കദേശം 150 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ജെ.എന്‍. ടാറ്റ എന്ന ജംസേഠ്ജി നുസ്സര്‍വാന്‍ജി ടാറ്റ, മുംബൈയില്‍ 'ടാറ്റ ഗ്രൂപ്പ്' എന്ന കമ്പനി തുടങ്ങുന്നത്. ഏഷ്യയിലെ ആദ്യത്തെ 'ഇന്റഗ്രേറ്റഡ് സ്റ്റീല്‍ പ്ലാന്റ്' തുടങ്ങിയാണ് ടാറ്റ ഗ്രൂപ്പ് വ്യാവസായികലോകത്ത് ശ്രദ്ധേയമാകുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് കമ്പനികളില്‍ ഒന്നായിരുന്നു ടാറ്റ ഗ്രൂപ്പ്. 

ജെ.എന്‍. ടാറ്റയുടെ പേരില്‍ രൂപംകൊണ്ട നഗരമാണ് ജാര്‍ഖണ്ഡിലെ (അന്ന് ബിഹാര്‍ സംസ്ഥാനം) ജംഷേദ്പുര്‍. ഇന്ത്യയിലെ ഉരുക്കുനഗരങ്ങളില്‍ ഒന്നായ ഈ നഗരം രൂപകല്പനചെയ്തതും ജെ.എന്‍. ടാറ്റതന്നെ. ടാറ്റയുടെ സ്വപ്നത്തിലും വീക്ഷണത്തിലും കഠിനാധ്വാനത്തിലും വളര്‍ന്ന ഈ നഗരത്തിന് ടാറ്റ ഗ്രൂപ്പ് നല്‍കിയ പുതിയ സമ്മാനമാണ് ജംഷേദ്പുര്‍ എഫ്.സി. എന്ന സൂപ്പര്‍ ലീഗ് ടീം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും അവസാനമായി പ്രവേശനം ലഭിച്ച ടീമാണ് ജംഷേദ്പുര്‍ എഫ്.സി.

ജംഷേദ്പുരില്‍ 1987-ല്‍ തുടങ്ങിയ 'ടാറ്റ ഫുട്‌ബോള്‍ അക്കാദമി' ടാറ്റ ഗ്രൂപ്പ് ഇന്ത്യന്‍ ഫുട്‌ബോളിനു നല്‍കിയ ഏറ്റവും വലിയ സംഭാവനയായിമാറി. ഒരുപാട് ഇന്ത്യന്‍താരങ്ങളെ സംഭാവനചെയ്ത ഈ അക്കാദമി തുടങ്ങിയത് ടാറ്റകുടുംബത്തിലെ നാലാംതലമുറ അംഗമായ ജെ.ആര്‍.ഡി. ടാറ്റയാണ്. തന്റെ മുതുമുത്തച്ഛന്റെ സ്വപ്നംപോലെ വ്യവസായികമായും സാമ്പത്തികമായും ജംഷേദ്പുരിനെ മുന്‍നിരയില്‍ എത്തിച്ചപോലെ ഇന്ത്യയിലെ സ്‌പോര്‍ട്‌സ് ഭൂപടത്തില്‍ ഒരിടം നേടിക്കൊടുക്കുക എന്നതായിരുന്നു ജെ.ആര്‍.ഡി.ടാറ്റയുടെ ലക്ഷ്യം. സുബ്രതോ പാല്‍, റോബിന്‍ സിങ് തുടങ്ങിയ ഇന്ത്യന്‍താരങ്ങളെ വളര്‍ത്തിയ ഈ സ്ഥാപനം ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച അക്കാദമികളില്‍ ഒന്നായി തുടരുന്നു. ടാറ്റയുടെ കീഴില്‍ ഒരു സൂപ്പര്‍ ലീഗ് ടീം വരുമ്പോള്‍ പ്രതീക്ഷകളേറെയാണ്. 

കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ മാനേജര്‍ സ്റ്റീവ് കോപ്പലാണ് ജംഷേദ്പുര്‍ എഫ്.സി.യെ സൂപ്പര്‍ ലീഗിനായി അണിയിച്ചൊരുക്കുന്നത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന കോപ്പല്‍, കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ പരിമിതികളില്‍നിന്ന് ഫൈനലില്‍ എത്തിച്ചു. പന്ത് കൈവശം വെച്ച് കളിക്കാനിഷ്ടപ്പെടുന്ന ഇംഗ്ലീഷ് പരിശീലകന്‍ പരമ്പരാഗത ഇംഗ്ലീഷ് ശൈലിയായ 'ലോങ് ബോള്‍ ഗെയിം' അധികം ഉപയോഗിക്കാത്ത ആളാണ്. ശൈലിയുടെ കാര്യത്തിലും കളിക്കാരെ തിരഞ്ഞെടുക്കുന്നതിലും കോപ്പലിന് പിടിവാശികളുണ്ട്. 

ബ്ലാസ്റ്റേഴ്‌സില്‍ അദ്ദേഹത്തിന് ടീമിന്റെ കാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്‌സ് വിടുവാനുള്ള പല കാരണങ്ങളില്‍ ഒന്ന് ഇതാണ്. എന്നാല്‍ ജംഷേദ്പുരില്‍ അദ്ദേഹത്തിന്റെ ഹിതമനുസരിച്ചാകും ടീം പ്രവര്‍ത്തിക്കുക. കോപ്പലിന്റെ ഇഷ്ടക്കാരാണ് ടീം മാനേജ്‌മെന്റില്‍ ബഹുഭൂരിപക്ഷവും. അദ്ദേഹത്തിന്റെ ശൈലിക്ക് അനുയോജ്യരായ കളിക്കാരെ ടീമിലെത്തിക്കുന്നതില്‍ ജംഷേദ്പുര്‍ മാനേജ്‌മെന്റിനും കഴിഞ്ഞിട്ടുണ്ട്. 'സുന്ദര ഫുട്‌ബോള്‍ കളിക്കുക, ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക, അക്കാദമി വഴി താരങ്ങളെ കണ്ടെത്തുക എന്നതാകും ജംഷേദ്പുര്‍ എഫ്.സി.യുടെ ലക്ഷ്യമെന്ന് ടീമിന്റെ അസിസ്റ്റന്റ് മാനേജരും മുന്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കാരനുമായ ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞുകഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും നല്ല അക്കാദമികളിലൊന്നായ ടാറ്റ അക്കാദമി ഒപ്പമുള്ളപ്പോള്‍ ഇഷ്ഫാക്ക് പറഞ്ഞത് സത്യമാകാനേതരമുള്ളൂ.

പരിചയസമ്പത്തിനൊപ്പം, യുവരക്തംകൂടി ചേര്‍ന്ന ടീമിനെയാണ് കോപ്പല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ടാറ്റ അക്കാദമി വഴി വന്ന ഇന്ത്യ സീനിയര്‍ ടീം ഗോളി സുബ്രതോ പാല്‍ ആകും ടീമിന്റെ വല കാക്കുക. മലയാളികൂടിയായ അനസ് എടത്തൊടിക, ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ മെഫ്താബ് ഹൊസൈന്‍, വലതു വിങ് ബാക് സൗവിക് ചക്രബര്‍ത്തി എന്നിവരെ മോഹന്‍ ബഗാനില്‍ നിന്ന് ജംഷേദ്പുര്‍ ടീമിലെത്തിച്ചു. ഈസ്റ്റ് ബംഗാളില്‍നിന്ന് വിങ്ങര്‍ ബികാഷ് ജെയ്‌റു, ഫുള്‍ ബാക് റോബിന്‍ ഗുരുങ് എന്നിവര്‍ വന്നു. ഇവര്‍ക്കൊപ്പം ബ്രസീലിയന്‍ മധ്യനിരക്കാരായ മെമോ, മത്തേവൂസ് കോണ്‍കാല്വസ്, കാമറോണിയന്‍ ഡിഫെന്‍ഡര്‍ ആന്ദ്രേ ബികെ, സെനഗല്‍ സ്‌ട്രൈക്കര്‍ ടല്ല ഡിയായെ, മുന്‍ ബ്ലാസ്റ്റേഴ്‌സ് ഫോര്‍വേഡ് ബെല്‍ഫോര്‍ട്ട് തുടങ്ങിയ വിദേശികളും ചേരുമ്പോള്‍ ജംഷേദ്പുര്‍ എഫ്.സി. സൂപ്പര്‍ ലീഗിലെ ഏറ്റവും സന്തുലിത ടീമുകളില്‍ ഒന്നാകും. 

ഒരേസമയം അറുപതിനായിരംപേരെ ഉള്‍ക്കൊള്ളിക്കാവുന്ന ജെ.ആര്‍.ഡി. ടാറ്റ കോംപ്ലക്‌സ് ആകും ജംഷേദ്പുര്‍ എഫ്.സി.യുടെ ഹോം ഗ്രൗണ്ട്. ഇന്ത്യയിലെ ഏറ്റവും സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങളില്‍ ഒന്നാണ് ജെ.ആര്‍.ഡി. കോംപ്ലക്‌സ്. നവംബര്‍ 18-ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി എവേ മത്സരത്തോടെ ജംഷേദ്പുര്‍ എഫ്.സി. സൂപ്പര്‍ ലീഗില്‍ അരങ്ങേറ്റംകുറിക്കും. ഡിസംബര്‍ ഒന്നിന് എ.ടി.കെ. കൊല്‍ക്കത്തയുമായി ജെ.ആര്‍.ഡി. കോംപ്ലക്‌സില്‍ ആദ്യമത്സരം നടക്കും.  

ജംഷേദ്പുര്‍ എഫ്.സി. മലയാളികളുടെ ഇടയില്‍ 'രണ്ടാം ബ്ലാസ്റ്റേഴ്‌സ്' എന്നാണ് അറിയപ്പെടുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍പരിശീലകന്‍ സ്റ്റീവ് കോപ്പല്‍, അസിസ്റ്റന്റ് ഇഷ്ഫാക്ക് അഹമ്മദ്, മുന്‍താരങ്ങളായ മെഹ്താബ് ഹുസൈന്‍, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് എന്നിവരെ തങ്ങളുടെ പാളയത്തിലെത്തിച്ചതാണ് ജംഷേദ്പുരിന് മലയാളികളുടെ ഇടയില്‍ ഇങ്ങനൊരു പേര് വീഴാന്‍ കാരണം. ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം മഞ്ഞ നിറംതന്നെയാണ് ജംഷേദ്പുര്‍ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതും ബ്ലാസ്റ്റേഴ്‌സ് താരതമ്യത്തിന് കാരണമായിട്ടുണ്ട്. ഇരുടീമുകളുടെയും ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്നുകൂടെ കൊഴുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ബ്ലാസ്റ്റേഴ്‌സിനും ബെംഗളൂരുവിനും കൊല്‍ക്കത്തയ്ക്കും ചെന്നൈക്കുമൊപ്പം പൊരുതാനുറച്ചുവരുന്ന ജംഷേദ്പുര്‍ എഫ്.സി.യുമുണ്ടാകും ഓളംകൂട്ടാന്‍. 

ജംഷേദ്പുര്‍ എഫ്.സി. ടീം

ഗോള്‍കീപ്പര്‍മാര്‍: സഞ്ജീബന്‍ ഘോഷ്, സുബ്രതാ പാല്‍.
പ്രതിരോധം: ആന്‍ഡ്രെ ബികെ, അനസ് എടത്തൊടിക, റോബിന്‍ ഗുരുങ്, സെയ്‌റുവാത് കിമ, സൗവിക് ഘോഷ്, യുംനന്‍ രാജു, തിരി, 
മധ്യനിര: മാത്യൂസ് ഗോണ്‍സാല്‍വെസ്, മെമൊ, ഇഷ്ഫാഖ് അഹമ്മദ്, ബികാസ് ജെയ്‌റു, മെഹ്താബ് ഹുസെയ്ന്‍, സൗവിക് ചക്രബര്‍ത്തി, സമീഹ് ദൗതി. സമീഹ് ദൗതി
മുന്നേറ്റം: കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്, അശ്വിം ബിശ്വാസ്, ഫാറുഖ് ചക്രബര്‍ത്തി, ജെറി മാവിമിങ്ട്ടങ, സിദ്ധാര്‍ഥ് സിങ്, സുമീത് പാസി, ടല്ല എന്‍ഡിയെ.