രോ സീസണ്‍ കഴിയുംതോറും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ജനപ്രീതി കൂടിവരുന്നു. അതിന്റെ ഫലമെന്നോണം കഴിഞ്ഞ മൂന്നുസീസണുകളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ ടീമുകളുടെ എണ്ണം എട്ടില്‍നിന്ന് 10 ആയും മൂന്നുമാസം എന്ന കാലയളവ് അഞ്ചുമാസമായും ഉയര്‍ത്തി. ഇത്തവണ പുതിയ ടീമായി ജംഷേദ്പുരിനൊപ്പം ബെംഗളൂരു എഫ്.സി.യും എത്തുന്നു.

'ബെംഗളൂരു എഫ്.സി' കുറച്ചുകാലങ്ങളായി ഇന്ത്യന്‍ ഫുട്‌ബോളില്‍ സ്ഥിരമായി മുഴങ്ങുന്ന പേര്. കൃത്യമായി പറഞ്ഞാല്‍ 2013-ല്‍ മുബൈ ആസ്ഥാനമായ ജെ.എസ്. ഡബ്ല്യൂ. (ജിന്‍ഡാല്‍ സൗത്ത് വെസ്റ്റ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്) ഗ്രൂപ്പ് ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇന്നുവരെ കാണാത്ത സൗകര്യങ്ങളോടെ രൂപവത്കരിച്ച ക്ലബ്ബ്. ഒരുവര്‍ഷം കഴിഞ്ഞ്, 2014-ല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് തങ്ങളുടെ അരങ്ങേറ്റവര്‍ഷംതന്നെ ഐ ലീഗ് ചാമ്പ്യന്മാരായി. 'ദ ബ്ലൂസ്' എന്നപേരില്‍ അറിയപ്പെടുന്ന ബെംഗളൂരു എഫ്.സി. തുടര്‍ന്ന് ഇന്ത്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ഏറെ നേട്ടങ്ങളുണ്ടാക്കി. 

തൊട്ടടുത്തവര്‍ഷം ഐ ലീഗില്‍ രണ്ടാംസ്ഥാനത്തായെങ്കിലും ഫെഡറേഷന്‍ കപ്പില്‍ തങ്ങളുടെ ആദ്യ കിരീടവിജയം സ്വന്തമാക്കിയ ബ്ലൂസിന്റെ ഏറ്റവും മികച്ച വര്‍ഷം തങ്ങളുടെ മൂന്നാംസീസണായിരുന്നു (2015 16). കഴിഞ്ഞ സീസണില്‍ കൈവിട്ട ഐ ലീഗ് കിരീടം തിരിച്ചുപിടിച്ചതിനു പുറമേ ഇന്ത്യന്‍ ഫുട്‌ബോള്‍ചരിത്രത്തിലെ മികച്ച നേട്ടങ്ങളിലൊന്നായി ഏഷ്യന്‍ ക്ലബ്ബുകളുടെ രണ്ടാംനിര ടൂര്‍ണമെന്റായ എ.എഫ്.സി. കപ്പിന്റെ ഫൈനല്‍വരെയെത്തി ചരിത്രംകുറിച്ചു. എ.എഫ്.സി. കപ്പ് ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമായി മാറി ബ്ലൂസ്. തൊട്ടടുത്തവര്‍ഷം ഐ ലീഗില്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും തങ്ങളുടെ രണ്ടാം ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കികൊണ്ട് കുതിപ്പ് തുടര്‍ന്നു. ഇപ്പോള്‍ ഐ.എസ്.എല്‍. അരങ്ങേറ്റത്തിനൊരുങ്ങുന്നു.

ബാഴ്‌സലോണയുടെയും ഗളത്സരെയുടെയും അസിസ്റ്റന്റ് കോച്ചായിരുന്ന ആല്‍ബര്‍ട്ട് റോക്കയുടെ ശിക്ഷണത്തില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ നേതൃത്തില്‍ ഐ.എസ്.എല്ലിന്റെ ഗ്ലാമര്‍പോരാട്ടഭൂമിയിലേക്ക് ഇറങ്ങുന്ന ബെംഗളൂരു എഫ്.സി. പരിചയസമ്പത്തും യുവത്വവും കോര്‍ത്തിണക്കി മികച്ച ടീമുമായിട്ടാണ് വരുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ ടീമിന്റെ കുതിപ്പില്‍ നിര്‍ണായക സ്വാധീനങ്ങളായിരുന്ന ഇന്ത്യന്‍ താരങ്ങളായ സി.കെ. വിനീതിനെയും റിനോ ആന്റോയെയും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ഒരുപിടി മികച്ച കളിക്കാരുമായാണ് കളത്തിലിറങ്ങുന്നത്. 

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനും ദേശീയ ടീം നായകനുമായ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നയിക്കുന്ന മുന്നേറ്റനിരയില്‍ ചേത്രിക്കൊപ്പം കരുത്തറിയിച്ച വിദേശകളിക്കാര്‍ ഉണ്ട്. ഇത്തവണ ടീമില്‍ എത്തിയ സ്പാനിഷ് താരം ബ്രൗലിയോ നോബ്ര്ഗ എന്ന 32-കാരന്‍ ലാ ലിഗയിലെ കരുത്തരായ അത്‌ലറ്റിക്കോ മഡ്രിഡ് യൂത്ത് സീനിയര്‍ ടീമുകള്‍ക്കും മല്ലോര്‍ക, സരഗോസ, ഗെറ്റാഫെ തുടങ്ങിയ ലാ ലിഗ ടീമുകളിലും കളിച്ചിട്ടുണ്ട്. ഇത്തവണ ടീമിലെത്തിയ, മിക്കു എന്നറിയപ്പെടുന്ന വെനസ്വേലയുടെ നിക്കോളാസ് ലാഡിസ്ലാവോ ഫെഡോര്‍ ഫ്‌ളോറസും ലാ ലിഗയില്‍ പയറ്റിത്തെളിഞ്ഞ താരമാണ്. 

ലാ ലിഗ വമ്പന്മാരായ വലന്‍സിയയുടെ യൂത്ത് ടീമില്‍ കളി തുടങ്ങിയ മിക്കു ഗെറ്റാഫയുടെയും യൂറോപ്പിലെ മികച്ച ടീമുകളിലൊന്നായ കെല്‍റ്റിക്കിന്റെയും മുന്നേറ്റത്തില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ യുവതാരം ഡാനിയേല്‍ ലാല്‍ഹില്‍പുയ ആണ് മുന്നേറ്റത്തിലെ മറ്റൊരു പ്രതീക്ഷ. ഇതിനകം ദേശീയടീമില്‍ അരങ്ങേറിയ ഈ ഇരുപതുകാരന്‍ 2015 മുതല്‍ ബെംഗളൂരു ടീമിലുണ്ട്. മുന്‍ ഇന്ത്യന്‍ അണ്ടര്‍ 23, പുണെ, ഈസ്റ്റ് ബംഗാള്‍, കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായിരുന്ന തൊങ്കോസീം ഹാവോകിപ്പ് കൂടി ചേരുമ്പോള്‍ മുന്നേറ്റം പൂര്‍ണമാവുന്നു. ക്ലബ്ബ് നിലനിര്‍ത്തിയ കളിക്കാരില്‍ ഒരാളായ ഛേത്രിക്കൊപ്പം, മിക്കുവിന്റെയും നാബര്‍ഗെയുടെയും സ്പാനിഷ് ലീഗ് പരിചയസമ്പത്തും ലാല്‍ഹില്‍പുയ, ഹാവോകിപ്പ് എന്നിവരുടെ യുവത്വവും ചേരുമ്പോള്‍ കരുത്തുറ്റ മുന്നേറ്റനിരയായി മാറും ബ്ലൂസിന്റെ ആക്രമണം.

മുന്നേറ്റംപോലെ മികച്ച ഇന്ത്യന്‍ വിദേശ കളിക്കാരെക്കൊണ്ട് സമ്പന്നമാണ് ബെംഗളൂരു മധ്യനിരയും. ബെംഗളൂരു നിലനിര്‍ത്തിയ കളിക്കാരില്‍ ഒരാളായ ഉദാന്ത സിങ് അതില്‍ പ്രധാനിയാണ്. ഇതിനകം ഇന്ത്യ അണ്ടര്‍-19, 23 ടീമുകളിലും സീനിയര്‍ ടീമിലും കളിച്ച ഈ 21-കാരന്‍ 2014 മുതല്‍ ബെംഗളൂരു ടീമിലുണ്ട്. ഇന്ത്യന്‍ സീനിയര്‍ താരമായ ലെന്നി റോഡ്രിഗസാണ് മധ്യനിരയിലെ മറ്റൊരു കരുത്തന്‍. ചര്‍ച്ചില്‍, ഡെംപോ, ബഗാന്‍ ടീമുകള്‍ക്കായും ബൂട്ടുകെട്ടിയ റോഡ്രിഗസ് 2016 മുതല്‍ ടീമിലുണ്ട്. 

ബെംഗളൂരു നിലനിര്‍ത്തിയ കളിക്കാരില്‍ ഒരാളായ മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം മല്‍സ്വാംസ്വാല എന്ന ഇരുപതുകാരന്‍ 10 വര്‍ഷത്തോളം സ്‌പോര്‍ട്ടിങ് ഗോവ, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ക്കും രണ്ടു സീസണുകള്‍ ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സി.ക്കുവേണ്ടിയും കളിച്ചു. മിഡ്ഫീല്‍ഡറായും വിങ്ങറായും ഡിഫെന്‍ഡറായും കളിക്കാന്‍കഴിവുള്ള ഹര്‍മന്‍ജ്യോത് സിങ് കബ്രയുടെ പരിചയസമ്പത്തും ടീമിന് മുതല്‍കൂട്ടാകും. 2015 മുതല്‍ ടീമിനൊപ്പമുള്ള ഇന്ത്യന്‍ സീനിയര്‍, അണ്ടര്‍-23 ടീമുകളില്‍ കളിച്ച ആല്‍വിന്‍ ജോര്‍ജ്, മുന്‍ ഷില്ലോങ് ലജോങ് എഫ്.സി.താരം ബൊയ്തങ് ഹോകിപ്പ് തുടങ്ങിവരാണ് മറ്റ് ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍മാര്‍. 

മധ്യനിരയിലെ വിദേശതാരങ്ങളില്‍ ലാ ലിഗ ടീമായ റയോ വല്ലകാനോയില്‍നിന്ന് ടീമിലെത്തിയ സ്പാനിഷ് ലെഫ്റ്റ് വിങ്ങര്‍ ടോണി എന്ന വിളിപ്പേരിലറിയപ്പെടുന്ന അന്റോണിയോ റോഡ്രിഗസ്, ബാഴ്‌സലോണ-സെല്‍റ്റ വിഗോ യൂത്ത് ടീമുകളിലും സെല്‍റ്റ വിഗോ സീനിയര്‍ ടീമിലും കളിച്ചിട്ടുണ്ട്. സരഗോസ താരം എടു ഗാര്‍സ്യ, സ്പാനിഷ് താരം ഡിമാസ് ഡെല്‍ഗാഡോ, ഓസ്‌ട്രേലിയ സീനിയര്‍ ടീമില്‍ കളിച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ എറിക് പാര്‍ട്ടലു എന്നിവര്‍കൂടി ഉള്‍പ്പെടുമ്പോള്‍ മധ്യനിര പൂര്‍ണമാകും.

ഇത്തവണത്തെ ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച ഡിഫെന്‍സ് ബെംഗളൂരുവിന്റെതാണെന്ന് നിസ്സംശയം പറയാം. ക്ലബ്ബിന്റെ ഇതുവരെയുള്ള നേട്ടങ്ങളില്‍ മുഖ്യപങ്കുവഹിച്ച, ആദ്യസീസണ്‍മുതല്‍ ടീമിനൊപ്പമുള്ള ഇംഗ്ലീഷ് താരം ജോണ്‍ ജോണ്‍സണ്‍ ആണ് അതില്‍ പ്രധാനി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ മിഡില്‍സ്‌ബ്രോയുടെ യൂത്ത്, സീനിയര്‍ ടീമുകളില്‍ കളിച്ച ജോണ്‍സന്‍ ഇതിനകം ബ്ലൂസിനായി എഴുപതോളം മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. 

ഡിഫെന്‍സിലെ മറ്റൊരു കരുത്തനായ വിദേശതാരമാണ് കഴിഞ്ഞ സീസണ്‍മുതല്‍ ടീമിനൊപ്പമുള്ള മുന്‍ റയല്‍ മാഡ്രിഡ് ബി ടീം അംഗം ജുവാനന്‍. ഇവര്‍ക്കൊപ്പം ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനും പുണെ സിറ്റിക്കുവേണ്ടിയും ഐ ലീഗില്‍ മുംബൈ, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ക്കുവേണ്ടിയും ബൂട്ടണിഞ്ഞ റൈറ്റ് ബാക് രാഹുല്‍ ബെക്കെ, റൈറ്റ് ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കാന്‍കഴിയുന്ന ഇന്ത്യന്‍ അണ്ടര്‍ 23 താരം നിഷു കുമാര്‍, ഐസ്വാള്‍ എഫ്.സി.യില്‍നിന്നു വന്ന സൊഹ്മിങ്കലിന റാള്‍ട്ടെ, ബഗാനില്‍നിന്ന് ടീമിലെത്തിയ സുഭാശിഷ് ബോസ് എന്നിവര്‍കൂടി ചേരുമ്പോള്‍ പ്രതിരോധം കരുത്തുറ്റതാവുന്നു.

കീപ്പിങ്ങിലും ബ്ലൂസിന് ഒന്നില്‍ കൂടുതല്‍ മികച്ച താരങ്ങള്‍ ഉണ്ട്. യൂറോപ്പ ലീഗില്‍ ആദ്യമായി കളിച്ച ഇന്ത്യന്‍ താരമെന്ന ബഹുമതി നേടിയ ഗുര്‍പ്രീത് സിങ് സന്ധു നോര്‍വേ ക്ലബ്ബ് സ്റ്റാബെക്കില്‍നിന്നാണ് വരുന്നത്. ഇക്കുറി താരലേലത്തില്‍ ബെംഗളൂരു ആദ്യം സ്വന്തമാക്കിയ കളിക്കാരനാണ് ലാല്‍ത്വാമ്മവിയ റാള്‍ട്ടെ. 2014 മുതല്‍ ടീമിലുള്ള റാള്‍ട്ടെ ടീമിന്റെ ഐ ലീഗ് വിജയത്തില്‍ മുഖ്യപങ്കുവഹിച്ചു. ഒപ്പം പരിചയസമ്പന്നനായ മുന്‍ ഈസ്റ്റ് ബംഗാള്‍ താരം അബ്ര മൊണ്ഡല്‍, കാല്‍വിന്‍ അഭിഷേക് എന്നിവര്‍ ഉള്‍പ്പെടുന്ന ഗോള്‍കീപ്പിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശക്തിയില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. 

2016 മുതല്‍ ടീമിനൊപ്പമുള്ള മാനേജര്‍ ആല്‍ബര്‍ട്ടോ റോക്ക മിക്ക മത്സരങ്ങളിലും 3-4-3 എന്ന ഫോര്‍മേഷനിലാണ് ടീമിനെ കളത്തിലിറക്കിയത്. ബാഴ്‌സലോണ അസിസ്റ്റന്റ് കോച്ചായി അനുഭവസമ്പത്തുള്ള റോക്ക ബെംഗളൂരു എഫ്.സി.ക്കും സ്പാനിഷ് സ്റ്റൈലിലുള്ള കളി മെനയും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യന്‍താരങ്ങളും സ്പാനിഷ് താരങ്ങളും പൊതുവേ വലിയ ശാരീരികമികവോ വലുപ്പമോ ഇല്ലാത്ത കളിക്കാരാണ്. അതുകൊണ്ടുതന്നെ അത്തരം കളിക്കാര്‍ക്ക് കൂടുതല്‍ സാങ്കേതികതയും ടെക്‌നിക്കും വേണം. അതാണ് അദ്ദേഹം ടീമില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും. 

ഇത്തവണത്തെ ഐ.എസ്.എല്‍. ലക്ഷ്യമാക്കിയുള്ള സൈനിങ്ങുകളില്‍നിന്നുതന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാണ്. കാരണം കൂടുതലും സ്പാനിഷ് ലാ ലിഗ കളിക്കാരാണെന്നതുതന്നെ. മറ്റൊന്ന് യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന ടീമാണെന്നതാണ്. ഇന്ത്യയിലെ മികച്ച യുവതാരങ്ങള്‍തന്നെയാണ് ബെംഗളൂരു ടീമിലുള്ളത്. ഒപ്പം ഛേത്രി, ജോണ്‍സണ്‍, റാള്‍ട്ടെ, ജുവാനന്‍, ലാ ലിഗ പരിചയസമ്പത്തുമായി ടോണി, എടു ഗാര്‍ഷ്യ, ഡിമാസ് ടെല്‍ഗാഡോ, നോബ്ര്ഗ, മിക്കു തുടങ്ങിയവരും ചേരുമ്പോള്‍ ടീം സന്തുലിതമാകുന്നു. എ.എഫ്.സി. കപ്പ് മത്സരങ്ങളില്‍ കളിക്കുന്നതിനാല്‍ ഒരു ടീമെന്ന നിലയില്‍ ഒത്തിണങ്ങാന്‍ ബെംഗളൂരുവിന് സാധിക്കും. മറ്റു ടീമുകള്‍ പ്രീ സീസണ്‍ തുടങ്ങുന്നതിനു മുന്‍പേ കോംപറ്റീഷന്‍ മാച്ചുകള്‍ കളിച്ചതും ബെംഗളൂരുവിന് ഗുണംചെയ്യും. 

ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയം ഹോം ഗ്രൗണ്ടായ ബ്ലൂസിന്റെ വെസ്റ്റ് ബ്ലോക് ബ്ലൂസ് എന്ന പേരിലറിയപ്പെടുന്ന ഫാന്‍സ് വളരെ പ്രശസ്തമാണ്. യൂറോപ്യന്‍ ടീമുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഗാലറിയില്‍ ടീമിനെ പിന്തുണയ്ക്കുന്ന ആരാധകര്‍ ടീമിലെ പന്ത്രണ്ടാമനായി അറിയപ്പെടുന്നു. 
അയല്‍ക്കാരായ കേരള ബ്ലാസ്റ്റേഴ്‌സുമായി വെസ്റ്റ് ബ്ളോക് ബ്ലൂസ് ഇതിനകംതന്നെ കൊമ്പുകോര്‍ത്തുകഴിഞ്ഞു. 

തങ്ങളുടെ പ്രധാന താരങ്ങളായിരുന്ന സി.കെ. വിനീതും റിനോ ആന്റോയും ബ്ലാസ്റ്റേഴ്‌സില്‍ പോയതാണ് ഇവരെ ചൊടിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സിനെയും ഈ കളിക്കാരെയും അപമാനിക്കുന്നതരത്തില്‍ പെരുമാറിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ഫാന്‍സായ മഞ്ഞപ്പടയും തിരിച്ചടിച്ചു. സോഷ്യല്‍ മീഡിയകള്‍ വഴി ഇതിനകംതന്നെ പോരാട്ടം തുടങ്ങിക്കഴിഞ്ഞു. ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ്.സി.യും ഏറ്റുമുട്ടുന്ന മുല്ലപ്പെരിയാര്‍ ഡെര്‍ബിക്കൊപ്പം ഇത്തവണ ഫാന്‍സ് കാത്തിരിക്കുന്നത് ഈ പോരാട്ടത്തിനാവും. 

ബെംഗളൂരു ടീം

ഗോള്‍കീപ്പര്‍: അബ്ര മൊണ്ഡാല്‍, ലാല്‍തുമാവിയ റാള്‍ട്ടെ, ഗുര്‍പ്രീത് സിങ് സന്ധു, കല്‍വിന്‍ അഭിഷേക്
പ്രതിരോധം: യുവാനന്‍, ജോണ്‍ ജോണ്‍സണ്‍, നിഷു കുമാര്‍, സുഭാഷിഷ് ബോസ്, രാഹുല്‍ ബെക്കെ, ജോയന്‍ ലോറെ, സോമിംഗിലിയന റാള്‍ട്ടെ, പ്രശാന്ത് കലിംഗ.
മധ്യനിര: ലെന്നി റോഡ്രിഗസ്, ദിമാസ് ഡെല്‍ഗാഡോ, ഹര്‍മന്‍ജോത് ഖാബ്ര, ബോയ്തങ് ഹാവോകിപ്, ആല്‍വിന്‍ ജോര്‍ജ്, മല്‍സാംസുവാല, റോബിന്‍സണ്‍ സിങ്ങ, ടോണി, എഡു ഗാര്‍ഷ്യ
മുന്നേറ്റം: മികു, സുനില്‍ ഛേത്രി, ലിയോണ്‍ ഓഗസ്റ്റിന്‍, തോങ്കോസിം ഹാവോകിപ്, ബ്രൗലിയോ.