ഒരുക്കാന്‍ പുണെ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പുണെയ്ക്കുവേണ്ടി ബൂട്ടണിഞ്ഞ യുവ ഇറ്റാലിയന്‍ മധ്യനിര താരം ജോനാഥന്‍ ലുക്കായെ നിലനിര്‍ത്തിയ പുണെ മുന്‍ മാഡ്രിഡ് യൂത്ത് അക്കാദമി ഉത്പന്നവും പരിച്ചയസമ്പന്നനുമായ മാര്‍ക്കോസ് ടെബാറിനെ ഡല്‍ഹി ഡൈനാമോസില്‍നിന്ന് റാഞ്ചി. കഴിഞ്ഞ സീസണുകളില്‍ ഡല്‍ഹിക്കുവേണ്ടി ശ്രദ്ധേയ പ്രകടനം നടത്തിയ ടെബാര്‍തന്നെയായിരിക്കും മധ്യനിരയ്ക്ക് വളയംപിടിക്കുക. 

ഇവരെ കൂടാതെ മധ്യനിരയ്ക്ക് മൂര്‍ച്ചകൂട്ടാനായി മറ്റൊരു ലാറ്റിനമേരിക്കന്‍താരത്തെക്കൂടി പുണെ ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നു. റോബെര്‍ട്ടീഞ്ഞോ പുഗ്ലിയാറാ. ഇന്‍ഡൊനീഷ്യന്‍ ലീഗിലെ സൂപ്പര്‍താരമായിരുന്ന റോബോര്‍ട്ടീഞ്ഞോയുടെ വരവ് പുണെയുടെ കരുത്ത് കൂട്ടും. പുതിയ ടീമില്‍ യുവാക്കള്‍ക്ക് പുണെ നല്ല പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ജൂലായ് ഡ്രാഫ്റ്റില്‍ പുണെ നേടിയ കളിക്കാരെല്ലാം യുവാക്കളാണ്. മിസോറമില്‍നിന്നുള്ള ഐസക്ക് വന്മലസമ എന്ന 21-കാരനാണ് ഇതില്‍ പ്രമുഖന്‍. ഷില്ലോങ്ങിനായി ഐസക് മികച്ച പ്രകടനം നടത്തിയിരുന്നു. ഇതേ ഡ്രാഫ്റ്റില്‍ സ്വന്തമാക്കിയ കീന്‍ ലൂയിസ്, ബല്‍ജീത് സാഹിനി എന്നിവരാണ് മധ്യനിരയിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.

വിയ്യാറയല്‍ യൂത്ത് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളിതാരം ആഷിക്കിന്റെ സേവനം ഇത്തവണയും പുണെയ്ക്ക് നഷ്ടമാകും. പ്രതിരോധത്തിലും പുണെ കരുത്താര്‍ജിച്ചിരിക്കുന്നു. 

ഏതു വമ്പന്മാരെയും വിറപ്പിച്ചുനിര്‍ത്താന്‍ കഴിവുള്ള പിന്നാക്കനിരയാണ് പുണെയുടെത്. ശ്രദ്ധേയമായ പല സൈനിങ്ങുകളും പ്രതിരോധത്തിലുണ്ടായി. മുന്‍ ഗെറ്റാഫെതാരം റാഫേല്‍ ലോപ്പസ് ഗോമസിന്റെ വരവാണ് അതില്‍ പ്രധാനം.

റൊണാള്‍ഡോയുടെയും മെസിയുടെയും നേരെ നിന്നു കളിച്ചുതെളിഞ്ഞ റാഫയുടെ സേവനം പുണെയ്ക്ക് ഗുണംചെയ്യും. ക്രൊയേഷ്യന്‍താരം ഡാമിര്‍ ഗ്രിജിക്കും പ്രതിരോധക്കോട്ടയൊരുക്കാന്‍ റാഫക്ക് ഒപ്പമുണ്ടാകും. ഈ രണ്ടു വിദേശതാരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ഇവരെ മറികടന്ന് ഗോള്‍ നേടുക ബുദ്ധിമുട്ടാകും. ഇവര്‍ക്കൊപ്പം നിംഡോര്‍ജെ, ലാല്‍ച്വാന്മാവിയ, വെയ്ന്‍ വാസ്, ആദില്‍ തുടങ്ങി അനവധി ഇന്ത്യന്‍ യുവപ്രതിഭകളും പ്രതിരോധപ്പോരാളികളായി ഉണ്ട്. റാഫായെപ്പോലുള്ള പരിചയസമ്പന്നന്റെയൊപ്പം കളിക്കുന്നത് ഈ യുവതാരങ്ങള്‍ക്കും ഗുണംചെയ്യും. ഷില്ലോങ്ങിനായി മികച്ച പ്രകടനങ്ങള്‍ നടത്തി പ്രീതിപറ്റിയ വിശാല്‍ കൈത് ആണ് പുണെയുടെ വല കാക്കുന്നത്. പ്രതിരോധത്തിലെ ഈ പ്രതിബന്ധങ്ങളെ തകര്‍ത്ത് പുണെ ഗോള്‍വല ചലിപ്പിക്കാന്‍ എതിരാളികള്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും...

ഹെബാസിന്റെ പുറത്താകല്‍ പെട്ടെന്നായതിനാല്‍ പോപോവിച്ചിന് ടീമുമായി ഇണങ്ങാന്‍ അധികം സമയം കിട്ടിയില്ല. കടലാസിലെ ബലം കളിയില്‍ കാണിക്കാനായില്ലെങ്കില്‍ പുണെ വീണ്ടും സമ്മര്‍ദത്തിലാവും. അവരുടെ തോല്‍വികളിലും കൂടെ നിന്ന് ജയ് വിളിച്ച അനേകായിരംവരുന്ന ആരാധകര്‍ക്കു മുന്നില്‍ ഒരു പരായജയംകൂടി സമര്‍പ്പിക്കാന്‍ പുണെ സിറ്റി എഫ്.സി.ക്ക് ആവില്ല.

ദ്രുതചലനങ്ങള്‍കൊണ്ട് നിറഞ്ഞ കളിയഴകും സമര്‍ഥമായ പന്തടക്കവും കൊണ്ട് മനംനിറച്ചും പ്രതിരോധത്തിന്റെ കരുത്തുകൊണ്ട് ഉരുക്കുകോട്ടകള്‍ കെട്ടിയിട്ടും പ്രീതിപറ്റാന്‍ പ്രാപ്തരായ സൂപ്പര്‍താരങ്ങള്‍ .അവര്‍ക്കു പിറകില്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും മെനഞ്ഞ് പരിശീലകന്‍ .അവര്‍ക്ക് കരുത്തേകി എല്ലാം മറന്ന് ആര്‍പ്പുവിളിക്കുന്ന ഓറഞ്ചുടുപ്പണിഞ്ഞ അനേകായിരങ്ങള്‍... അതെ, പുണെ സര്‍വസന്നാഹങ്ങളുമായി ഒരുങ്ങിയിരിക്കുന്നു.

പുണെ ടീം

ഗോള്‍കീപ്പര്‍: വിശാല്‍ കെയ്ത്, കമല്‍ജീത് സിങ്, അനുജ് കുമാര്‍.
പ്രതിരോധം: റാഫെ ലോപസ്, ഡമിര്‍ ഗ്രിഗ്, നിം ഡോര്‍ജി ടമാങ്, ആദില്‍ ഖാന്‍, പവന്‍കുമാര്‍, ലാല്‍ചുവാന്‍മാവിയ, വെയ്ന്‍ വാസ്, ഗുര്‍ട്ടെജ് സിങ്.
മധ്യനിര: ജുവല്‍ രാജ, മാര്‍ക്കോസ് ടെബാര്‍, റോബര്‍ട്ടീന്യെ പുഗ്ലയാര, ജോനാഥന്‍ ലുക്ക, ബല്‍ജിത് സാഹ്നി, ഐസക് വാന്‍മല്‍സാമ, ആഷിഖ് കുരുണിയന്‍, രോഹിത്കുമാര്‍, ഹര്‍പ്രീത് സിങ്, കീന്‍ ലൂയിസ് 
മുന്നേറ്റം: ഡീഗോ കാര്‍ലോസ്, എമിലിയാനോ അല്‍ഫാരോ, മാഴ്‌സലീന്യോ, അജയ് സിങ്.