ലാറ്റിനമേരിക്കയുടെ വശ്യതയ്ക്കും യൂറോപ്യന്‍ ടാക്ടിക്കല്‍ പവര്‍ഗെയിമിനും ആഫ്രിക്കന്‍കരുത്തിനും മുന്നില്‍ പലപ്പോഴും തലകുനിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു ഏഷ്യക്കാര്‍. അതിനൊരു മാറ്റംവന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. ജപ്പാന്‍-കൊറിയ ടീമുകള്‍ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തിനിന്ന 2002 ലോകകപ്പ്. ഇന്ത്യക്കാരെപ്പോലെതന്നെ ശാരീരികമായി യൂറോപ്പിനൊപ്പം പിടിച്ചുനില്‍ക്കാന്‍ പറ്റാത്തവരായിരുന്നു ജപ്പാന്‍കാരും. 

എന്നാല്‍ ചിട്ടയോടെയുള്ള പ്രൊഫഷണല്‍ സമീപനം അവരെ അതിനു പ്രാപ്തരാക്കി. അതിന് അടിത്തറപാകിയതാകട്ടെ 1993-ല്‍ തുടങ്ങിയ ജെ ലീഗ് എന്ന അവരുടെ സ്വന്തം പ്രൊഫഷണല്‍ ഫുട്ബാള്‍ ലീഗും. സമാന സാഹചര്യത്തിലൂടെയാണ് ഇന്ത്യയും കടന്നുപോകുന്നത് എന്നു വേണം കരുതാന്‍. പ്രൊഫഷണല്‍ സമീപനത്തോടെ ഐ ലീഗ് കടന്നുവന്നിട്ടും ഇന്ത്യന്‍ ഫുട്‌ബോള്‍ എങ്ങും എത്താതെ പോയതെന്ത് എന്നത് ഇന്നും തര്‍ക്കവിഷയമാണ്. അധികാരദുര്‍വിനിയോഗത്തിന്റെ കറുത്ത കഥകള്‍ നാം ഏറെ കേട്ടു. ഒടുവില്‍ 2014-ല്‍ തുടങ്ങിയ, വാണിജ്യതാത്പര്യങ്ങളാല്‍ സമ്പന്നമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന ഐ.എസ്.എല്‍. ഐ ലീഗിന് ചരമഗീതം പാടി അതിന്റെ സ്ഥാനം ഏറ്റെടുത്തു. ഈ നീക്കം ഇന്ത്യന്‍ ഫുട്ബാളിനെ വരുംകാലങ്ങളില്‍ ഏതുരീതിയില്‍ മാറ്റിമറിക്കും എന്ന് വ്യക്തമാകാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. 

നവംബറില്‍ മറ്റൊരു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ് തുടക്കമാകുന്നു. മൂന്നുവര്‍ഷം മുന്‍പ് തുടങ്ങിയ നമ്മുടെ കൊച്ചു ലീഗ് ഇന്ന് ഏറെ വളര്‍ന്നിരിക്കുന്നു. എട്ടു ടീമുകള്‍ പങ്കെടുത്തിരുന്ന ടൂര്‍ണമെന്റ് ഇന്ന് പത്തു ടീമുകളോടെ അഞ്ചുമാസം നീണ്ടുനില്‍ക്കുന്ന ഏഷ്യയിലെ മറ്റേത് ലീഗിനോടും കിടപിടിക്കാവുന്ന രീതിയിലേക്ക് വളര്‍ന്നുകഴിഞ്ഞു.

അടിമുടി മാറ്റങ്ങളോടെ കേരള ബല്‍സ്റ്റേഴ്‌സ് ഐ.എസ്.എല്ലിനായി ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൂടുതല്‍ ആരാധകരെത്തുന്ന സ്റ്റേഡിയം എന്ന വിശേഷണം കഴിഞ്ഞ മൂന്നുവര്‍ഷമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കിരീടത്തിലെ പൊന്‍തൂവലാണ്. എന്നാല്‍ രണ്ടുതവണ ഫൈനലില്‍ എത്തിയിട്ടും കിരീടം സ്വന്തമാക്കാന്‍ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞിട്ടില്ല. എവേ ഗ്രൗണ്ടില്‍പോലും പലപ്പോഴും ഹോം ടീമിന്റെ ആരാധകരെക്കാള്‍ കൂടുതല്‍ കാണാന്‍ കഴിഞ്ഞത് ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജേഴ്‌സിയാണ്. ചെന്നൈയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം തന്നെ ഏറ്റവും വലിയ ഉദാഹരണം. 

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരുപക്ഷേ, കേരള ടീമിനായി രംഗത്തുവന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇത്തവണയും ആരാധകരുടെ ഒഴുക്കിന് മാറ്റമൊന്നും ഉണ്ടാകാന്‍ ഇടയില്ല. അടുത്തിടെ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ കാണികള്‍ കുറഞ്ഞതിനെ ഇതുമായി ചേര്‍ത്തുവായിക്കേണ്ടതില്ല. മൂന്നുവര്‍ഷത്തെ കരാര്‍ കാലവധിക്കുശേഷം പുതിയ ഡ്രാഫ്റ്റിനും ട്രാന്‍സ്ഫറുകള്‍ക്കും ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പൂര്‍ണമായും മാറിക്കഴിഞ്ഞിരിക്കുന്നു. 

റെനേ മ്യൂളെന്‍സ്റ്റീന്‍എന്ന പരിശീലകന്‍

ബ്ലാസ്റ്റേഴ്‌സിന്റെ ഈ കൊല്ലത്തെ ഏറ്റവും മികച്ച നീക്കമായി ഭാവിയില്‍ വിലയിരുത്തപ്പെടാന്‍ പോകുന്നത് മാനേജരായി റെനേ മ്യൂളെന്‍സ്റ്റീനെ നിയമിച്ചതാണ്. സാക്ഷാല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ യൂത്ത്, റിസര്‍വ് ടീമുകളെ മാനേജ് ചെയ്തും പ്രധാന ടീമിന്റെ കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട് റെനേ. 

ഫെര്‍ഗൂസനോടൊപ്പം പരിശീലനതന്ത്രങ്ങള്‍ പഠിച്ച റെനേയുടെ മികവ് ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യുമെന്ന് തീര്‍ച്ച. ഫെര്‍ഡിനാന്റ്, വിടിച്, ഗിഗ്‌സ്, റൊണാള്‍ഡോ, സ്‌കോള്‍സ് തുടങ്ങിയ ഒരുപിടി വമ്പന്‍ താരങ്ങളെ പരിശീലിപ്പിച്ച അനുഭവസമ്പത്ത് ബ്ലാസ്റ്റേഴ്‌സ് ടീമിനെ അടിമുടി മാറ്റുമെന്ന് പ്രത്യാശിക്കാം. റെനേയുടെ വരവോടെ മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍ എന്നിവരെ ടീമില്‍ എത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായി. പ്രതിരോധത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ശൈലിയിലാണ് നേരത്തേ കോച്ചുമാര്‍ ബ്ലാസ്റ്റേഴ്‌സിനെ അണിനിരത്തിയത്. 

ഇംഗ്ലീഷ് മാനേജര്‍മാര്‍ പലപ്പോഴും കൗണ്ടര്‍ അറ്റാക്കിങ്ങും ലോങ് ബോള്‍ ഫുട്‌ബോളുമാണ് പരീക്ഷിച്ചിരുന്നത്. എന്നാല്‍ കളിക്കാരുടെ പ്രകടനം വേണ്ടത്ര വിജയിക്കാതെ വന്നപ്പോള്‍ പലപ്പോഴും തന്ത്രങ്ങള്‍ പാളുന്നതാണ് കഴിഞ്ഞ സീസണുകളില്‍ കണ്ടത്. തന്ത്രങ്ങളെക്കാളുപരി കളിക്കാരുടെ അര്‍പ്പണബോധമായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ മുന്നോട്ട് കൊണ്ടുപോയത്. റെനേ മ്യൂളെന്‍സ്റ്റീന്‍ എത്തരത്തിലുള്ള കേളീശൈലിയാണ് നടപ്പാക്കാന്‍ പോകുന്നതെന്നു കണ്ടറിയണം. 

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെപോലെ വിങ്ങുകളിലൂടെ വേഗമാര്‍ന്ന കൗണ്ടര്‍ അറ്റാക്കിങ് ഫുട്ബാള്‍ ആണ് കളിക്കുന്നതെങ്കില്‍ അതിന് യോജിച്ച കളിക്കാര്‍ ആണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. വിങ്ങുകളില്‍ വേഗം പകരാനും അറ്റാക്കില്‍ കരുത്തേക്കാനും പോന്ന താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചുകഴിഞ്ഞു. തന്റെ ഗുരുവായ അലക്‌സ് ഫെര്‍ഗൂസന്റെ വാക്കുകള്‍ കടമെടുത്താല്‍, ഒരു ടൂര്‍ണമെന്റ് ജയിക്കാന്‍ അത്യാവശ്യ ഘടകമായ മികച്ച ഡിഫന്‍സ് റെനേ ഇതിനോടകം ഒരുക്കിക്കഴിഞ്ഞു എന്നുവേണം കരുതാന്‍.

ബ്ലാസ്റ്റേഴ്‌സിന്റെ ട്രാന്‍സ്ഫര്‍ പോളിസിയിലെ മാറ്റവും ശ്രദ്ധേയമാണ്. മുന്‍സീസണുകളില്‍ ചെറിയവിലയ്ക്ക് താരങ്ങളെ വാങ്ങിയിരുന്ന ക്ലബ്ബ് ഇത്തവണ മികച്ച കളിക്കാരെ എടുത്തു. ഈ സീസണ്‍ മുതല്‍ മാര്‍ക്വീ സൈനിങ് എന്ന സങ്കല്പം ഐ.എസ്.എല്ലില്‍ ഇല്ല. ഐ.എസ്.എല്ലിന് ഗ്ലോബല്‍ അപ്പീല്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു പ്രായമേറെ ചെന്നിട്ടും പല പ്രമുഖ താരങ്ങളെയും ടീമില്‍ എടുത്തിരുന്നത്. അത് മാര്‍ക്കറ്റിങ്ങിലും ഇന്ത്യന്‍ താരങ്ങളുടെ അനുഭവസമ്പത്ത് വര്‍ധിപ്പിക്കാനും ഏറെ സഹായിച്ചു. ബെര്‍ബറ്റോവ്, റോബി കീന്‍, വെസ് ബ്രൗണ്‍ തുടങ്ങിയ കരാറുകളെ 'ബിഗ് മണി സൈനിങ്‌സ്' എന്നു പറയാം. ക്ലബ്ബുകള്‍ എല്ലാം തന്നെ ടീമിന്റെ ഘടനയ്ക്ക് അനുയോജ്യമായ താരങ്ങളെയാണ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. ലീഗ് അഞ്ചുമാസമായി നീട്ടിയതും ഫിറ്റ്‌നസ് ഉള്ള മികച്ച യുവതാരങ്ങളെ കൊണ്ടുവരാന്‍ പ്രേരണയായി. ബ്ലാസ്റ്റേഴ്‌സും ഒട്ടും മോശമാക്കിയില്ല. 

മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ആദ്യത്തെ ബുദ്ധിപരമായ നീക്കം സ്റ്റാര്‍ ഡിഫന്‍ഡര്‍ സന്ദേഷ് ജിങ്കനെയും സി.കെ. വിനീതിനെയും ടീമില്‍ നിലനിര്‍ത്തിയതാണ്. ഡ്രാഫ്റ്റിലേക്ക് പോയിരുന്നെങ്കില്‍ ഇവരെ മറ്റുടീമുകള്‍ കൊണ്ടുപോകുമെന്നതില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്ന ജിങ്കന്റെ സാന്നിധ്യം ടീമിന് ഗുണം ചെയ്യും. വിനീതാകട്ടെ ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനായും ഐ ലീഗില്‍ ബെംഗളൂരു എഫ്.സി.ക്കായും അടുത്തിടെ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. 

പതിവിനു വിപരീതമായി മികച്ച വിദേശതാരങ്ങളെ ടീമിലെത്തിച്ചത് മികച്ച നേട്ടം തന്നെ. റെനേയുടെ മാഞ്ചെസ്റ്റര്‍ ബന്ധങ്ങള്‍ ഏറെ പ്രയോജനപ്പെട്ടു. യുണൈറ്റഡ് ഡിഫെന്‍സിലെ നിറസാന്നിധ്യമായിരുന്ന വെസ് ബ്രൗണ്‍ ജിങ്കന്റെ കൂടെ ചേരുമ്പോള്‍ ഐ.എസ്.എല്ലിലെ മികച്ച ഡിഫന്‍സ് ബ്ലാസ്റ്റേഴ്‌സിന്റെതാകുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച ക്ലിനിക്കല്‍ സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് ഡിമിറ്റര്‍ ബെര്‍ബറ്റോവ്. ബേയര്‍ ലെവര്‍കുസന്‍, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ഫുള്‍ഹാം തുടങ്ങിയ ടീമുകള്‍ക്കായി നിരന്തരം ഗോള്‍വല ചലിപ്പിച്ച ബെര്‍ബറ്റോവിന്റെ വരവ് ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന് കരുത്തേകും. ആദ്യ സീസണിലെ ടീമിന്റെ കണ്ണിലുണ്ണിയായിരുന്ന ഇയാന്‍ ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്.

ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ ഹ്യൂം ബെര്‍ബറ്റോവിന്റെ കൂടെ ചേരുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണം ഏതൊരു പ്രതിരോധനിരയുടെയും ഉറക്കംകളയാന്‍ പര്യാപ്തമായിരിക്കുകയാണ്. ഇംഗ്ലീഷ് ലീഗ് ആരാധകര്‍ക്ക് ഏറെ സുപരിചിതമായ പേരാണ് നെമാഞ്ച. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ നെമാഞ്ച വിടിച്, മുന്‍ ചെല്‍സി താരം ഇപ്പോള്‍ യുണൈറ്റഡില്‍ കളിക്കുന്ന നെമാഞ്ച മാറ്റിച് എന്നിവരൊക്കെ നമുക്ക് പരിചിതരും പ്രിയപ്പെട്ടവരും ആണ്. സെര്‍ബിയയില്‍നിന്ന് മറ്റൊരു നെമാഞ്ച കേരളത്തിലേക്ക് വരികയാണ്. നെമാഞ്ച ലാകിച് 
പെസിച്. സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ആയ പെസിച് ടീമിന് മികച്ച ഒരു വാഗ്ദാനം ആയിരിക്കുമെന്ന് കരുതാം.

ഇന്ത്യന്‍ കളിക്കാരെ തിരഞ്ഞെടുക്കാനുള്ള ഡ്രാഫ്റ്റിലും മികച്ച നീക്കങ്ങള്‍ നടത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി. 65 ലക്ഷം കൊടുത്ത് സൈന്‍ ചെയ്ത റിനോ ആന്റോ ആണ് ഏറ്റവും വിലയേറിയ താരം. ഒരുപിടി മികച്ച ഇന്ത്യന്‍ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ എത്തിച്ചു. അന്റോയെ കൂടാതെ ഗോള്‍കീപ്പര്‍ സുബാശിഷ്, പ്രതിരോധനിരക്കാരായ ലാല്‍റുവതര, ലാല്‍താക്കിമ എന്നിവരെ ടീമിലെത്തിച്ചപ്പോള്‍ മധ്യനിരയിലാണ് കേരളം കരുത്തുകാട്ടിയത്. മിലന്‍ സിങ്, സിയം ഹങ്കല്‍, ഇസുമി, ജാക്കിചാന്ദ് സിങ് എന്നീ കരുത്തുറ്റ മധ്യനിരക്കാരെ ടീമിലെത്തിച്ചു.

ഗ്രൗണ്ടില്‍ ഇറക്കാവുന്ന വിദേശ കളിക്കാരുടെ എണ്ണം ആറില്‍നിന്ന് അഞ്ചായി കുറച്ചതിനാല്‍ നമ്മുടെ യുവതാരങ്ങള്‍ക്ക് ഈ സീസണില്‍ അവസരം കൂടും. ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആയി സുഭാഷിഷ് റോയ് ചൗധരി തന്നെ ആയിരിക്കും. മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ റച്ചുക്ക ടീമില്‍ ഉണ്ടെങ്കിലും അഞ്ചു വിദേശതാരങ്ങളെയെ ഇറക്കാന്‍ കഴിയൂ എന്നതിനാല്‍ സുഭാഷിഷിനു തന്നെ നറുക്കു വീണേക്കും. 

അഞ്ചുമാസം നീണ്ടുനില്‍ക്കുന്നതുകൊണ്ടും ഇരുവരെയും മാറിമാറി പരീക്ഷിക്കാനുള്ള സമയവും റെനേക്ക് ലഭിച്ചേക്കും. ഇവരെ കൂടാതെ കഴിഞ്ഞ കുറെവര്‍ഷമായി ബ്ലാസ്റ്റേഴ്‌സിനോടൊപ്പമുള്ള സന്ദീപ് നന്ദിയും ടീമിലുണ്ട്. പ്രതിരോധമാണ് ടീമിന്റെ പ്രധാന കരുത്ത്. സെന്‍ട്രല്‍ ഡിഫന്‍സില്‍ കോട്ടകെട്ടാന്‍ ജിങ്കന്‍, വെസ് ബ്രൗണ്‍, നെമാഞ്ച പെസിച്. വിങ്ബാക്കുകളായി റിനോ അന്റോയും ലാല്‍രുവതരയും. മികച്ച മധ്യനിരയും അറ്റാക്കും ഉള്ള ബ്ലാസ്റ്റേഴ്‌സ് നാലുപേരടങ്ങുന്ന ഡിഫന്‍സ് കളിക്കാന്‍തന്നെയാണ് സാധ്യത.

ജിങ്കന് ഡിഫന്‍സിന്റെ മധ്യത്തിലും വിങ്ബാക്കായും കളിക്കാന്‍ സാധിക്കുന്നു എന്നത് ബ്ലാസ്റ്റേഴ്‌സിന് ബോണസ് പോലെയാണ്. അതിനാല്‍ ഈ ആറു ഡിഫന്‍ഡേഴ്‌സിനെവെച്ച് പലതരം കോമ്പിനേഷന്‍ പരീക്ഷിക്കാന്‍ റെനേക്ക് സാധിക്കും. വിങ്ബാക്ക് ആയി റിനോ ആന്റോയുടെ സ്ഥാനം ഉറപ്പാണ്. ജിങ്കന്‍ വൈഡ് കളിച്ചാല്‍ ഒരേസമയം പെസിച്, ബ്രൗണ്‍ സഖ്യത്തെ ഇറക്കാനും റെനേക്ക് കഴിയും. അതേ സമയം ജിങ്കനെ ബ്രൗണിനൊപ്പം അണിനിരത്തിയാല്‍ നറുക്കുവീഴുക ലാല്‍റുവതുരക്കാകും. 

കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയുടെ എന്‍ജിന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന മെഹ്താബ് ഹുസൈന്‍ ഇക്കുറി ടീമിലില്ല. പകരം യുവനിരയാകും ബ്ലാസ്റ്റേഴ്‌സ് മധ്യനിരക്ക് കരുത്തുപകരുക. മുന്‍ ബെംഗളൂരു താരം സിയം ഹങ്കലും മിലന്‍ സിങ്ങും ആകും മൈതാനമധ്യത്തില്‍ അണിനിരക്കുക. വിങ്ങുകളില്‍ കരുത്തേകാന്‍ കേരളത്തിന്റെ സ്വന്തം സി.കെ. വിനീത്, ഇന്നത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ യുവതാരങ്ങളില്‍ ഒരാളായ ജാക്കിചാന്ദ് സിങ്, ഘാനയുടെ യുവതാരം പെക്കുസന്‍, വെറ്ററന്‍ താരം ആരാറ്റാ ഇസുമി എന്നിവരും ഉണ്ട്. വിനീത്, പെക്കുസന്‍, ജാക്കിചാന്ദ് എന്നിവരില്‍ രണ്ടു പേരായിരിക്കും ആദ്യ ഇലവനില്‍ സ്ഥാനംപിടിക്കാന്‍ സാധ്യത. 

കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ ഉള്ള വിനീത് വലതുവിങ്ങില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഇയാന്‍ ഹ്യൂം ആകും ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ട്രൈക്കര്‍ എന്ന് ഏറെക്കുറെ ഉറപ്പിക്കാം. കഴിഞ്ഞ മൂന്നു വര്‍ഷമായി ഐ എസ് എല്ലില്‍ കളിച്ചുപരിചയമുള്ള ഹ്യൂം ഇന്ത്യന്‍ സാഹചര്യങ്ങളോട് ഇണങ്ങിച്ചേര്‍ന്നുകഴിഞ്ഞു. ഐ.എസ്.എല്ലില്‍ ഏറ്റവും ഗോള്‍ നേടിയതും ഈ കനേഡിയന്‍ തന്നെ. 

ഹ്യൂമിനോടൊപ്പമോ ഹ്യൂമിന് പിന്നില്‍ സപ്പോര്‍ട്ട് സ്‌ട്രൈക്കര്‍ അല്ലെങ്കില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആയാകും ബെര്‍ബറ്റോവ് കളിക്കുക എന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിങ്ങുകളില്‍ നിന്നും വരുന്ന ക്രോസുകള്‍ വലയിലാക്കാന്‍ മിടുക്കരായ രണ്ടു സ്‌ട്രൈക്കര്‍മാരാണ് ഇരുവരും എന്നത് മഞ്ഞപ്പടയെ ഏറെ സന്തോഷിപ്പിക്കും. വിങ്ങുകളില്‍ വേഗം പകരാന്‍ വിനീതിനും ജാക്കിക്കും കഴിയുമെന്നതും ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

പ്രശാന്ത്, സഹല്‍, ലാല്‍തക്കിമ, ജിഷ്ണു, സുജിത് തുടങ്ങി ഭാവിയുടെ താരങ്ങള്‍ ആയേക്കാവുന്ന മികച്ച ഒരു യുവനിരയും ബ്ലാസ്റ്റേഴ്‌സിനുണ്ട്. ഇവരില്‍ ചിലരെല്ലാം ഒരുപക്ഷേ, ഈ ടൂര്‍ണമെന്റിന്റെ താരവും ആയേക്കാം. ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ടുവലിക്കുന്ന ഘടകങ്ങളില്‍ ഒന്നു ഗോള്‍കീപ്പിങ് ആയിരിക്കും. അതുപോലെതന്നെ മുപ്പത്തിയാറുകാരനായ ബെര്‍ബറ്റോവിന് 90 മിനിറ്റ് പൂര്‍ണ ആരോഗ്യത്തോടെ കളിക്കാനാകുമോ എന്നും സംശയമുണ്ട്. 

മികച്ച ഡിഫന്‍സും വിങ്ങും അറ്റാക്കും ഒക്കെ ഉണ്ടെങ്കിലും ഒന്നോ രണ്ടോ മികച്ച നീക്കങ്ങളിലൂടെ കളിയുടെ ടെമ്പോ നിയന്ത്രിക്കാന്‍ പറ്റുന്ന പ്ലേ മേക്കറെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷങ്ങളിലും മികച്ച ഒരു പ്ലേമേക്കറുടെ അഭാവം വ്യക്തമായിരുന്നു. അതിനാല്‍തന്നെ വിങ്ങിലൂടെ ആയിരിക്കാം ഭൂരിഭാഗം ആക്രമണങ്ങളും റെനേ പ്ലാന്‍ ചെയ്യുക. 

കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ശത്രു അയല്‍ക്കാരായ ചെന്നൈയിന്‍ എഫ്.സി. ആയിരുന്നു. മറ്റരെസിയുമായി ഉണ്ടായ, കളിക്കു പുറത്തെ പ്രശ്നങ്ങള്‍ നാം കണ്ടതുമാണ്. ഇത്തവണ അവരെ കൂടാതെ രണ്ടു പുതിയ ശത്രുക്കള്‍ കൂടി ബ്ലാസ്റ്റേഴ്‌സിനുണ്ട്. ഇതിനോടകം ബെംഗളൂരു എഫ്.സി. ആരാധകരും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും അങ്കംകുറിച്ചുകഴിഞ്ഞു. കൂടാതെ മുന്‍ കേരള മാനേജര്‍ ആയിരുന്ന സ്റ്റീവ് കോപ്പല്‍ നയിക്കുന്ന ജംഷദ്പുര്‍ എഫ്.സി.യും ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന എതിരാളികളാണ്. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മെഹ്താബ് ഹുസൈന്‍, ബെല്‍ഫോര്‍ട് എന്നിവരെ ടീമിലെത്തിച്ച കോപ്പല്‍, കേരള താരം അനസിനെയും റാഞ്ചി.

പുതിയ യുഗത്തിലേക്ക് കടക്കുന്ന ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും പുത്തന്‍ ടീമുമായി അണിനിരക്കുന്നത് ഏറെ പ്രതീക്ഷകളോടെയാണ്. ഐ.എസ്.എല്‍. ചാമ്പ്യന്മാര്‍ക്ക് എ.എഫ്.സി. കപ്പിന് യോഗ്യത ലഭിക്കും എന്നതും അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധ നേടാനുള്ള അവസരമാണെന്നിരിക്കെ ഐ.എസ്.എല്‍. ക്ലബ്ബുകള്‍ക്ക് മികച്ചൊരു അവസരമാണ് ഇത്തവണ.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം

ഗോള്‍കീപ്പര്‍: പോള്‍ റച്ചുബ്ക, സുഭാഷിഷ് റോയ് ചൗധരി, സുജിത്, സന്ദീപ് നന്ദി.
പ്രതിരോധം: വെസ് ബ്രൗണ്‍, നെമാഞ്ജ ലാകിക് പെസിക്, ലാല്‍റുവാതാര, ലാല്‍തകിമ, പ്രിതം കുമാര്‍ സിങ്, റിനോ ആന്റോ, സാമുവല്‍ ഷഡാപ്, സന്ദേശ് ജിംഗാന്‍
മധ്യനിര: സഹല്‍ അബ്ദുല്‍ സമദ്, അറാട്ട ഇസുമി, അജിത് ശിവന്‍, കറേജ് പെകുസണ്‍, കെസറണ്‍ കിസിറ്റോ,
മുന്നേറ്റം: സി.കെ. വിനീത്, ജാക്കിചന്ദ് സിങ്, ജിഷ്ണു ബാലകൃഷ്ണന്‍, ലോകന്‍ മീറ്റെ, മിലന്‍ സിങ്, സിയാം ഹാങ്ങല്‍, കരണ്‍ സാവ്‌നെയ്, കെ. പ്രശാന്ത്, ഇയാന്‍ ഹ്യൂം, മാര്‍ക്ക് സിഫ്‌നോസ്, ദിമിത്രി ബെര്‍ബറ്റോവ