ല്‍ഹി ഡൈനാമോസ് ഇക്കുറി വലിയ മാറ്റങ്ങളുമായാണ് പന്തുതട്ടാനിറങ്ങുന്നത്. കഴിഞ്ഞ രണ്ടുസീസണുകളിലും സെമിഫൈനല്‍ കളിച്ച ഡല്‍ഹിയുടെ 2017-18 സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത 'യുവത്വ'മാണ്. ദീര്‍ഘവീക്ഷണത്തില്‍ രൂപവത്കരിച്ച ടീമില്‍ ലോകഫുട്‌ബോളിലെ വലിയ പേരുകളൊന്നുമില്ല. അലെസാന്ദ്രോ ഡെല്‍പിയറോയും ഫ്ളോറെന്റ് മലൂദയും കളിച്ച ഡൈനാമോസ് ജേഴ്‌സിയില്‍ ഇത്തവണ മാര്‍ക്യു പ്ലെയര്‍ ഇല്ല എന്നതാണ് സവിശേഷത. 
 
ജിയാന്‍ലൂക്ക സംബ്രോട്ട എന്ന കോച്ചിന്റെ ശിക്ഷണത്തില്‍ കഴിഞ്ഞ സീസണില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ്ചെയ്ത ഡൈനാമോസ് ഇത്തവണ മിഗ്വേല്‍ ഏഞ്ചല്‍ പോര്‍ട്ടുഗല്‍ എന്ന സ്പാനിഷ് കോച്ചിന്റെ ശിക്ഷണത്തിലാണ് പന്തുതട്ടുക. യുവത്വത്തിനും പരിചയസമ്പന്നതയ്ക്കും മുന്‍തൂക്കംനല്‍കിക്കൊണ്ടാണ് മിഗ്വേല്‍ ടീമിനെ ഒരുക്കുന്നത്. 
 
യൂത്ത് പോളിസി 
 
'ലയണ്‍സ്' എന്നറിയപ്പെടുന്ന ഡല്‍ഹി ഡൈനാമോസ്, ഒരു സീസണുവേണ്ടി ടീമിനെ അണിയിച്ചൊരുക്കുക എന്ന ലക്ഷ്യം മാറ്റി ഭാവിയെ മുന്‍കണ്ട് ടീമിനെ ഒരുക്കുക, യുവ ടാലന്റുകളെ ചെറുപ്പത്തിലേ കണ്ടെത്തി മികച്ച പരിശീലനം നല്‍കി അവരുടെ കഴിവ് തേച്ചുമിനുക്കുക എന്നതിന് ഊന്നല്‍നല്‍കുന്നു. 'വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യം' എന്നു വിശ്വസിക്കുന്ന ഡയറക്ടര്‍ രോഹന്‍ ശര്‍മയാണ് ഈ മാറ്റത്തിനു പിന്നില്‍. ഡൈനാമോസിന്റെ മാത്രം സവിശേഷതയാണ് ഒരു ലേഡി അംബാസഡര്‍ എന്നത്. പ്രധാന ടീമിനൊപ്പം ഒരു റിസര്‍വ് ടീമും ഉള്ള നാല് ഐ.എസ്.എല്‍. ടീമുകളിലൊന്നാണ് ഡല്‍ഹി ഡൈനാമോസ്. ബെംഗളൂരു, ഗോവ, ചെന്നൈ ടീമുകളാണ് നിലവില്‍ റിസര്‍വ് ഉള്ള മറ്റു ഫ്രാഞ്ചൈസികള്‍. ഐ ലീഗില്‍ തങ്ങളുടെ റിസര്‍വ് ടീം കളിക്കുകയും വളര്‍ന്നുവരുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് അതില്‍ അവസരം ലഭിക്കുകയും ചെയ്യുമ്പോള്‍ പരിശീലനം ലഭിച്ച ശക്തമായ ടാലന്റ് പൂള്‍ പ്രധാന ടീമിനായി ബൂട്ടുകെട്ടാന്‍ സജ്ജമായിട്ടുണ്ടാകും. 
 
ടീം ഉണരുന്നു
 
കഴിഞ്ഞവര്‍ഷം ഡൈനാമോസിനായി ബൂട്ടുകെട്ടിയ താരങ്ങളെ ടൂര്‍ണമെന്റ് ആരംഭിക്കും മുന്‍പ് നഷ്ടപ്പെട്ട അവസ്ഥയിലാണ് ടീം. ആരെയും നിലനിര്‍ത്താതെ ഓക്ഷനില്‍ വിട്ട ടീമിന് കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവ് മര്‍സെലിഞ്ഞോയെ നഷ്ടപ്പെട്ടത് കനത്ത തിരിച്ചടിയാകും. 10 ഗോളുകള്‍ നേടി ടോപ് സ്‌കോററായ മര്‍സെലിഞ്ഞോ കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ ഇന്ധനമായിരുന്നു. ഇക്കൊല്ലം മെര്‍സലീഞ്ഞോ പുണെയുടെ കുപ്പായത്തില്‍ പന്ത് തട്ടും. ഇന്ത്യന്‍ താരമായ മലയാളി ഡിഫെന്‍ഡര്‍ അനസ് എടത്തൊടികയെ നവാഗതരായ ജംഷേദ്പുര്‍ എഫ്.സി. സ്വന്തമാക്കി. അനസിന്റെ അഭാവം പ്രതിരോധത്തെ ദുര്‍ബലമാക്കും. 
 
ഗോളുകളും അസിസ്റ്റുകളുമായി കളംനിറഞ്ഞു കളിച്ച മലൂദയെയും ടീം കൈവിട്ടു. മാര്‍ക്കോസ് തെബാര്‍ (പുണെ), മെമോ (ജംഷേദ്പുര്‍) എന്നിവരും ഈ സീസണില്‍ ഡൈനാമോസിന്റെ കുപ്പായത്തിലുണ്ടാകില്ല. എട്ടു വിദേശകളിക്കാരെ സൈന്‍ചെയ്യാം എന്നിരിക്കെ ഏഴുപേരെ മാത്രമാണ് ഡൈനാമോസ് എടുത്തിരിക്കുന്നത്. അതില്‍തന്നെ എല്ലാവരും ടോപ് ഫ്ലൈറ്റ് ഫുട്‌ബോളില്‍ ഇനിയും നല്ലകാലം ബാക്കിയുള്ളവരും. വിദേശകളിക്കാരുടെ തിരഞ്ഞെടുപ്പിലും യുവത്വവും പരിചയസമ്പന്നതയും ചേര്‍ന്ന കളിക്കൂട്ടം!
 
പരിശീലനം
 
മാനേജര്‍ മിഗ്വേല്‍ പോര്‍ച്ചുഗല്‍, അസിസ്റ്റന്റ്‌സ് ഗോണ്‍സാലോ യര്‍സ, മാര്‍ട്ടിന്‍ റൂയിസ് എന്നിവരെല്ലാം സ്‌പെയിനില്‍നിന്നുള്ളവര്‍. മിഗ്വേലിന്റെ അനുഭവസമ്പത്തും ലാലിഗ ടീം അത്‌ലറ്റിക് ബില്‍ബാവോ കോച്ചിങ് സ്റ്റാഫില്‍ അംഗമായിരുന്ന യര്‍സയും ഗോള്‍കീപ്പിങ് കോച്ച് മാര്‍ട്ടിനും ചേരുമ്പോള്‍ മികച്ച കോച്ചിങ് സ്റ്റാഫിനെ ഒരുക്കാന്‍ ഡൈനാമോസിനായി. ഇവരോടൊപ്പം ഇന്ത്യന്‍ അസിസ്റ്റന്റ് ശക്തി ചൗഹാനും
 
ഗോള്‍ കീപ്പര്‍
 
ഇരുപത്തിമൂന്നുകാരന്‍ ആല്‍ബിനോ ഗോമസാണ് ഇത്തവണ ഡൈനാമോസിനായി വല കാക്കുക. സാല്‍ഗോക്കര്‍, മുംബൈ എഫ്.സി., ഐസ്വാള്‍ എഫ്.സി. എന്നിവര്‍ക്കായി കളിച്ചിട്ടുള്ള ഗോമസ് അണ്ടര്‍ 23 ഇന്ത്യന്‍ വല കാത്തിട്ടുണ്ട്. പരിചയസമ്പന്നനായ അര്‍ണബ് ദാസ് ശര്‍മ, സുഖ്‌ദേവ് പാട്ടീല്‍ എന്നിവര്‍ ബാക്കപ്പ് ആയും ഉണ്ട്. സീസണ്‍ മുഴുവന്‍ ഇന്ത്യന്‍താരങ്ങള്‍തന്നെയാവും ഡൈനാമോസിനായി വല കാക്കുക. മത്സരപരിചയവും വിദേശകോച്ചിന്റെ മാര്‍ഗനിര്‍ദേശങ്ങളും അവരുടെ മികവിനെ മറ്റൊരു തലത്തില്‍ എത്തിക്കും. 
 
പ്രതിരോധം
 
'മികച്ച മുന്നേറ്റനിര, മത്സരങ്ങള്‍ ജയിപ്പിക്കും. മികച്ച പ്രതിരോധനിര ചാമ്പ്യന്‍ഷിപ്പുകളും' ഫുട്‌ബോളിന്റെ അടിസ്ഥാനവാക്യം എന്നു വേണേല്‍ വിശേഷിപ്പിക്കാം. കപ്പ് ഉയര്‍ത്തണമെങ്കില്‍ ഗോളുകള്‍ അടിച്ചാല്‍ മാത്രം പോരാ, എതിരാളിയുടെ നീക്കങ്ങളുടെ മുനയൊടിച്ച് അവരെ ഗോള്‍ നേടാതിരിക്കാനും ശ്രദ്ധിക്കണം. അണ്ടര്‍ 18 ഇന്ത്യന്‍ താരങ്ങളായ ജയാനന്ദ സിങ്, കിഷന്‍സിങ് എന്നിവരെ ടീമിലെത്തിച്ച ഡൈനാമോസ് അവിടെയും യുവകളിക്കാരില്‍ വിശ്വാസമര്‍പ്പിക്കുന്നു. സെന്റര്‍ ബാക്കായും ഫുള്‍ ബാക്കായും കളിക്കാന്‍കഴിയുന്ന ജയാനന്ദയും ലെഫ്റ്റ് ബാക് കിഷന്‍ സിങ്ങും സാഫ് അണ്ടര്‍ 16 ടൂര്‍ണമെന്റ് വിജയിച്ച ഇന്ത്യടീമിലുണ്ടായിരുന്നു.
 
സ്പാനിഷ് മൂന്നാംഡിവിഷനില്‍ കളിച്ച അനുഭവസമ്പത്തുമായി റൈറ്റ്ബാക് എടു മോയയും ഗബ്രിയേല്‍ സിസെറോ എന്ന വെനസ്വേലന്‍ ദേശീയതാരവുമാണ് പ്രതിരോധത്തിലെ വിദേശികള്‍. ഇവരോടൊപ്പം ഇന്ത്യന്‍താരം പ്രീതം കോട്ടല്‍, റൗലിസണ്‍ റോഡ്രിഗെസ്, സംഗ റാള്‍ട്ടെ, പ്രതീക് ചൗധരി, മുനം ലുഗുന്‍, എന്നിവര്‍ ചേരുമ്പോള്‍ അനുഭവസമ്പത്തും യുവത്വവും പ്രതിരോധത്തില്‍ തെളിഞ്ഞുകാണാം. മോഹന്‍ ബഗാനോടൊപ്പം ഐ ലീഗ് വിജയിച്ച റൈറ്റ് ബാക്, പ്രതീക് കോട്ടല്‍ ആക്രമണത്തിലും പ്രതിരോധത്തിലും മികവുപുലര്‍ത്തുന്നു. മുനം ലുഗുന്, സാജിദ് ദോത്, മോയ എന്നിവരെല്ലാം ഒന്നില്‍ കൂടുതല്‍ പൊസിഷനില്‍ കളിക്കാന്‍കഴിവുള്ളവരാണ്.
 
മധ്യനിര
 
ബ്രസീലിയന്‍താരം പോളിഞ്ഞോ ഡയസ് ആണ് ടീമിന്റെ എന്‍ജിന്‍. ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍ ആയ ഡയസ് ആവും ഈ സീസണില്‍ ഡൈനാമോസിന്റെ പ്രതിരോധവും മുന്നേറ്റവും ബന്ധിപ്പിക്കുന്ന കണ്ണി. എതിരാളികളുടെ ആക്രമണത്തിന്റെ മുനയൊടിക്കാനും പൊസഷന്‍ തിരികെ നേടാനും മിടുക്കനായ ഈ ബ്രസീലുകാരനാണ് ഇത്തവണ ആങ്കര്‍ റോള്‍ കൈകാര്യംചെയ്യുക. മതിയാസ് മിറാബ്‌ജെ എന്ന ഉറുഗ്വായന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഗോള്‍ അടിപ്പിക്കാനുമുണ്ടാകും. 
 
ഇരുവരും ഇതിനു മുന്‍പും കോച്ച് മിഗ്വേലിനു കീഴില്‍ കളിച്ചിട്ടുണ്ട് . ഇവരോടൊപ്പം ടാറ്റ അക്കാദമിയുടെ സംഭാവനകളായ സിമ്രന്‍ജിത് സിങ്ങും വിനീത് റായും മുന്‍ നോര്‍ത്ത് ഈസ്റ്റ് താരം സത്യാസെന്‍ സിങ്ങും ചേരുമ്പോള്‍ ഭേദപ്പെട്ട മധ്യനിരയും ഡൈനാമോസിന് സ്വന്തം. സെന്റര്‍ റോളിലും വൈഡ് അറ്റാക്കിങ് റോളിലും കളിക്കാന്‍കഴിവുള്ള ഡേവിഡ് ഗെയിറ്റ്, മുന്‍ ഡെംപോ താരം റോമിയോ ഫെര്‍ണാണ്ടസ്, ചെന്നൈ എഫ്.സി.യില്‍നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കുന്ന ഇരുപത്തിയൊന്നുകാരന്‍ നന്ദകുമാര്‍ എന്നിവരും ചേരുന്ന മധ്യനിര കടലാസില്‍ അത്ര ശക്തമല്ല. എങ്കിലും ഒരു ടീം എന്ന നിലയില്‍ താളം കണ്ടെത്താനായാല്‍ ഗോള്‍ നേടുക എന്നത് യുവനിരയ്ക്ക് എളുപ്പമായിരിക്കും.
 
മുന്നേറ്റം
 
കാലു ഒച്ചേ എന്ന നൈജീരിയന്‍ സ്‌ട്രൈക്കറാണ് ഇത്തവണ ടീമിന്റെ കുന്തമുന. പുണെക്കുവേണ്ടി ഐ.എസ്.എല്ലില്‍ ബൂട്ടുകെട്ടിയിട്ടുള്ള ഒച്ചേ നാലു ഗോളുകളും നേടിയിരുന്നു. ലാലിഗ ടീം അല്‍മേറിയയ്ക്കും ഫ്രഞ്ച് ടീം ബോര്‍ഡെക്‌സിനും നൈജീരിയയ്ക്കുവേണ്ടി 2010 ലോകകപ്പിലും കളിച്ച ഈ വെറ്ററന്‍ താരത്തിന്റെ അനുഭവസമ്പത്തും കൈമോശംവന്നിട്ടില്ലാത്ത മികവും ഡൈനാമോസിന്റെ കുതിപ്പില്‍ നിര്‍ണായകമാകും. 
ഡച്ച് താരങ്ങളായ ഗുയോന്‍ ഫെര്‍ണാണ്ടസ്, ഇരുപത്തിരണ്ടുകാരന്‍ ഡച്ച് വിങ്ങര്‍ ജിറോണ്‍ ലുമു എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ യുവ സെന്‍സേഷന്‍ ലല്ലിയന്‍സുവാല ചാങ്‌തെയും ചേരുന്ന മുന്നേറ്റനിര ശക്തമാണ്.
 
പല യൂറോപ്യന്‍ മുന്‍നിര ടീമുകളും നോട്ടമിട്ടിരുന്ന ജിറോണ്‍ ലുമുവിന്റെ പ്രകടനങ്ങളും ഒപ്പം ഇന്ത്യന്‍താരം ചാങ്‌തെയുടെ ഗോളടിമികവും കഴിഞ്ഞ സീസണിലെപ്പോലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇക്കുറിയും ഡൈനാമോസിനെ സഹായിക്കും. പ്രകടനമികവുകൊണ്ട് ലിവര്‍പൂള്‍ അക്കാദമി ട്രയല്‍സിന് തിരഞ്ഞെടുക്കുകയും അതിലെ മികച്ച പ്രകടനത്തിലൂടെ ശിവാജിയന്‍സ് എഫ്.സി. അണ്ടര്‍ 19-ലേക്ക് വാതില്‍ തുറക്കുകയും ചെയ്തപ്പോള്‍ 16 ഗോളുകളുമായി ടോപ്‌സ്‌കോറര്‍ ആയ ഈ മിസോറംകാരന്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതീക്ഷയാണ്. സ്‌പെയിനിലും ഖത്തറിലും ആയി കളിച്ച പ്രീ സീസണ്‍ മത്സരങ്ങളില്‍ ഏറ്റവും തിളങ്ങിയ ഗുയോണ്‍ ഫെര്‍ണാണ്ടസ് കൂടി ചേരുമ്പോള്‍ മര്‍സെലിഞ്ഞോ പോയ കുറവ് അറിയില്ല എന്നു കരുതാം. 
 
ശക്തിയും ദൗര്‍ബ്ബല്യവും
 
കഴിഞ്ഞവര്‍ഷം ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമിന് (27) ഇത്തവണയും അത് ആവര്‍ത്തിക്കാനാകുമോ എന്ന് കാത്തിരുന്നു കാണാം. 10 ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തംപേരിലാക്കിയ ഗോള്‍ഡന്‍ ബൂട്ട് വിജയി മര്‍സെലിഞ്ഞോ ടീമില്‍ ഇല്ല. മൂന്നുഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയ മലൂദയും അഞ്ചുഗോളും നാല് അസിസ്റ്റുകളും നേടിയ റിച്ചാഡ് ഗഡ്‌സിയും ടീമില്‍ ഇല്ല. 
 
കഴിഞ്ഞ സീസണിന്റെ കണ്ടെത്തലായ ഇന്ത്യന്‍ താരം കീന്‍ ലൂയിസിനെ പുണെ സ്വന്തമാക്കി. ചുരുക്കിപ്പറഞ്ഞാല്‍ അടിമുടി അഴിച്ചുപണിത ഒരു ടീം. പരിചയസമ്പത്ത് കുറഞ്ഞ യുവതാരങ്ങളാല്‍ സമ്പന്നമായ ടീം. കഴിവുതെളിയിച്ചവരെ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടത് ടീമിന്റെ സാധ്യതകളെ തെല്ലൊന്ന് ബാധിച്ചിട്ടുണ്ട്. 
 
എങ്കിലും അവസരം കാത്തുനില്‍ക്കുന്ന യുവതാരങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരും എന്നുതന്നെയാണ് മാനേജ്‌മെന്റിന്റെ വിശ്വാസം. ബെര്‍ബെറ്റോവ്, റോബി കീന്‍ പോലെ വലിയ താരങ്ങള്‍ എതിരാളികള്‍ക്കായി അണിനിരക്കുമ്പോള്‍ പ്രതീക്ഷ കൈവെടിയേണ്ട കാര്യമില്ല ഡൈനാമോസ് ആരാധകര്‍ക്ക്. 
 
ശക്തി: തന്റെ യുവനിരയില്‍ വിശ്വാസമുള്ള കോച്ചും പ്രതിഭാധനരായ ഒരുപറ്റം കളിക്കാരുംതന്നെയാണ് ശക്തി. 4-3-3 ഫോര്‍മേഷനില്‍ തന്റെ കളിക്കാരുടെ മികവ് പൂര്‍ണമായും ഉപയോഗിക്കാനും വേഗമേറിയ നീക്കങ്ങള്‍ സൃഷ്ടിക്കാനുംപോന്ന കളിക്കാര്‍ അറ്റാക്കിങ് വിഭാഗത്തിലുണ്ട്. 
 
ദൗര്‍ബല്യം: പുതിയ സ്‌ക്വാഡ് ഒത്തിണക്കം കാട്ടാന്‍ സമയമെടുത്തേക്കാം. പരിചയസമ്പത്തു കുറഞ്ഞ സംഘം ടൂര്‍ണമെന്റ് പകുതിയാകുമ്പോള്‍മാത്രം താളം കണ്ടെത്തുന്ന പ്രവണതയാണ് ഡൈനാമോസിന്റെ കാര്യത്തില്‍ ഇതുവരെ നാം കണ്ടത്. അതിന് മാറ്റംവരുത്താന്‍ പ്രീസീസണ്‍ മാച്ചുകളില്‍ നേടിയ അനുഭവം ടീമിനെ സഹായിക്കണം. കഴിഞ്ഞവര്‍ഷം കളിച്ച ടീമിലെ ആരെയും നിലനിര്‍ത്താഞ്ഞത് പോരായ്മയാണ്. എങ്കിലും അഞ്ചുമാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ഒരു ടീമായി ഒത്തിണങ്ങാന്‍ ആവോളം സമയം ലഭിക്കും എന്നിരിക്കെ  ്രപവചനങ്ങള്‍ക്ക് സ്ഥാനമില്ല. 
 
ഡല്‍ഹി ടീം
 
ഗോള്‍കീപ്പര്‍: ആല്‍ബിനോ ഗോമസ്, സുഖ്‌ദേവ് പട്ടേല്‍, അര്‍ണബ് ദാസ്. 
പ്രതിരോധം: പ്രിതം കോട്ടാല്‍, സെന റാള്‍ട്ടെ, ഗബ്രിയല്‍ സിചെറോ, എഡു മോയ, പ്രാടിക് ചൗധരി, മുഹമ്മദ് സാജിദ് ദോട്ട്, റോവില്‍സണ്‍ റോഡ്രിഗസ്, സിമ്രന്‍ജിത് സിങ്, ജയാനന്ദ സിങ്, മുന്‍മുന്‍ ലുഗുന്‍, കിഷന്‍ സിങ്.
മധ്യനിര: പൗളിന്യോ ഡയസ്, മാത്യസ് മിറാബജെ, ഡേവിഡ് എന്‍ഗിറ്റെ, റോമിയോ ഫെര്‍ണാണ്ടസ്, വിനീത് റായ്, സെയ്ത്യാസെന്‍ സിങ്, നന്ദകുമാര്‍.
മുന്നേറ്റം: ലാലിയന്‍സുല ചാങ്‌ട്ടെ, കാളും ഉച്ചെ, ഗയോണ്‍ ഫെര്‍ണാണ്ടസ്, ജെറോണ്‍ ലുമു.