പുതിയ കോച്ച്, എട്ടോളം പുതിയ വിദേശതാരങ്ങള്‍ എന്നിങ്ങനെ സമ്പൂര്‍ണ അഴിച്ചുപണിയോടെയാണ് എഫ്.സി. ഗോവ നാലാംസീസണില്‍ കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെതന്നെ ഏറ്റവും സക്‌സസ്ഫുള്‍ ടീമായ കൊല്‍ക്കത്തയുടെ ചാലകശക്തിയായിരുന്ന സ്പാനിഷ് കരുത്താണ് ഇത്തവണ ബ്രസീലിയന്‍ ഫ്ളെയറിനു പകരം ഇക്കുറി ഗോവ സ്വീകരിച്ചിരിക്കുന്നത്.

ബ്രസീലിയന്‍ ലെജന്‍ഡായ സീക്കോയ്ക്കു പകരം, ബാഴ്‌സലോണ യൂത്ത് ടീം, ലാസ് പാമാസ് എന്നിവരുടെ മുന്‍ മാനേജരായ സെര്‍ജിയോ ലൊബേറ എന്ന സ്പാനിഷ് തന്ത്രജ്ഞന്‍ പരിശീലകന്റെ ചുമതല ഏറ്റെടുത്തതുതന്നെയാണ് പ്രധാനപ്പെട്ട മാറ്റം. വിദേശകളിക്കാരില്‍ ഭൂരിഭാഗവും ബ്രസീലിയന്‍ എന്നതില്‍നിന്ന് ആറു സ്പാനിഷ് താരങ്ങള്‍ എന്ന മാറ്റവും ഈ ഉടച്ചുവാര്‍ക്കലിന്റെ ഭാഗമാണ്.

സ്പാനിഷ് ശൈലിയിലുള്ള ചലനാത്മക ആക്രമണ ഫുട്‌ബോളാവും ഗോവ ഇത്തവണ കളിക്കുക. കോച്ചിന്റെ പ്രതികരണങ്ങളും പാളയത്തില്‍ എത്തിച്ച കളിക്കാരും ഈ ഊഹം ശരിവെക്കുന്നു. മധ്യനിരയാണ് ഈ ശൈലിയിലെ ഏറ്റവും പ്രധാന ഘടകം. അതുകൊണ്ടുതന്നെ ഡ്രാഫ്‌റ്റ്വേളയിലും പിന്നീട് വിദേശകളിക്കാരെ തിരഞ്ഞെടുക്കുന്നതിലും മാനേജ്‌മെന്റ് പ്രത്യേക ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്. എട്ടു വിദേശതാരങ്ങളില്‍ നാലുപേരും മധ്യനിരക്കാര്‍തന്നെ. ഇതിനോടൊപ്പം ഏതാനും മികച്ച ഇന്ത്യന്‍ മധ്യനിരക്കാരും.

''ബാഴ്‌സലോണയെപ്പോലെ കളിക്കാന്‍ ഞാന്‍ ലൂയിസ് എന്ററിക്കയോ പെപ് ഗാര്‍ഡിയോളയോ അല്ല, എന്റെ ടീമിലുള്ള കളിക്കാര്‍ മെസ്സിയോ ഇനിയേസ്റ്റയോ അല്ല. അതുകൊണ്ടുതന്നെ ബാഴ്‌സലോണയുടെ കേളീശൈലിയുടെ തനിപ്പകര്‍പ്പ് സാധ്യമല്ല. പക്ഷേ, എനിക്കു ലഭിച്ച ഫുട്‌ബോള്‍ വിദ്യാഭ്യാസം ബാഴ്‌സയില്‍നിന്നുതന്നെയാണ്.'' ബാഴ്‌സലോണയുടെ ടിക്കി ടാക്ക ഫുട്‌ബോള്‍ ശൈലി എഫ്.സി. ഗോവ പുനഃരാവിഷ്‌കരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലൊബേറ നല്‍കിയ മറുപടിയാണിത്. ടിക്കി ടാക്ക അല്ല, മറിച്ച് ബാഴ്‌സലോണയുടെ തനതായ ചില മൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാസിങ് ശൈലിയിലാവും ഗോവ കളത്തില്‍ ഇറങ്ങുക എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം.

സ്‌പെയിനിലും പിന്നീട് മൊറാക്കോയിലും താരതമ്യേന തൃപ്തികരമായ ഫലങ്ങള്‍ നേടിക്കൊടുത്ത 4-2-3-1 എന്ന ഡബിള്‍ പിവട്ട് ഫോര്‍മേഷന്‍തന്നെയാവും ലൊബേറ ഇന്ത്യയിലും പിന്തുടരുക. മികച്ച പന്തടക്കവും പാസിങ് മികവും ഉള്ള സ്പാനിഷ് മധ്യനിരക്കാരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍കഴിയും എന്നത് ഈ സിസ്റ്റത്തിന്റെ സ്വീകാര്യത കൂട്ടുന്നു. ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും തുടക്കം പിവട് ആയ രണ്ടു സെന്‍ട്രല്‍ മിഡ് ഫീല്‍ഡേഴ്‌സില്‍നിന്നാവും. ഈ സ്ഥാനങ്ങളില്‍ കളിക്കുന്ന പ്ലെയേഴ്‌സിനെ മാറ്റി ടീം ആക്രമിക്കണോ പ്രതിരോധിക്കണോ അതോ പന്ത് കൈവശംവെച്ച് കളിക്കണോ എന്നൊക്കെ തീരുമാനിക്കാന്‍ കോച്ചിന് അനായാസം സാധിക്കും.

ദ്രുതഗതിയിലുള്ള സന്ദിഗ്ധമായ പാസുകള്‍, കൗശലപരമായ ചലനങ്ങള്‍ എന്നിവയിലൂടെ എതിര്‍ പ്രതിരോധനിര ഭേദിക്കുക എന്നതാവും ഗോവയുടെ ആക്രമണരീതി. സ്‌ട്രൈക്കറുടെ പിന്നിലായി കളിക്കുന്ന മൂന്നു മധ്യനിരക്കാര്‍ക്കാവും ഇതിന്റെ ചുമതല. 4-2-3-1 ശൈലിയുടെ ട്രേഡ് മാര്‍ക്കായ ത്രികോണ പാസിങ് ഏറ്റവും ഉപകാരപ്രദമാകുന്നതും ഈ മൂന്നു മധ്യനിരക്കാര്‍ ചേര്‍ന്ന് നീക്കങ്ങള്‍ മെനയുമ്പോളാണ്. രണ്ട് പിവട്ടുകള്‍ അടക്കം അഞ്ചു മധ്യനിരക്കാര്‍ ഈ രീതിയില്‍ അണിനിരന്നുകഴിയുമ്പോള്‍ മൂന്നു ത്രികോണങ്ങളും അതുവഴി ഈ അഞ്ചുപേര്‍ക്കിടയില്‍ ഏഴു പാസിങ് ലെയ്‌നുകള്‍ ഉണ്ടാവുന്നു. ഇത് എതിര്‍ടീമിന്റെ ഒതുക്കമുള്ള മധ്യനിരയെയും പ്രതിരോധനിരയെയും പരമാവധി വേര്‍പ്പെടുത്താനും അതുവഴി വിടവുകളും ഒഴിഞ്ഞ ഇടങ്ങളും ഉണ്ടാക്കിയെടുക്കാനും സഹായിക്കുന്നു. ഈ അനുകൂലസാഹചര്യങ്ങളും വിടവുകളും മുതലെടുത്ത് മുന്നേറ്റനിരയിലെ സ്‌ട്രൈക്കര്‍ക്ക് പന്തെത്തിക്കുക എന്നതാവും സര്‍ഗശക്തിയുള്ള ആ മൂന്നു മധ്യനിരക്കാരുടെ ദൗത്യം.

പാര്‍ശ്വങ്ങളില്‍നിന്നുള്ള ക്രോസുകള്‍, പ്രതിരോധം പിളര്‍ത്തുന്ന ത്രൂ ബോളുകള്‍, പിന്‍നിരയെ പരീക്ഷിക്കുന്ന അപ്രതീക്ഷിത ലോങ് പാസുകള്‍ എന്നിങ്ങനെ എല്ലാവിധത്തിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ഘടനയില്‍ സാധിക്കും. പക്ഷേ, സ്‌ക്വാഡിലെ ടാര്‍ഗറ്റ് മാന്‍ സ്‌ട്രൈക്കറിന്റെ അഭാവംമൂലം ക്രോസുകളും ലോങ് ബോളുകളും ലക്ഷ്യത്തിലെത്താതിരിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ താണ ക്രോസുകളെയും ത്രൂ ബോളുകളെയും ആവും ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ കൂടുതലും ആശ്രയിക്കുക. ഡെഡ് ബോള്‍ സന്ദര്‍ഭങ്ങളില്‍ അണുവിട തെറ്റാതെ അപകടമേഖലകളില്‍ പന്തെത്തിക്കാന്‍കഴിയുന്ന ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, മാനുവല്‍ ലന്‍സരോട്ടേ എന്നിവരെപ്പോലുള്ള സെറ്റ് പീസ് വിദഗ്ധര്‍ ഗോവയുടെ ആക്രമണത്തിന് മറ്റൊരു മാനം നല്‍കുന്നു. ഇവര്‍ക്കു പുറമേ മന്ദര്‍ റാവു, മാനുവല്‍ അരാന എന്നിവരുടെ ബോക്‌സിനു പുറത്തുനിന്നുള്ള മികച്ച ഷോട്ടുകളും ടീമിനെ കൂടുതല്‍ അപകടകാരിയാക്കുന്നു.

ആക്രമിച്ചുകളിക്കാനാണ് താത്പര്യമെങ്കിലും ടീമിന്റെ പ്രതിരോധത്തെ അവഗണിക്കുന്നത് അപകടം വിളിച്ചുവരുത്തുന്നതിനു തുല്യമാവും. ഇതിനു പുറമേ മറ്റുള്ള ടീമുകളെ തട്ടിച്ചുനോക്കുമ്പോള്‍ ഗോവയുടെ പ്രതിരോധനിരയില്‍ വിദേശതാരങ്ങളുടെ കരുത്ത് കുറവാണ്. ലെഫ്റ്റ് ബാക് നാരായണ്‍ ദാസ് ഒഴിച്ചുള്ള ഇന്ത്യന്‍ പ്രതിരോധനിരക്കാര്‍ പ്രതിഭാധനന്മാരാണെങ്കിലും പരിചയസമ്പത്ത് കുറഞ്ഞുവരും. അതുകൊണ്ടുതന്നെ പ്രതിരോധനിരയുടെ കുറവുകള്‍ എതിരാളികള്‍ മുതലെടുക്കാതിരിക്കാനുള്ള നിവാരണനടപടികളാവും പ്രതിരോധത്തിന്റെ ആദ്യപടി. രണ്ടു സെന്‍ട്രല്‍ മിഡ് ഫീല്‍ഡേഴ്‌സില്‍ ഒരാളെങ്കിലും പ്രതിരോധനിരയെ സഹായിക്കാനായി നിലകൊള്ളും. ഇതിനു പുറമേ ഫുള്‍ബാക്‌സിനോട് കുറച്ച് പ്രതിരോധാത്മകമായി കളിയെ സമീപിക്കാനാവും മാനേജര്‍ നിഷ്‌കര്‍ഷിക്കുക.

എതിര്‍നിരയ്ക്ക് പന്തുകൊടുക്കാതെ കൈവശംവെച്ചു കളിച്ച് അവരെ ആക്രമിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാവും മറ്റൊരു രീതി. മധ്യനിരയിലെ അഞ്ചു താരങ്ങളാവും ഇതില്‍ ടീമിനെ സഹായിക്കുക. മൈതാനത്തിന്റെ മറുപുറം പന്ത് നഷ്ടപ്പെടുന്നപക്ഷം കൗണ്ടര്‍ അറ്റാക്ക് തടയാനായി പാര്‍ശ്വത്തിലുള്ള മധ്യനിരക്കാര്‍ പിറകിലേക്കിറങ്ങും. പ്രതിരോധിക്കുന്ന സമയത്ത് മധ്യനിരയില്‍ അഞ്ചു കളിക്കാര്‍ ഉള്ളതിനാല്‍ സംഖ്യാബലത്തില്‍ അവരെ തോല്പിക്കുക എന്നതും എതിരാളികള്‍ക്ക് ബുദ്ധിമുട്ടാവും.

കഴിഞ്ഞ സീസണ്‍ പാതിക്കുശേഷം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച ലക്ഷ്മികാന്ത് കട്ടമണിയാവും ഈ സീസണിലും ഗോവയുടെ വല കാക്കുക. ഇന്ത്യന്‍ ദേശീയടീമിലെ സ്ഥിരസാന്നിധ്യമായി മാറിയ നാരായണ്‍ ദാസ് ആവും ലെഫ്റ്റ് ബാക്. മുന്‍താരംകൂടിയായ ബ്രൂണോ പിനേറൊയെയാവും തന്റെ ടീമിനെയും പ്രതിരോധനിരയെയും നയിക്കാന്‍ ലൊബേറ തിരഞ്ഞെടുക്കുക. ഈ ആറടി ഒരിഞ്ചുകാരനായ പോര്‍ച്ചുഗീസ് താരത്തിനൊപ്പം ഡിഫെന്‍സിന്റെ ഹൃദയഭാഗത്ത്, ഭാവിവാഗ്ദാനമായ ചിന്‍ഗലെന്‍സേന സിങ്ങോ മുഹമ്മദ് അലിയോ സ്ഥാനംപിടിക്കും. 
സ്‌ക്വാഡിലെ റൈറ്റ് ബാക് പൊസിഷനിലുള്ള കളിക്കാരന്റെ അഭാവംമൂലം ലാ മാസിയ സെന്റര്‍ ബാക് ആയ സെര്‍ജിയോ ജസ്റ്റെ ആവും റൈറ്റ് ബാക്കായി ബൂട്ടണിയുക. റൈറ്റ് ബാക്കായും കളിക്കാന്‍കഴിയുന്ന ഈ ഇരുപത്തഞ്ചുകാരന്റെ പന്തിലുള്ള മികവ് ആക്രമണം ഏറ്റവും പുറകില്‍നിന്നുതന്നെ തുടങ്ങാന്‍ ടീമിനെ അനുവദിക്കും. പത്തൊമ്പതുകാരനായ റണവാടെ, ജോവല്‍ മാര്‍ട്ടിന്‍സ്, മുന്‍ ഡെമ്പോ ഗോള്‍ കീപ്പര്‍ ബ്രൂണോ കൊളാകോ എന്നിവര്‍ പകരക്കാരുടെ വേഷമണിയും.

മധ്യനിരയില്‍ രണ്ടു സെന്‍ട്രല്‍ മിഡ്ഫീല്‍ഡേഴ്‌സായി പ്രണോയ് ഹല്‍ദാര്‍, അഹമ്മദ് ജഹൂ എന്നിവര്‍ അണിനിരക്കും. പ്രണോയുടെ പന്ത് കൈവശംവെക്കാനും ബോക്‌സ് ടു ബോക്‌സ് കളിക്കാനുമുള്ള കഴിവിനൊപ്പം ജഹൂവിന്റെ കരുത്തും, ടാക്ലിങ് മികവും ചേരുമ്പോള്‍ ടീമിന് ഭദ്രത കൈവരുന്നു. കൂടുതല്‍ ആക്രമണോത്സുകതയോ പാസിങ് കഴിവുകളോ വേണ്ടപക്ഷം, സ്പാനിഷ് മിഡ് ഫീല്‍ഡറായ എടു ബെഡിയ ഡീപ് ലയിങ് പ്ലേമേക്കറായി കളത്തിലിറങ്ങും. ഇവര്‍ക്കു മുന്നിലുള്ള മൂന്ന് അറ്റാക്കിങ് സ്ഥാനത്തേക്ക് മന്ദര്‍ റാവു, മാനുവല്‍ അരാന, ലന്‍സരോട്ടെ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ മത്സരിക്കും. ഇവരില്‍, ആദ്യ ഇലവനില്‍ സ്ഥാനംപിടിക്കുന്ന മൂന്നുപേരാകും ഗോവയുടെ ആക്രമണത്തിന് ചുക്കാന്‍പിടിക്കുക. ഇവര്‍ക്കു പുറമേ സെരിട്ടൊണ്‍, തദ്ദേശീയനായ ആന്റണി ഡിസൂസ എന്നിവരും ഈ സ്ഥാനങ്ങളിലെ അവസരങ്ങള്‍ക്കായി കാത്തിരിപ്പുണ്ടാവും.

പിന്നിലുള്ള കഴിവുറ്റ മധ്യനിരക്കാര്‍ ഒരുക്കിത്തരുന്ന അവസരങ്ങള്‍ മുതലെടുത്ത് എതിര്‍വല ചലിപ്പിക്കാനായി അഡ്രിയാന്‍ കൊലുങ്ക, ഫെറാന്‍ കൊറോമിനസ് എന്നിങ്ങനെ പരിചയസമ്പത്താര്‍ന്ന രണ്ടു സ്പാനിഷ് സ്‌ട്രൈക്കര്‍മാരെ ലൊബേറ ടീമിലെത്തിച്ചിട്ടുണ്ട്. സ്പാനിഷ് ശൈലി, മികച്ച പന്തടക്കം, ടെക്‌നിക്കല്‍ സ്‌കില്‍സ് എന്നിവ കൈവശമുള്ളതിനാല്‍ ടീമിന്റെ കേളീശൈലിയുമായി ഇവര്‍ യോജിച്ചുപോകും. ഗോള്‍ നേടുന്നതിനു പുറമേ ആക്രമണങ്ങളുടെ വിതാനത്തില്‍ പങ്കുചേരാനും ഗോളവസരങ്ങള്‍ ഉണ്ടാക്കാനും ഇവര്‍ക്കു സാധിക്കും എന്നത് പ്രശംസനീയമാണ്. പുറമേ ഇന്ത്യ അണ്ടര്‍ 23 സ്‌ട്രൈക്കറായ മന്‍വീര്‍ സിങ്, യൂത്ത് ഐ ലീഗ് ടോപ് സ്‌കോറര്‍ എഫ്.സി. ഗോവയുടെ ഡെവലപ്‌മെന്റ് സ്‌ക്വാഡ് ക്യാപ്റ്റന്‍ ആയ ലിസ്റ്റണ്‍ കൊളാക്കോയും എതിര്‍ ഗോള്‍മുഖം വിറപ്പിക്കാന്‍ സജ്ജരായി ടീമിനോപ്പം ഉണ്ട്.

''കേവലം മത്സരഫലത്തിനുവേണ്ടി മാത്രമാകില്ല എഫ്.സി. ഗോവ കളിക്കുക, അതിനോടോപ്പം കളി കാണുന്ന ഓരോ ഫുട്‌ബോള്‍ ആരാധകന്റെയും മനസ്സില്‍ സന്തോഷം നിറയ്ക്കാന്‍കൂടിയാണ്'', നാല്പതുകാരനായ ലൊബേറയുടെ വാക്കുകള്‍. ഇത്തരത്തില്‍ ചാരുതയാര്‍ന്ന ഒഴുകുന്ന ഫുട്‌ബോളാല്‍ ഗോവ ഈ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മനസ്സുകള്‍ കീഴടക്കും എന്നു കരുതാം.

ഗോവന്‍ ടീം

ഗോള്‍കീപ്പര്‍മാര്‍: ലക്ഷ്മികാന്ത് കട്ടിമണി, നവീന്‍ കുമാര്‍, ബ്രൂണോ കൊളോകോ.
പ്രതിരോധം: ബ്രൂണോ പിന്യേറോ, ചെചി, നാരായണ്‍ ദാസ്, ചിങ്‌ലെന്‍സന സിങ്, എമെയ റണവാഡെ, ജോവെല്‍ മാര്‍ട്ടിനസ്, സെറിട്ടോന്‍ ഫെര്‍ണാണ്ടസ്, മുഹമ്മദ് അലി,
മധ്യനിര: മുഹമ്മദ് യാസിര്‍, പ്രിന്‍സെട്ടോന്‍ റെബെല്ലോ, അഹമ്മദ് ജഹോഹ്, മാനുവല്‍ അറാന, മാനുവല്‍ ലാന്‍സറോട്ട, എഡു ബെഡിയ, പ്രോണയ് ഹയ്ദര്‍, പ്രതേഷ് ഷിരോദ്കര്‍, ആന്റണി ഡിസൂസ, മന്ദര്‍ റാവു ദേശായി, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, 
മുന്നേറ്റം: കൊറോമിനസ്, അഡ്രിയന്‍ കൊളുങ്ക, മന്‍വിര്‍ സിങ്,  കൊളാകോ,ലാലവംപുയ