ദ്യ രണ്ടുസീസണുകളിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണില്‍ മുംബൈ തിരിച്ചുവന്നിരുന്നു. ലീഗ് ഘട്ടത്തില്‍ ഒന്നാമതായി മുന്നേറിയ അവര്‍ പ്ലേ ഓഫില്‍ വരുത്തിയ പിഴവുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇത്തവണ അതിനെല്ലാം പരിഹാരം കാണാനുറച്ചാണ് മുംബൈ ടീമിനെ ഒരുക്കുന്നത്. വമ്പന്‍ പേരുകള്‍ക്ക് പിന്നാലെ പോവാതെ ടീമിന് ഗുണം ചെയ്യുന്ന കളിക്കാരെ തിരഞ്ഞുപിടിച്ച് റിക്രൂട്ട്  ചെയ്തും പണമിറക്കേണ്ടിടത്ത് നന്നായി ചെലവഴിച്ചുകൊണ്ട് മാനേജ്‌മെന്റും അവസരത്തിനൊത്തുയര്‍ന്നു.

ഏഷ്യയിലെത്തന്നെ മികച്ച പ്രൊഫഷണല്‍ ക്ലബ്ബാവുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ സിറ്റി എഫ്.സി. രൂപവത്കരിച്ചത് എന്നാണ് ഉടമകളായ രണ്‍ബീര്‍ കപുറും കൂട്ടരും അവകാശപ്പെട്ടത്. 

എന്നാല്‍ ശുഭപര്യവസാനിയായ സിനിമാക്കഥപോലെയല്ല കാര്യങ്ങള്‍ നീങ്ങിയത്. സംഗതി ലാഘവത്തോടെയാണ് അവരെടുത്തത്. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ലീഗിന് വേണ്ടി കുറെ കാശിറക്കി കളിക്കാരെ ലേലം വിളിച്ചെടുത്തു. പക്ഷേ, കോച്ചിനെ തിരഞ്ഞെടുക്കുന്നതില്‍ അനാസ്ഥ കാട്ടി. കോച്ച് പീറ്റര്‍ റീഡ് ടീമിനൊപ്പം ചേര്‍ന്നത് ടൂര്‍ണമെന്റ് തുടങ്ങുന്നതിന് പതിനഞ്ചു ദിവസംമുന്‍പ് മാത്രം. മാര്‍ക്വീ പ്ലെയറായി വന്ന ഫ്രെഡ്ഡി ല്യൂജിന്‍ബെര്‍ഗിന് പരിക്കേറ്റത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഒത്തിണക്കം കണ്ടെത്താനാകാതെ വിഷമിച്ച ടീം ഏറ്റവും കുറച്ചുഗോളുകളടിച്ച് അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തു.

രണ്ടാം സീസണിലും തിരക്കഥയ്ക്ക് മാറ്റമുണ്ടായില്ല. നിക്കോളാസ് അനെല്‍ക്ക കോച്ച് പ്ലെയറായി ടീമിലെത്തിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. പ്ലേ ഓഫിലെത്താന്‍ മുംബൈക്കായില്ല.

മൂന്നാം സീസണ് മുന്നോടിയായി കോസ്റ്റാറിക്കക്കാരന്‍ അലക്സാണ്‍ഡ്ര ഗുയ്‌മെറസ് അമരക്കാരനായി എത്തി. അടിമുടി മാറിയ ടീമുമായാണ് കഴിഞ്ഞ സീസണില്‍ ടീം ഇറങ്ങിയത്. റെക്കോഡ് തുകയ്ക്ക് ഡീഗോ ഫോര്‍ലാനും ഇന്ത്യന്‍ കളിക്കാരിലെ ഏറ്റവും കൂടിയ തുകയ്ക്ക് സുനില്‍ ഛേത്രിയും ടീമിലെത്തി. സോണി നോര്‍ദെ ഉള്‍പ്പെടെ മികച്ച വിദേശതാരങ്ങളെയും ഇന്ത്യയിലെ മികച്ച താരങ്ങളെയും ഉള്‍പ്പെടുത്തി മികച്ച ടീമിനെത്തന്നെ അവര്‍ കളത്തിലിറക്കി. ഇത്തവണ മാറ്റങ്ങള്‍ക്ക് ഫലമുണ്ടായി. ഗ്രൂപ്പ് സ്റ്റേജില്‍ ഒന്നാമതായി മുംബൈ പ്ലേ ഓഫിന് യോഗ്യത നേടി. 16 ഗോളുകള്‍ മാത്രമേ നേടിയുള്ളൂവെങ്കിലും ഗ്രൂപ്പ് സ്റ്റേജില്‍ ഏറ്റവും കുറച്ചു (8) ഗോളുകള്‍ മാത്രമേ അവര്‍ വഴങ്ങിയുള്ളൂ.

സുനില്‍ ഛേത്രി രാജ്യാന്തര മത്സരങ്ങള്‍ക്കായി തിരിച്ചെങ്കിലും ഫോര്‍ലാന്‍ അവസരത്തിനൊത്തുയര്‍ന്നു. പ്ലേ ഓഫില്‍ ആദ്യപാദത്തില്‍ കൊല്‍ക്കത്തയോട് അവര്‍ക്ക് പിഴച്ചു. ഫോര്‍ലാന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായപ്പോള്‍ ആദ്യപാദത്തിലെ കടം വീട്ടാന്‍ മുംബൈക്ക് പിന്നീട് ആയുധങ്ങളുണ്ടായില്ല. രണ്ടാംപാദ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെ കിരീടമെന്ന സ്വപ്നം പൊലിഞ്ഞു. ഗ്രൗണ്ടില്‍ അച്ചടക്കം നഷ്ടപ്പെടുത്തി വാങ്ങിയ കാര്‍ഡുകളാണ് മുംബൈയെ ചതിച്ചത്. മത്സരശേഷം കൊല്‍ക്കത്തകളിക്കാരുമായി ഏറ്റുമുട്ടി നാണക്കേടിന്റെ പുതിയൊരധ്യായം കൂടി അവര്‍ സൃഷ്ടിച്ചു.

കെട്ടുറപ്പാര്‍ന്ന പ്രതിരോധമായിരുന്നു മുംബൈയുടെ ശക്തി. നേതൃമികവും പരിചയസമ്പത്തും പുറത്തെടുത്ത ലൂസിയന്‍ ഗോയിയന്റെ പ്രകടനം വേറിട്ടുനിന്നു. ടാക്ലിങ്ങിലും ഇന്റര്‍സെപ്ഷനിലും മികവ് കാട്ടിയ റുമേനിയന്‍ താരം ഐ.എസ്.എല്‍. ടീം ഓഫ് ദി ടൂര്‍ണമെന്റിലും ഇടംപിടിച്ചു. ഗേഴ്‌സണ്‍ വിയേരയും ഗോയിയ്‌നും മുന്നില്‍ എതിര്‍ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. മധ്യനിരയില്‍ സ്നേഹജ് സിങ്ങും ലിയോ കോസ്റ്റയുമടങ്ങുന്ന സഖ്യവും ക്ലിക്കായി.

നാലാം സീസണിനായി ഒരുങ്ങുന്നതില്‍ കോച്ച് ഗുയ്മിറസ് ഒട്ടും അമാന്തം കാണിച്ചില്ല. ടീമിലെ മികച്ച കളിക്കാരെ നിലനിര്‍ത്തിയും ഡ്രാഫ്റ്റില്‍ ലേലം വിളിച്ചെടുത്തും ടീമിന്റെ കെമിസ്ട്രി കൈമോശം വരാതെ സൂക്ഷിക്കാന്‍ കോച്ച് ശ്രമിച്ചിട്ടുണ്ട്

കഴിഞ്ഞ സീസണില്‍ ആറു ക്ലീന്‍ ഷീറ്റുകളോടെ ഗോള്‍ഡന്‍ ഗ്ലൗവിനര്‍ഹനായ തങ്ങളുടെ യുവതാരം അമരീന്ദര്‍ സിങ്ങിനെ ഒന്നേകാല്‍ കോടി രൂപ കൊടുത്തു നിലനിര്‍ത്തി. കീപ്പര്‍ പൊസിഷനിലേക്ക് അരിന്ദം ഭട്ടാചാര്യയെയും 64 ലക്ഷത്തിന് സ്വന്തമാക്കി. കരുതലെന്ന  നിലയില്‍ കുണാല്‍ സാവന്തിനെയും ഒപ്പം വാങ്ങി മികച്ചൊരു ഗോള്‍കീപ്പിങ് സ്‌ക്വാഡിനെ ഉണ്ടാക്കാന്‍ മുംബൈക്കായി.

ആശങ്കള്‍ക്ക് അവിടെ സാധ്യതയില്ല

ജെര്‍സണ്‍ വിയേരയും ഗോയിയ്‌നും പ്രതിരോധത്തിന് പുറമേ, സെറ്റ് പീസുകളിലും എതിര്‍ ബോക്സില്‍ അപകടം വിതയ്ക്കുന്നതിലും വിജയമായിരുന്നു. ഗോയിയ്ന്‍ 67 ടാക്ലിങ്ങുകളും 117 ഇന്റര്‍സെപ്ഷനുമായി പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്നു. മികച്ച ടാക്ലിങ്ങുകള്‍ക്ക് പുറമേ ക്ലിയറന്‍സില്‍ കാട്ടുന്ന അപാരമികവ് വിയേരയെയും വേറിട്ടുനിര്‍ത്തി. കടുപ്പക്കാരായ ഈ ഡിഫന്‍ഡര്‍മാര്‍ മുംബൈയുടെ വിധി നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കും.

ഐബ്രോലാങ് ഖോങ്ജി റൈറ്റ് ബാക് പൊസിഷനില്‍ നടത്തിയ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 12 മത്സരങ്ങളില്‍ കഴിഞ്ഞ സീസണില്‍ കളത്തിലിറങ്ങിയ ഖോങ്ജി കോച്ചിന്റെ ഗുഡ്ബുക്കില്‍ കയറിപ്പറ്റി. ടീമില്‍ നിലനിര്‍ത്തപ്പെട്ട ഖോങ്ജി മികച്ച പ്രകടനത്തിനായി കച്ചകെട്ടിക്കഴിഞ്ഞു.
ബ്രസീലിയന്‍ ലീഗില്‍ വര്‍ഷങ്ങള്‍ കളിച്ചുപരിചയിച്ച മാര്‍സ്യോ റൊസാരിയോയും സെന്റര്‍ബാക്ക് പൊസിഷനിലേക്കെത്തിയിട്ടുണ്ട്. മിസോറമിന്റെ ലാല്‍ച്വങ്കിമയും പ്രതിരോധനിരയില്‍ സ്ഥാനം നിലനിര്‍ത്തി. മോഹന്‍ ബഗാന്റെ രാജു ഗെയ്ക്വാദ്, ബിസ്വജിത് സാഹ എന്നിവരാണ് മറ്റു ഡിഫെന്‍ഡര്‍മാര്‍. വെറ്ററന്‍ താരം മെഹ്‌റുജുദ്ധീന്‍ വാദുവിന്റെ പരിചയസമ്പത്തും മുംബൈക്ക് തുണയാകും.

കഴിഞ്ഞതവണ മധ്യനിരയില്‍ കളിമെനഞ്ഞ ലിയോ കോസ്റ്റ തന്നെയായിരിക്കും ഇത്തവണയും മധ്യനിരയില്‍ ടീമിനെ നിയന്ത്രിക്കുക.
സാംബ ശൈലിയുടെ അഴകോടെ ആക്രമണങ്ങള്‍ തുടങ്ങുന്നതും മുന്നോട്ട് കൊണ്ടുപോകുന്നതും ലിയോ തന്നെ. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ സെഹ്നാജ് സിങ്ങിനെയും മുംബൈ കൈയൊഴിഞ്ഞില്ല. എതിരാളികളൂടെ ആക്രമണങ്ങളുടെ മുന തുടക്കത്തിലേ നിര്‍വീര്യമാക്കാന്‍ അസാമാന്യ മികവുണ്ട് ഈ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ക്ക്. ടീമിന്റെ എന്‍ജിനായ സെഹന്ജിനെയാണ് മുംബൈ ആദ്യംതന്നെ നിലനിര്‍ത്തിയത്. വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള കാമറൂണ്‍ ഇന്റര്‍നാഷണല്‍ അച്ചില്ലേ ഏമാനയായിരിക്കും ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. ഫ്ളെമെംഗോയില്‍ നിന്നെത്തിയ ബ്രസീല്‍ യുവതാരം തിയാഗോ സാന്റോസ് കൂടുതല്‍ കളിസമയം ലക്ഷ്യമിടുന്നു.

ടീമിലെ ഏകമലയാളി സാന്നിധ്യമായ എം.പി. സക്കീര്‍, ഈസ്റ്റ് ബംഗാളില്‍ നിന്നെത്തിയ അഭിനസ് ഋയിദാസ്, രാകേഷ് ഓറം എന്നിവരാണ് മധ്യനിരയിലെ മറ്റുതാരങ്ങള്‍. സഞ്ജു പ്രധാനാണ് മിഡ്ഫീല്‍ഡിലെ മറ്റൊരു പ്രധാനി. ഗെയിം റീഡിങ്ങിലുള്ള റൂയിദാസിന്റെ കഴിവ് മുംബൈയെ സഹായിക്കും.
മാര്‍ക്വിതാരമില്ലാതെയെത്തുന്ന മുംബൈയുടെ മുന്നേറ്റനിരയില്‍ ഇത്തവണ പുതുമുഖങ്ങളാകും കളി മെനയുക. യൂറോപ്പില്‍ പി.എസ്.ജി. ഉള്‍പ്പെടെയുള്ളവര്‍ക്കായി ബൂട്ടുകെട്ടിയ എവര്‍ട്ടന്‍ സാന്റോസില്‍നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നു. ആറടിപ്പൊക്കക്കാരന്‍ സ്പാനിഷ് സെന്റര്‍ ഫോര്‍വേഡ് റാഫ ജോര്‍ദയുടെ തല എതിര്‍വല തുളയ്ക്കുന്നതിനായി അവസരംകാത്തിരിക്കുന്നു. സൂപ്പര്‍ലീഗിലെ ആദ്യഗോളിനുടമയായ ബല്‍വന്ത്‌സിങ്ങാണ് ഇന്ത്യന്‍ സ്‌ട്രൈക്കറായി ടീമിലുള്ളത്. പതിനെട്ടുകാരന്‍ പ്രാണ്‍ജെല്‍ ഭുമിജിലും മുംബൈ പ്രതീക്ഷ വെച്ചിട്ടുണ്ട്.

ഫോര്‍മേഷന്‍

ഇത്തവണ കളിശൈലിയിലും മാറ്റങ്ങള്‍ കാണും. അഞ്ചു ബ്രസീലിയന്‍ താരങ്ങളുണ്ട് മുംബൈ നിരയില്‍. അവരോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള ഒരുപിടി കളിക്കാരുമായി പാസിങ് ഗെയിമിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കേളീശൈലിയാണ് കോച്ച് രൂപപ്പെടുത്തുന്നത്. ബ്രസീലില്‍നിന്ന് അഞ്ചു താരങ്ങള്‍, കോച്ചിങ് സ്റ്റാഫില്‍ മൂന്നുപേരും അന്നാട്ടുകാര്‍. സാംബ നൃത്തച്ചുവടുകള്‍ കളിയില്‍ പ്രകടമാകും..
വേഗമേറിയ പാസിങ് പ്രസിങ്, മധ്യനിരയിലെ ഇന്റര്‍സെപ്ഷന്‍സിലൂടെയും ബോള്‍ കൈവശം വെച്ച് എതിരാളികളെ മടുപ്പിക്കുക, അവര്‍ തളരുമ്പോള്‍ ആക്രമിച്ചു കയറുക ഇത് തന്നെയാവും മുഖ്യതന്ത്രം. സ്ഥിരം ശൈലിയായ 4-4-2 എല്ലാ കളികളിലും പുറത്തെടുക്കില്ല എന്നാണ് പരിശീലനമത്സരങ്ങള്‍ തെളിയിക്കുന്നത്.

ത്രൂ ബോളുകളും ക്രോസുകളെയും ആശ്രയിച്ചിരുന്ന ടീം റാഫ ജോര്‍ദയെന്ന നീളക്കാരന്റെ വരവോടെ ഹൈ ബോളുകളും പരീക്ഷിച്ചു തുടങ്ങി. ആദ്യമത്സരത്തില്‍ത്തന്നെ രണ്ടുഗോളടിച്ചു തിളങ്ങിയ സ്പാനിയന്‍ 1-3-3-3 ഫോര്‍മേഷനോ 4-3-2-1 ശൈലിയോ പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം ടീമിന് നല്‍കുന്നു.

ദൗര്‍ബല്യങ്ങള്‍

മുന്നേറ്റനിര ക്ലിക്കാവുമോ എന്നതുതന്നെയാണ് മുംബൈയെ അലട്ടുന്ന പ്രശ്നം. മുപ്പതുകള്‍ കടന്നവരാണ് റാഫയും ബല്‍വന്തും. പിന്തുണക്കാരായ ലിയോയും അച്ചില്ല ഏമാനായും മുപ്പതുകള്‍ കടന്നവരാണ്. ഇന്ത്യന്‍ സാഹചര്യങ്ങളുമായി ബ്രസീലുകാരായ രണ്ടു സാന്റോസുമാരും ഇണങ്ങിച്ചേര്‍ന്നില്ലെങ്കില്‍ മുംബൈ കുഴങ്ങും.

ഇടത് വിങ് ദുര്‍ബലമാണ്. ജാക്കിചാന്ദ് സിങ്ങിനെ കേരള ബ്ലാസ്റ്റേഴ്‌സ് കൊത്തിയത് ടീമിന് ക്ഷീണം ചെയ്യും. അശുതോഷ് സിങ്ങിന്റെയും റാല്‍റ്റേയുടെയും കൊഴിഞ്ഞുപോക്കും പ്രശ്നമാണ്. പകരക്കാരായ ഇന്ത്യന്‍ താരങ്ങള്‍ മികവ് കിട്ടിയില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാവും.

ഹോം ടീമിന് നല്‍കുന്ന മുന്‍തൂക്കം പൂര്‍ണമായും മുംബൈക്ക് ലഭിക്കില്ല എന്നതൊരു വസ്തുതയാണ്. അന്ധേരിയിലെ മുംബൈ ഫുട്‌ബോള്‍ അരീനയുടെ കപ്പാസിറ്റി സുരക്ഷാ പ്രശ്നങ്ങള്‍ മൂലം 7900 ആയി ചുരുക്കിയിരിക്കുന്നു. 75000 ആരാധകര്‍ ബ്ലാസ്റ്റേഴ്‌സിനായി തൊണ്ട കീറുന്നിടത്താണ് പൊതുവേ ഫുട്‌ബോളിന് വളക്കൂറില്ലാത്ത മുംബൈയിലെ ഈ അവസ്ഥ.

കടലാസിലെ കരുത്ത് നോക്കിയാല്‍ ക്ലബ്ബ് ദുര്‍ബലമാണെന്ന് തോന്നാം. പക്ഷേ, കളത്തില്‍ സംഗതി മാറുമെന്നുറപ്പ്. കഴിഞ്ഞ സീസണിലെ കെമിസ്ട്രിയും ടെമ്പോയും നിലനിര്‍ത്താന്‍ സാധിച്ചാല്‍ മുംബൈയെ തടഞ്ഞുനിര്‍ത്താന്‍ ബുദ്ധിമുട്ടാവും. ടീം പ്രതീക്ഷയിലാണ്.
പുണെയിലെ ക്യാമ്പിനുശേഷം സ്പെയിനിലേക്ക് പുറപ്പെട്ട ടീം പരിശീലനമത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പുതിയ ടീമുകളുടെ വരവും വമ്പന്‍ പേരുകാരൊന്നുമില്ല എന്നതും അവരെ ബാധിച്ചേക്കില്ല. 28 വയസ്സ് ശരാശരി പ്രായമുള്ള കളിക്കാരുടെ പരിചയസമ്പത്ത് ടീമിനുതുണയാവും. കാര്യങ്ങള്‍ ഒത്തുവന്നാല്‍ കഴിഞ്ഞതവണ കൈവിട്ടുപോയ കിരീടം മുംബൈക്ക് സ്വപ്നം കാണാം.

മുംബൈ ടീം

ഗോള്‍കീപ്പര്‍; അമരീന്ദര്‍ സിങ്, അരിന്ദം ഭട്ടാചാര്യ, കുനാല്‍ സാവന്ത്
പ്രതിരോധം: ലൂസിയാന്‍ ഗോയിയന്‍, മാര്‍സിയോ റൊസാരിയോ, ജേഴ്‌സണ്‍ വിയേര, രാജു ഗെയ്ക്വാദ്, ദവീന്ദര്‍ സിങ്, മെഹ്‌റാജുദ്ദീന്‍ വാഡൂ, എയ്‌ബോര്‍ലങ് കോഖ്ജീ, ബിശ്വജിത് സാഹ, ലാല്‍ച്ചന്‍കിമ, 
മധ്യനിര: തിയാഗോ സാന്റോസ്, ലിയോ കോസ്റ്റ, അഷിലെ എമാന, സെഹ്നജ് സിങ്, രാഗേഷ് ഓറം, സക്കീര്‍ മുണ്ടുപ്പറമ്പ്, സാഹില്‍ ടവോറ, അഭിനാസ് റുയ്ഡസ്, സഞ്ജു പ്രധാന്‍
മുന്നേറ്റം; റാഫ ജോര്‍ഡ, എവര്‍ട്ടന്‍ സാന്റോസ്, പ്രഞ്ജല്‍ ബുമിജ്, ബല്‍വന്ദ് സിങ്.