റെ മാറ്റങ്ങളോടെ ഐ.എസ്. എല്‍. നാലാംപതിപ്പ് എത്തുമ്പോള്‍ ചെന്നൈയിന്‍ എഫ്.സി. ടീമിലും അടിമുടി മാറ്റം സംഭവിച്ചിട്ടുണ്ട്. പരിശീലകന്‍ മുതല്‍ കളിക്കാരുടെ തിരഞ്ഞെടുപ്പില്‍വരെ ആ മാറ്റം പ്രകടമാണ്. വെറും പതിനഞ്ചു പോയന്റുമായി കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്ന ടീം ജോണ്‍ ഗ്രിഗറി എന്ന പുതിയ പരിശീലകന്റെ കീഴിലാണ് ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെത്തുന്നത്.

കഴിഞ്ഞ മൂന്ന് സീസണുകളായി ടീമിനൊപ്പമുണ്ടായിരുന്ന മാര്‍ക്കോ മറ്റെരാസി ഇല്ലാതെയാണ് മറീന മച്ചാന്‍സിന്റെ വരവ്. മാര്‍ക്കോ മറ്റെരാസിക്ക് പകരം ആസ്റ്റണ്‍ വില്ല മുന്‍ പരിശീലകന്‍ ജോണ്‍ ഗ്രിഗറിയെ പരിശീലകവേഷം ഏല്‍പ്പിച്ച ചെന്നൈയിന്‍ മാനേജ്‌മെന്റിന്റെ ലക്ഷ്യം 2015-ന് ശേഷം മറ്റൊരു ഐ.എസ്.എല്‍. കിരീടം സ്വന്തം ഷെല്‍ഫിലെത്തിക്കുക എന്നതാണ്.

മികച്ച താരനിരതന്നെയാണ് ഇത്തവണയും ടീമിനൊപ്പമുള്ളത്. ഏറെ ഹോം വര്‍ക്ക് നടത്തിയശേഷം ഡ്രാഫ്റ്റിനെ സമീപിച്ചതുകൊണ്ട് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ ടീം മാനേജ്‌മെന്റിന് കഴിഞ്ഞു. 53 ലക്ഷം രൂപയ്ക്ക് ടീം സ്വന്തമാക്കിയ മുന്‍ മുംബൈ എഫ്.സി. താരം തൊയ് സിങ് മധ്യനിരയ്ക്ക് മുതല്‍ക്കൂട്ടാകും. 

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് വേണ്ടിയുള്ള മികച്ച പ്രകടനങ്ങളോടെ ശ്രദ്ധയാകര്‍ഷിച്ച മിഡ്ഫീല്‍ഡര്‍ ബിക്രം ജിത്ത് സിങ്ങിനെയും കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫിയെയും സ്വന്തമാക്കിയതിനൊപ്പം പ്രതിരോധനിരക്കാരന്‍ ധനചന്ദ്ര സിങ്ങിനെ ടീമിലേക്ക് തിരിച്ചെത്തിക്കാനും ഡ്രാഫ്റ്റിലൂടെ അവര്‍ക്ക് കഴിഞ്ഞു. ഡ്രാഫ്റ്റിലെ മറ്റൊരു നേട്ടം ഇന്ത്യന്‍ അണ്ടര്‍ 23 ടീമിനുവേണ്ടി ഇതിനോടകം മികച്ച പ്രകടനം നടത്തിയ ജെര്‍മന്‍പ്രീത് സിങ്ങിനെ സ്വന്തം കൂടാരത്തിലെത്തിക്കാന്‍ കഴിഞ്ഞതാണ്. ഇതിലൂടെ ടീമിന്റെ മധ്യനിര കുറ്റമറ്റതാക്കാന്‍ മാനേജ്‌മെന്റിന് സാധിച്ചു. മധ്യനിര പ്രതിരോധ താരങ്ങളെ വാങ്ങാന്‍ കാണിച്ച ആവേശം സ്‌ട്രൈക്കര്‍മാരുടെ കാര്യത്തില്‍ കാണിക്കാതിരുന്നത് വിനയാകുമോയെന്ന് കണ്ടറിയണം.

മുന്‍ സീസണുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ദുര്‍ബലമായ മുന്നേറ്റനിരയാണ് ഇത്തവണ. മികച്ച ഫോമിലുള്ള ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുല നയിക്കുന്ന മുന്നേറ്റനിരയില്‍ നൈജീരിയന്‍ താരം ജൂഡ് ന്വാറോയും ഡച്ച് യുവതാരം ഗ്രിഗറി നെല്‍സണും ബൂട്ട് കെട്ടും. ജെജെയെ മാറ്റിനിര്‍ത്തിയാല്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന മറ്റ് താരങ്ങളില്ല. നല്ല പ്രായം കഴിഞ്ഞ മുഹമ്മദ് റാഫി എത്രത്തോളം തിളങ്ങുമെന്ന് കണ്ടറിയണം.

മുന്‍ വലന്‍സിയ താരം ജാമി ഗാവിലാന്റെ നേതൃത്വത്തിലുള്ള മധ്യനിരയില്‍ ബ്രസീലിയന്‍ താരം റാഫേല്‍ അഗസ്‌തോയും സ്ലൊവേനിയന്‍ യുവതാരം റെനെ മിച്ചലിക്കിനുമൊപ്പം ഇന്ത്യന്‍ പ്രതിഭകളായ ജെര്‍മന്‍പ്രീത് സിങ്ങും ബിക്രം ജിത് സിങ്ങും കളി മെനയും. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയ തൊയ് സിങ് മധ്യനിരയില്‍ നേട്ടമാകും. മുംബൈ എഫ്.സി.ക്കുവേണ്ടി ഐ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചശേഷമാണ് താരത്തിന്റെ മടങ്ങിവരവ്. ഡല്‍ഹി ഡൈനാമോസിന്റെയും പുണെ സിറ്റിയുടെയും മുന്‍ താരം ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, അനിരുദ്ധ് ഥാപ, ധനപാല്‍ ഗണേഷ് എന്നിവരാണ് മിഡ്ഫീല്‍ഡിലെ മറ്റ് ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.

ടീമിന്റെ ഏറ്റവും വലിയ ശക്തി പ്രതിരോധമാണ്. ക്യാപ്റ്റന്‍ ഇനിഗോ കാല്‍ഡറോണ്‍ നയിക്കുന്ന പ്രതിരോധത്തില്‍ കോട്ടകെട്ടാന്‍ ബ്രസീലിയന്‍ താരം മെയില്‍സണ്‍ ആല്‍വസും പോര്‍ച്ചുഗീസ് താരം ഹെന്റിക്ക് സെറനോയുമുണ്ട്. എന്നാല്‍ എതിരാളികളെ കൂടുതല്‍ ഭയപ്പെടുത്തുക കഴിഞ്ഞ സീസണിലെ ഐ.എസ്.എല്‍. എമര്‍ജിങ് പ്ലെയര്‍ കൂടിയായ ഇന്ത്യന്‍ യുവതാരം ജെറി ലാല്‍റിന്‍സ്വാലയാകും. ജെറിക്ക് കൂട്ടായി കീനന്‍ അല്‍മൈഡയ്ക്കും ധനചന്ദ്ര സിങ്ങിനും തിളങ്ങാന്‍ കഴിഞ്ഞാല്‍ ചെന്നൈ പ്രതിരോധം മറികടക്കാന്‍ എതിരാളികള്‍ വിയര്‍ക്കുമെന്നുറപ്പ്.

കഴിഞ്ഞ സീസണുകളില്‍നിന്ന് വിഭിന്നമായി വിദേശ ഗോള്‍കീപ്പറില്ലാതെയാണ് ചെന്നൈയിന്റെ വരവ്. കഴിഞ്ഞ സീസണില്‍ ഗോള്‍വല കാത്ത ഇന്ത്യന്‍ താരം കരണ്‍ ജിത് സിങ് തന്നെയാകും ഇത്തവണയും ടീമിന്റെ ഗോളി. കൂട്ടിന് മലയാളി താരം ഷഹിന്‍ലാലും മുന്‍ ബെംഗളൂരു എഫ്.സി. താരം പവന്‍ കുമാറുമുണ്ട്. എതിരാളികളുടെ ആക്രമണത്തിന് മുന്‍പില്‍ ഇവര്‍ക്ക് എത്രത്തോളം തിളങ്ങാനാവും എന്നതുകൂടി ആശ്രയിച്ചാവും ചെന്നൈയിന്റെ മുന്നോട്ടുള്ള യാത്ര.

മാര്‍ക്കോ മറ്റെരാസി, എലാനോ, അലസാന്ദ്രോ നെസ്റ്റ, ജോണ്‍ ആര്‍നെ റീസ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ കളിച്ച ടീമില്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്ന സൂപ്പര്‍താരങ്ങളൊന്നും ഇത്തവണ ഇല്ല എന്നത് എടുത്ത് പറയണം.

മുന്‍ ഇംഗ്ലണ്ട് താരമായിരുന്ന ജോണ്‍ ഗ്രിഗറിയാണ് ഇത്തവണ ടീമിന്റെ പരിശീലകന്‍. പോര്‍ട്ട്‌സ്മൗത്ത്, ആസ്റ്റണ്‍ വില്ല, ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളെ പരിശീലിപ്പിച്ച മികവുമായാണ് അദ്ദേഹം ചെന്നൈയിനിലെത്തുന്നത്. നിരാശമാത്രം സമ്മാനിച്ച കഴിഞ്ഞ സീസണില്‍നിന്ന് ടീമിനെ വിജയവഴിയിലേക്കും അവിടന്ന് കിരീടനേട്ടത്തിലേക്കും എത്തിക്കുക എന്നതാണ് ഗ്രിഗറിയുടെ ദൗത്യം.

സ്പാനിഷ് റൈറ്റ്ബാക്കായ ക്യാപ്റ്റന്‍ ഇനിഗോ കാല്‍ഡറോണ്‍ ലാ ലീഗ ടീമായ അലാവസിന്റെ മുന്‍ താരമാണ്. മുപ്പത്തിയഞ്ചുകാരനായ കാല്‍ഡറോണ്‍ 433 ക്ലബ്ബ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഈ പരിചയസമ്പത്ത് ചെന്നൈയിന് മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പ്.

ശ്രദ്ധിക്കേണ്ട താരം: ജെറി ലാല്‍ റിന്‍സ്വാല
ഭാവി ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതീക്ഷയായ ഈ ചെറുപ്പക്കാരന്‍തന്നെയാവും ഐ.എസ്.എല്‍ നാലാം സീസണിലും ചെന്നൈയിന്റെ താരം. വെറും 19 വയസ്സ് മാത്രം പ്രായമുള്ള ഈ മിസോറം പ്രതിഭ ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ്. എ.ഐ.എഫ്. എഫിന്റെ എലൈറ്റ് അക്കാദമിയിലൂടെ യൂത്ത് കരിയര്‍ തുടങ്ങി 2016-17 സീസണില്‍ ഐ ലീഗിലെ മികച്ച എമെര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട ഈ കൗമാരതാരം തന്നെയായിരുന്നു കഴിഞ്ഞ സീസണ്‍ ഐ.എസ്. എല്ലിലേയും മികച്ച എമര്‍ജിങ് പ്ലെയര്‍. കടുത്ത പ്രതിരോധത്തിനൊപ്പം സെറ്റ് പീസുകളിലും മികവുകാട്ടുന്ന ജെറി കഴിഞ്ഞ സീസണില്‍ ഗോവയ്ക്കെതിരെ നേടിയ ഫ്രീകിക്ക് ഗോള്‍ ഒരു മുന്നറിയിപ്പായി കണ്ടാല്‍ ഈ സീസണ്‍ അദ്ദേഹത്തിന്റെത് കൂടിയാകുമെന്നുറപ്പ്.

ചെന്നൈയിന്‍ ടീം

ഗോള്‍കീപ്പര്‍: കരണ്‍ജീത് സിങ്, പവന്‍കുമാര്‍, ഷഹിന്‍ലാല്‍ മേലോളി.
പ്രതിരോധം: ഇനിഗോ കാള്‍ഡ്രോന്‍, ഹെന്റിക് സെറീനോ, മലിസണ്‍ ആല്‍വലസ്, ഫുല്‍കാങ്കോ കാര്‍ഡോസോ, സഞ്ജയ് ബാല്‍മുച്ചു, കീനന്‍ അല്‍മെയ്ഡ, ധനചന്ദ്ര സിങ്, ജെറി ലാല്‍റിന്‍സുല. 
മധ്യനിര: റെനെ മിഹേലിക്, റാഫേല്‍ ഓഗസ്റ്റോ, ജെയ്മി ഗാവിലന്‍, ജര്‍മന്‍പ്രീത് സിങ്, തോയി സിങ്, ബിക്രംജിത് സിങ്, ധന്‍പാല്‍ ഗണേഷ്, അനിരുദ്ധ് താപെ, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്,
മുന്നേറ്റം: ജുഡെ എന്‍വെറുഹ്, ഗ്രിഗറി നെല്‍സണ്‍, ജെജെ ലാല്‍പെഖുല, മുഹമ്മദ് റാഫി, ബോറിങ്ങാഡോ ബോഡോ