ന്ത്യന്‍ ഫുട്ബാള്‍ വളരുകയാണ്. ലോകശ്രദ്ധയാകര്‍ഷിക്കുന്ന ലീഗുകളും മികച്ച അന്താരാഷ്ട്ര പ്രകടനങ്ങളുമായി രാജ്യമാകെ ഫുട്‌ബോള്‍ ആവേശം അലയടിക്കുന്നു. ഈ ആവേശത്തിന് ഏറ്റവും വലിയ സംഭാവന നല്‍കുന്നവരാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. സംസ്‌കാരംകൊണ്ടും ജീവിതരീതികൊണ്ടും വേര്‍തിരിക്കപ്പെട്ട ഈ എട്ടുസംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ചരടാണ് ഫുട്‌ബോള്‍.

ചരിത്രം സൃഷ്ടിച്ച ഐസോള്‍ എഫ്.സി. ഉള്‍പ്പെടെ ഒരുപാടു ടീമുകള്‍ ഈ മലപ്രദേശത്തുനിന്ന് ഉടലെടുത്തു. അതിലൊന്നാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ്. അസമിലെ ഗുവാഹാട്ടി കേന്ദ്രീകരിച്ച് രൂപംകൊണ്ട ക്ലബ്ബിന് അതിനോട് നീതിപുലര്‍ത്തുന്ന പേരുനല്‍കാത്തതില്‍ ചെറിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഫുട്ബോള്‍ ആരാധകനും ബോളിവുഡ് നടനുമായ ക്ലബ്ബ് ഉടമ ജോണ്‍ ഏബ്രഹാം അതിനെ നേരിട്ടത് ഒത്തൊരുമ എന്ന ആശയംകൊണ്ടാണ്. ''മറ്റു ക്ലബ്ബുകള്‍ ഒരു സംസ്ഥാനത്തെയോ നഗരത്തെയോ പ്രതിനിധാനംചെയ്യുമ്പോള്‍ ഞങ്ങള്‍ ഇന്ത്യയുടെ എട്ടുസംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്യുന്നു''- അദ്ദേഹം പറഞ്ഞു. അതിനെ സാധൂകരിക്കുന്ന ആരാധകപിന്തുണയും അവര്‍ക്കു ലഭിക്കുന്നു.

അമിതപ്രതീക്ഷകളുടെ ഭാരം വലിയ വീഴ്ചകളിലേക്ക് തള്ളിയിടുന്നതിന്റെ ഉദാഹരണമാണ് സൂപ്പര്‍ലീഗിലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. കഴിഞ്ഞ മൂന്നു സീസണുകളില്‍ ഒരു സെമിഫൈനല്‍ യോഗ്യതപോലും നേടാന്‍സാധിക്കാത്ത രണ്ടു ക്ലബ്ബുകളില്‍ ഒന്ന് ഈ ഹൈലാന്‍ഡേഴ്‌സാണെന്നത് വേദനിപ്പിക്കുന്ന സത്യമാണ്. ആദ്യസീസണില്‍ അവസാന സ്ഥാനത്തും പിന്നീടു വന്ന രണ്ടു സീസണുകളില്‍ അഞ്ചാമതുമായി ഒതുങ്ങേണ്ടിവന്നവര്‍ക്ക് ഈവര്‍ഷം അതിലും വലിയ പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരും.

ഗുവാഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ തങ്ങളുടെ ഹോംമത്സരങ്ങള്‍ കളിക്കേണ്ട ടീം ഡ്രാഫ്റ്റ് കഴിഞ്ഞപ്പോള്‍ ചില ശ്രദ്ധേയ മാറ്റങ്ങളോടെയാണ് ടീമിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. നീളോ വിന്‍ഗാട എന്ന പോച്ചുഗീസ് കോച്ചിനു പകരം മറ്റൊരു പോര്‍ച്ചുഗീസ് താരത്തെ ക്ലബ്ബിന്റെ തന്ത്രങ്ങള്‍ മെനയാന്‍ നിയോഗിച്ചിരിക്കുന്നു. പ്രശസ്ത പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ ബി ടീം ഉള്‍പ്പെടെ ചെറുക്ലബ്ബുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുമായി വരുന്ന 'ജാവോ കാര്‍ലോസ് പൈറസ് ദേ ദിയൂസിന്' ഇന്ത്യന്‍ മണ്ണില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമോ എന്ന് കണ്ടറിയണം. കേപ്പ് വെര്‍ദെ ദേശീയ ടീമിനും തുടര്‍ന്ന മറ്റു രണ്ടാം ഡിവിഷന്‍ ക്ലബ്ബുകള്‍ക്കും പരിശീലനം നല്‍കുന്ന ജാവോ കാര്‍ലോസിന്റെ യുവപ്രതിഭകളുമായി ഇടപഴകിവന്ന തഴക്കവും പരിചയസമ്പത്തും ടീമിന് ഗുണംചെയ്യും.

ഇന്ത്യക്കുവേണ്ടി അവസാന ഏഷ്യ കപ്പ് ക്വാളിഫയറില്‍ ഗോള്‍ നേടിയ  ഇന്ത്യന്‍ മധ്യനിരതാരം റൗലിന്‍ ബോര്‍ഗെസിനെയും മികവുറ്റ സേവുകള്‍കൊണ്ട് സൂപ്പര്‍ലീഗില്‍ ശ്രദ്ധേയനായ മലയാളി ഗോള്‍കീപ്പര്‍ ടി.പി. രഹനേഷിനെയും നിലനിര്‍ത്തിക്കൊണ്ടാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്രാഫ്റ്റിലേക്ക് എത്തിയത്. വിങ്ങുകളില്‍ ആക്രമണം നടത്താന്‍ കേമന്മാര്‍ എപ്പോഴും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരാണെന്ന സത്യം മുന്‍നിര്‍ത്തിക്കൊണ്ടായിരിക്കണം ജോണ്‍ എബ്രഹാം ആദ്യ ഊഴത്തില്‍തന്നെ അസംസ്വദേശി ഹോളിചരണ്‍ നര്‍സറിയെ 45 ലക്ഷത്തിനു വാങ്ങിയത്. വശങ്ങളില്‍നിന്നുള്ള ദ്രുതചനങ്ങള്‍കൊണ്ട് എതിര്‍കാവല്‍നിരയ്ക്ക് തലവേദന സൃഷ്ടിക്കാനും ഗോള്‍പോസ്റ്റില്‍ ഭീതിപടര്‍ത്താനും സാധിക്കുന്ന മുന്‍ എഫ്.സി. ഗോവ താരം മുന്നേറ്റനിരയ്ക്ക് മുതല്‍ക്കൂട്ടാകും. 

ഓരോ സ്ഥാനങ്ങളിലേക്കും കളിക്കാരെ തിരഞ്ഞെടുക്കേണ്ട രീതിയെപ്പറ്റി ഗൃഹപാഠംചെയ്തുതന്നെയാണ് തങ്ങള്‍ വന്നത് എന്നു തെളിയിക്കുകയായിരുന്നു ക്ലബ്ബ് നാലാം സൈനിങ്ങിലൂടെ. വീഞ്ഞുപോലെ, പഴകുന്തോറും വീര്യം കൂടുന്നവരാണ് പ്രതിരോധനിരക്കാര്‍. അവരുടെ അനുഭവസമ്പത്തിന് കളിയുടെ ഗതിനിര്‍ണയിക്കാനാകും എന്നു തിരിച്ചറിഞ്ഞാണ് ഇന്ത്യന്‍ സീനിയര്‍ ടീം അംഗവും മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവുമായ നിര്‍മല്‍ ഛേത്രിയെ 35 ലക്ഷത്തിന് വിളിച്ചെടുത്തത്. തൊട്ടടുത്ത അവസരത്തില്‍ മധ്യനിരതാരം ലാല്‍ റിന്‍ഡിക റാല്‍ട്ടെയെ 50 ലക്ഷത്തിന് വിളിച്ചെടുത്തു. 

ജോണ്‍ എബ്രഹം പിന്നീട് പാളയത്തില്‍ എത്തിച്ചത് പ്രതിരോധത്തില്‍ ഇരു വിങ്ങുകളിലുമായി പ്രസ്ചെയ്തു കളിക്കുന്ന റോബര്‍ട്ടിനെയും റെയ്ഗന്‍ സിങ്ങിനെയുമാണ്. പിന്നാലെ വന്ന അവസരത്തില്‍ ആക്രമണത്തിന് ശക്തികൂട്ടാന്‍ മുന്നേറ്റനിരതാരം സെമിലെന്‍ ദങ്കലിനെയും തിരഞ്ഞെടുത്തു. മധ്യനിരതാരങ്ങളായ മാലെന്‍ഗാമ്പ മേയ്‌തെ, ഫാനെയ് ലാല്‍റംപൂയ എന്നിവരെ കൂടെ കൂട്ടാന്‍ തീരുമാനിച്ചത് മധ്യനിരയില്‍ കൂടുതല്‍ കളിക്കാരെ ഉപയോഗപ്പെടുത്താന്‍വേണ്ടിയായിരുന്നു. ''യുവതാരങ്ങളാണ് ഏതൊരു സംഘടിതപ്രവര്‍ത്തനത്തിന്റെയും ശക്തികേന്ദ്രം.

പ്രത്യേകമായി ഒന്നും കൂട്ടിച്ചേര്‍ക്കാതെതന്നെ അവര്‍ക്ക് ഞങ്ങളുടെ കളിരീതിയുമായി ചേര്‍ന്നുപോകാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'' എന്ന് ഡ്രാഫ്റ്റിനു മുന്‍പുതന്നെ ദിയൂസ് പറയുകയുണ്ടായി. അതിനെ അടിസ്ഥാനമാക്കി മികച്ച യുവനിരയെ ഒപ്പം കൂട്ടാന്‍ അവര്‍ക്കു സാധിച്ചു. മലയാളിയായ ശിവാജിയന്‍സ് താരം അബ്ദുല്‍ ഹക്കു, സുശീല്‍ മേയ്‌തേയ്, ഗുര്‍പ്രീത് സിങ്, മുന്‍ ബെംഗളൂരു എഫ്.സി. താരം ഗുര്‍സിമ്രത് ഗില്‍ എന്നിങ്ങനെ ഒരുപറ്റം യുവാക്കളെ അവസാനം ഡ്രാഫ്റ്റില്‍ സ്വന്തമാക്കി. 

കളിക്കാരെ കൈമാറ്റം ചെയ്യാനുള്ള അവസാന നാളുകളിലാണ് തങ്ങളുടെ എട്ടു വിദേശതാരങ്ങളെയും പ്രഖ്യാപിച്ചത്. കൂടുതലായും ലാറ്റിനമേരിക്കന്‍ താരങ്ങളെ ഉള്‍പ്പെടുത്തി ദിയൂസ് ടീം പ്രഖ്യാപിച്ചു. മാര്‍ച്ചീനോ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മാര്‍സിയോ ടെ സൂസ ഗ്രിഗോറിയോ ജൂനിയറിനെ ടീമില്‍ എത്തിച്ചത് വലിയൊരു നേട്ടമാണ്. ബ്രസീലിയന്‍ ദേശീയതാരമായ മാര്‍ച്ചീനോ അറ്റാക്കിങ് മിഡ് പൊസിഷനില്‍ മികവു പുലര്‍ത്തുന്നു. 

ഇതിനോടൊപ്പം കൊളംബിയന്‍ മുന്‍നിര ക്ലബ്ബുകളില്‍ പയറ്റിത്തെളിഞ്ഞ ലൂയിസ് പേസ്, ഉറുഗ്വായ് താരം മാര്‍ട്ടിന്‍ ഡയസ്, ബ്രസീലിയന്‍ ലീഗിലെ സ്ഥിരസാന്നിധ്യമായിരുന്ന അഡിസണ്‍, മുന്നേറ്റനിരയിലെ വെല്ലിങ്ടണ്‍ സില്‍വ എന്നിവരെയും നോര്‍ത്ത് ഈസ്റ്റ് സംഘത്തിലേക്ക് ചേര്‍ത്തു. എം.എല്‍.എസിലെ മികച്ച പ്രകടനം വഴി 2013-ല്‍ ഡിഫെന്‍ഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ജോസെ ഗോണ്‍സാല്‍വസിനെയും സ്‌പോര്‍ട്ടിങ് സി.പി. താരം സാംമ്പീഹ്നയെയും കൂട്ടി ശക്തമായ പ്രതിരോധം സൃഷ്ടിക്കാനാണ് ക്ലബ്ബ് ശ്രമിക്കുന്നത്. മുന്‍ സീസണുകളിലെ തോല്‍വികള്‍ക്ക് വഴിതെളിച്ച ഗോള്‍ദാരിദ്ര്യം അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലീഗ് വണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ലീഗുകളില്‍ ഒരുദശാബ്ദത്തോളം കളിച്ച ആക്രമണകാരിയായ സ്‌ട്രൈക്കര്‍ ഓഡിയര്‍ ഫോര്‍ട്ടസിനെയും ഉള്‍പ്പെടുത്തിയത്. 

ഫോര്‍മേഷന്‍:

തന്റെ കോച്ചിങ് കാലഘട്ടത്തിന്റെ ആദ്യനാളുകളില്‍ അസിസ്റ്റന്റ് ആയി തുടങ്ങിയ ദിയൂസ് പോര്‍ച്ചുഗീസ് കപ്പ്, അന്‍ഗോള ലീഗ്, അന്‍ഗോള നാഷണല്‍ കപ്പ് തുടങ്ങിയവ നേടിയിട്ടുണ്ട്. സ്ഥിരംശൈലിയായ 4-3-3 തന്നെയായിരിക്കാം ഇവിടെയും പ്രയോഗിക്കുന്നത്. 4-3-3 ഫോര്‍മേഷന്‍ പരിശീലകര്‍ക്ക് ഒരുപാട് വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ അവസരം നല്‍കുന്നു. എത്രയും വേഗം കളിക്കാര്‍ക്ക് ഇണങ്ങിച്ചേരാന്‍ സാധിക്കുമെന്നതിനാല്‍ ഇതിന്റെ ആനുകൂല്യം ടീമിനു ലഭിക്കും. മധ്യനിരയ്ക്ക് കൂടുതല്‍ പ്രാമുഖ്യമുള്ള ലോകോത്തര ഘടനയാണിത്. രണ്ടുതരത്തില്‍ എതിരാളികളുടെ കുറവുകള്‍ക്കമധ്യനിരതാരംനുസരിച്ച് നമ്മള്‍ക്ക് കളിയെ മുന്നോട്ടു നയിക്കാം. സെന്റര്‍ മിഡില്‍ കളിക്കുന്ന താരം ഒന്നുകില്‍ ഒരുപാട് പ്രതിരോധത്തില്‍ ഊന്നുകയും എതിരാളികളുടെ ആക്രമണം തടുത്ത് കൗണ്ടര്‍ അറ്റാക്കിന് വഴിയൊരുക്കുകയും ചെയ്യാം. 

അല്ലെങ്കില്‍ പന്ത് പരമാവധി കയ്യില്‍ വയ്ക്കുകയും പോസഷണല്‍ ഫുട്‌ബോള്‍ കളിക്കുകയും ചെയ്യാം. അതോടൊപ്പം ആക്രമണത്തിന് നേതൃത്വംനല്‍കാനാകും. മുന്‍ പോര്‍ച്ചുഗീസ് റൈറ്റ് ബാക്ക് ദി ദിയൂസിന് തന്റെ ടീമില്‍ രണ്ടുതരത്തിലും കളിക്കാന്‍ ആളുകളുണ്ട്. സൂപ്പര്‍ലീഗില്‍ വെള്ളയും സ്വര്‍ണവും കുപ്പായം അണിയുന്നവര്‍ നിലനിര്‍ത്തിയ ആദ്യതാരമായ റൗലിന്‍ ബോര്‍ഗെസ് പ്രതിരോധത്തില്‍ ഊന്നി മധ്യനിരയ്ക്ക് നേതൃത്വംനല്‍കുമ്പോള്‍ ബ്രസീലിയന്‍ താരം മാര്‍ച്ചീനോ പന്ത് കൈവശംവെച്ചുകൊണ്ടുള്ള മുന്നേറ്റത്തിന് മധ്യനിരയെ സജ്ജമാക്കുന്നു. മധ്യനിരയുടെ ഇരുവശങ്ങളിലുമായി പരീക്ഷിക്കാന്‍ വൈവിധ്യം നിറഞ്ഞ കുറെ മധ്യനിരതാരങ്ങള്‍ ടീംപട്ടികയിലുണ്ട്. മുന്നേറ്റനിരയില്‍ വിങ്ങുകളിലൂടെ മുന്നേറാനും ക്രോസുകള്‍ നല്‍കാനും ഹോളിചരണ്‍ നര്‍സരിയുടെ സേവനം ലഭ്യമാണ്. 

ഒപ്പം എതിര്‍ ഗോള്‍മുഖത്ത് ഭീതിജനിപ്പിക്കാന്‍തക്ക ഉയരവും വേഗവും പരിചയസമ്പത്തുമുള്ള വിദേശ/സ്വദേശി താരങ്ങളെ വിളിച്ചെടുക്കാന്‍ നോര്‍ത്ത് ഈസ്റ്റ് ക്ലബ്ബ് അധികാരികള്‍ക്ക് കഴിഞ്ഞു. 4-3-3 എന്ന ഘടനയിലാണ് ടീം മൈതാനത്തേക്ക് ഇറങ്ങുന്നതെങ്കില്‍ ഒരു മധ്യനിരതാരത്തിന്റെ സഹായം എപ്പോഴും ഉണ്ടാവും എന്നത് പ്രതിരോധനിരയ്ക്ക് മുതല്‍ക്കൂട്ടാകും. മുന്നേറ്റത്തിലും അതോടൊപ്പം വിങ്ങുകളില്‍ അക്രമം തടുക്കുന്നതിലും മികവു പ്രകടിപ്പിക്കുന്ന വിങ്ബാക്കുകളാകും ദിയൂസ് പരീക്ഷിക്കുക.ഏതു ഘടന പിന്തുടര്‍ന്നാലും ആദ്യ 11 പേരെ അണിനിരത്തുമ്പോള്‍ ദിയൂസിന് തലപുകയും എന്ന് ഉറപ്പ്. ടീമില്‍ ഒന്നാം ഗോള്‍കീപ്പറായി രഹനേഷ് സ്ഥാനം കണ്ടെത്തും. 

പ്രതിരോധത്തില്‍ നിര്‍മല്‍ ഛേത്രിയുടെ അനുഭവസമ്പത്തിനെ ഗുര്‍സിമ്രത് ഗില്ലിന്റെ യുവത്വത്തിനൊപ്പം ചേര്‍ത്തുപരീക്ഷിക്കാന്‍ തുനിഞ്ഞാല്‍, ഗോണ്‍സാല്‍വെസിനെപ്പോലൊരു ലോകോത്തര താരത്തിന്റെയും പോര്‍ച്ചുഗീസ് ഒന്നാംനിര ക്ലബ്ബില്‍ പയറ്റിത്തെളിഞ്ഞ സാംബിഞ്ഞയുടെയും സാന്നിധ്യം ബെഞ്ചില്‍ ഒതുക്കേണ്ടിവരും. അതിനു സാധിക്കില്ല. അതിനാല്‍തന്നെ പ്രതിരോധത്തില്‍ അനുഭവസമ്പത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കി ഇരു വിദേശതാരങ്ങളെയും അണിനിരത്താനാണ് സാധ്യത. അതുകൊണ്ട് വിങ്ങുകളില്‍ റെയ്ഗന്‍ സിങ്ങിനും റോബെര്‍ട്ടിനും ഒരുപോലെ അവസരം ലഭിച്ചെന്നുവരില്ല. നിര്‍മല്‍ ഛേത്രിയെ വിങ്ബാക്കായി ഇറക്കാനുള്ള സാധ്യതയും തള്ളിക്കളയേണ്ട. മധ്യനിരയില്‍ ബോര്‍ജസും മര്‍ച്ചീനോയും ഏറെക്കുറെ അവസരം ഉറപ്പിച്ചമട്ടാണ്. അതിനാല്‍തന്നെ ആദ്യ പതിനൊന്നില്‍ നിലയുറപ്പിക്കാന്‍ ലെക്കെമ്പേയുയയും റാള്‍ട്ടെയും മേത്തലും ഒരുപാട് പണിപ്പെടേണ്ടിവരും. 

വശങ്ങളിലൂടെയുള്ള മുന്നേറ്റത്തില്‍ നര്‍സറിയുടെ സാന്നിധ്യം ഗുണംചെയ്യും. ലൂയിസ് പേസിനെയും നിലനിര്‍ത്തിയേക്കും. പിന്നീടുള്ള ഒരു മുന്നേറ്റനിര താരത്തിന്റെ ഒഴിവിലേക്ക്  വെല്ലിങ്ടന്‍ സില്‍വ വരുമോ  ലെന്‍ ഡോന്ഗലിന് നറുക്കുവീഴുമോ എന്ന് കാത്തിരുന്നു കാണണം.

നോര്‍ത്ത് ഈസ്റ്റ് ടീം

ഗോള്‍കീപ്പര്‍: ടി.പി. രെഹ്നേഷ്, രവി കുമാര്‍, ഗുര്‍പ്രീത് സിങ്
പ്രതിരോധം; അബ്ദുല്‍ ഹക്കു, ഗുല്‍സിമ്രാട്ട് സിങ് ഗില്‍, നിര്‍മല്‍ ഛേത്രി, റീഗന്‍ സിങ്, റോബര്‍ട്ട് ലാല്‍തമുവാന, സാമ്പിന്യ, ഹോസ ഗോണ്‍കാല്‍വെസ്, മാര്‍ട്ടിന്‍ ഡയസ്
മധ്യനിര: റൗളിന്‍ ബോര്‍ജസ്, റാല്‍റിന്റിക റാള്‍ട്ടെ, ഫനായി ലാല്‍റെമ്പുയ, മാലെങ്ഗാമ്പ മീറ്റെ, സുശീല്‍ മീറ്റെ, മാര്‍സീന്യോ, അഡില്‍സണ്‍ ഗൊലാനോ, 
മുന്നേറ്റം: ഹരിചരണ്‍ നര്‍സാരി, സെമിനിയന്‍ ദൂങ്കല്‍, ഒഡെയര്‍ ഫോര്‍ട്ടലസ്, ലൂയിസ് പെയ്‌സ്, ഡാനിലോ.