2017 നവംബറില്‍ 10 ടീമുകളെ അണിനിരത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം എഡിഷന്‍ ആരംഭിക്കുകയാണ്. ബെംഗളൂരു എഫ്.സി., ജംഷേദ്പുര്‍ എഫ്.സി. എന്നിവയാണ് പുതിയ ടീമുകള്‍. നവംബര്‍ 17-ന് ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്ന എ.ടി.കെ. കൊല്‍ക്കത്ത ഇത്തവണയും കിരീടസാധ്യതയുള്ള മികച്ചൊരു ടീമിനെ അണിനിരത്തുന്നു. ഐ.എസ്.എല്‍. ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമുള്ള ടീമാണ് എ.ടി.കെ. 

ഐ.എസ്.എല്ലിന്റെ ആദ്യ എഡിഷന്റെ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചകം തകര്‍ത്ത റഫീഖിന്റെ അവസാന മിനിറ്റ് ഗോളില്‍ ജേതാക്കളായ അവര്‍ 2015-ല്‍ സെമിയില്‍ ഇടംകണ്ടിരുന്നു. 2016-ല്‍ വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച് കിരീടം ചൂടിയ കൊല്‍ക്കത്ത 2017 സീസണിലും ഹോട്ട് ഫേവറിറ്റുകളാണ്. സ്പാനിഷ് ഭീമന്മാരായ അത്‌ലറ്റിക്കോ മഡ്രിഡുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ എ.ടി.കെ. (അമര്‍ തമര്‍ കൊല്‍ക്കത്ത) എന്ന പേരിലേക്കു മാറുന്ന കൊല്‍ക്കത്താ വമ്പന്മാര്‍ 2017 സീസണിലും കരുത്തുറ്റ ഒരു താരനിരയെ അണിനിരത്തുന്നു.

ആദ്യ രണ്ടു സീസണിലും സ്പാനിഷ് ഹെഡ് കോച്ചുകളാണ് കൊല്‍ക്കത്തയെ മാനേജ് ചെയ്തതെങ്കില്‍ ഇത്തവണ ഹെഡ് കോച്ച് മുന്‍ ഇംഗ്ലണ്ട് താരം ടെഡ്ഡി ഷെറിങ്ഹാമാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. 2015-16 സീസണില്‍ ഐ ലീഗ് ജേതാക്കളായ ബെംഗളൂരു എഫ്.സി.യുടെ ഹെഡ് കോച്ചായിരുന്ന ആഷ്‌ലി വെസ്റ്റ്വുഡിനെ ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നതോടെ ടാക്ടിക്കലി കൊല്‍ക്കത്തയുടെ കരുത്തുകൂടിയിട്ടുണ്ട്.

പുതിയ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആഷ്‌ലി വെസ്റ്റ്വുഡിന്റെ തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവില്‍ ഇത്തവണത്തെ ഐ.എസ്.എല്‍. പ്ലെയര്‍ ഡ്രാഫ്റ്റ് അവസാനിക്കുമ്പോള്‍ കൊല്‍ക്കത്ത മികച്ച നേട്ടമാണുണ്ടാക്കിയത്. യൂജിന്‍സന്‍ ലിങ്‌ദോ എന്ന ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍, റോബിന്‍ സിങ്ങെന്ന നിലവാരമുള്ള സ്‌ട്രൈക്കര്‍ എന്നിവരെ വാങ്ങിയ കൊല്‍ക്കത്ത പ്രബിര്‍ ദാസിനെ നിലനിര്‍ത്തിയിരുന്നു. 

റൈറ്റ് ബാക്ക് ആയും മധ്യനിരയിലും കളിക്കാന്‍ പ്രാപ്തിയുള്ള പ്രബിര്‍ ദാസിനൊപ്പം ഐ ലീഗ് ചാമ്പ്യന്മാരായ ഐസ്വാളിനുവേണ്ടി കളിക്കുന്ന ജയേഷ് റാണ എന്ന മികവുറ്റ വിങ്ങര്‍ കൊല്‍ക്കത്തയുടെ ആക്രമണത്തിന് നല്‍കുന്ന വൈവിധ്യം കൂടെയാകുമ്പോള്‍ എ.ടി.കെ. ഇത്തവണത്തെ ഐ.എസ്.എല്ലിലെ തോല്‍പ്പിക്കപ്പെടേണ്ട ടീം തന്നെയാണ്. ടോം തോര്‍പ്പും ഫിഗറസും നയിക്കുന്ന പ്രതിരോധനിരയും ശക്തമാണ്. 

ഐ.എസ്.എല്ലിലെ ഓള്‍ ടൈം ടോപ് സ്‌കോറര്‍ ഇയാന്‍ ഹ്യൂം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പോയത് ഒരു തിരിച്ചടിയാകാത്ത രീതിയിലാണ് ഇത്തവണ ഐ.എസ്.എല്‍. ലേലത്തില്‍ എ.ടി.കെ. കരുക്കള്‍ നീക്കിയത്. ഇംഗ്ലീഷ് താരങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയ ടീം തിങ്ക് ടാങ്ക് വാങ്ങിയ വിദേശതാരങ്ങളില്‍ കോണര്‍ തോമസ്, കാള്‍ ബേക്കര്‍, ടോം തോര്‍പ്പ് എന്നിവരെല്ലാം ഇംഗ്ലീഷ് താരങ്ങള്‍. 

കൂടെ ഒരു സര്‍പ്രൈസ് നീക്കത്തിലൂടെ ടോട്ടനം ലെജന്‍ഡ് റോയ് കീനിനെ കൊണ്ടുവന്നത് നേട്ടമാകും. കളിച്ചിടത്തെല്ലാം അനായാസം സ്‌കോര്‍ ചെയ്തുകൊണ്ടിരുന്ന ഒരു ഗോള്‍ സ്‌കോറിങ് മെഷീനാണ് അദ്ദേഹം. 37-ാം വയസ്സില്‍ അയാളുടെ സ്വാധീനം എത്രത്തോളമുണ്ടാകും എന്നതില്‍ സംശയമുണ്ടാകാമെങ്കിലും റോബി കീന്‍ ഒരു വെല്ലുവിളിയാകാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കളിനിലവാരത്തിനു കഴിയുമോ എന്ന് സംശയമുണ്ട്. 2016-ല്‍ ലോസ് ആഞ്ജലീസ് ഗാലക്‌സിക്കുവേണ്ടി 17 ലീഗ് മത്സരങ്ങളില്‍നിന്നും 10 ഗോള്‍ നേടിയ റോബി കീന്‍ തകര്‍പ്പന്‍ ഫോമിലുമാണ്. 

ഈ സീസണിലെ മാര്‍ക്വീ പ്ലെയര്‍ ആയി കൊല്‍ക്കത്ത അവതരിപ്പിക്കുന്ന ഐറിഷ് ഇതിഹാസത്തിന്റെ പ്രകടനം കൊല്‍ക്കത്തയുടെ കിരീടമോഹങ്ങള്‍ക്ക് പ്രചോദനമാകേണ്ടതാണ്. ആക്രമണത്തില്‍ കീനിനു കൂട്ടായി ഇന്ത്യന്‍ താരം റോബിന്‍ സിങ്ങിനൊപ്പം പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ സെക്വിഞ്ഞ കൂടെയുണ്ട് . പോര്‍ട്‌സ്മൗത്തിന്റെ മിഡ്ഫീല്‍ഡര്‍ കാള്‍ ബേക്കറുടെ പേര് എടുത്തുപറയണം. മധ്യനിരയിലെ ഏതൊരു പൊസിഷനിലും കളിക്കാന്‍ കഴിയുന്ന ബേക്കര്‍ ലിങ്‌ദോയോടൊപ്പം ചേരുമ്പോള്‍ കൊല്‍ക്കത്ത മധ്യനിരയുടെ പ്രഹരശേഷി ഇരട്ടിയാകും.

ഷെറിങ് ഹാം തന്റെ ചെറിയ മാനേജീരിയല്‍ കരിയറില്‍ ടിപ്പിക്കല്‍ ഇംഗ്ലീഷ് ഫോര്‍മേഷനായ 4-4-2 തന്നെയാണ് സ്വീകരിച്ചിരുന്നത് എന്നിരിക്കെ ഐ.എസ്.എല്ലിലും അതാവര്‍ത്തിക്കും എന്ന് കരുതണം. കഴിഞ്ഞ സീസണുകളില്‍ പ്ലെയിങ് ഇലവനില്‍ അനുവദനീയമായിരുന്ന വിദേശതാരങ്ങളുടെ എണ്ണം ആറ് ആയിരുന്നെങ്കില്‍ ഇത്തവണ അഞ്ചു വിദേശതാരങ്ങള്‍ക്ക് മാത്രമേ കളിക്കാന്‍ സാധിക്കൂ. അതുകൊണ്ട് റോയ് കീന്‍ ആയിരിക്കും ആക്രമണം നയിക്കുക. ഫിഗരാസ്, തോര്‍പ്പ് എന്നിവര്‍ പ്രതിരോധത്തിലും ബേക്കര്‍ മധ്യനിരയിലും ഇറങ്ങാനാണ് സാധ്യത. 

വിങ്ങുകളിലൂടെ ആക്രമിച്ചുകയറി ക്രോസുകളിലൂടെ ഗോളുകള്‍ ലക്ഷ്യമിടുന്ന കഴിഞ്ഞ സീസണിലെ ശൈലിയില്‍നിന്നും വ്യത്യസ്തമായി കുറച്ചുകൂടെ നേര്‍രേഖയിലുള്ള ആക്രമണങ്ങളിലാകും ഷേറിങ് ഹാമിന്റെ കൊല്‍ക്കത്ത കളിക്കുന്നത്. മനോഹരമായ ആക്രമണാത്മക ഫുട്‌ബോള്‍ തന്നെയാണ് ടെഡ്ഡി ഷെറിങ്ങാം ഉറപ്പുതരുന്നത്. അതിനെ സാധൂകരിക്കുന്ന രീതിയില്‍ ആഴമുള്ള ഒരു സ്‌ക്വാഡും അവര്‍ക്കുണ്ട് എന്നതില്‍ സംശയമില്ല. 95 മത്സരങ്ങള്‍ നടക്കുന്ന ഒരു നീണ്ട സീസണ്‍ ആയിരിക്കും ഇത്തവണ എന്നതുകൊണ്ടുതന്നെ ശ്രദ്ധയോടെയാണ് കൊല്‍ക്കത്ത ടീം തിരഞ്ഞെടുത്തിരിക്കുന്നതും.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

യൂജിന്‍സന്‍ ലിങ്‌ദോ: ഇന്ന് ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ലിംഗ്‌ദോ. ബെംഗളൂരു എഫ്.സി.ക്കുവേണ്ടി ഐ ലീഗില്‍ കിടയറ്റ പ്രകടനം നടത്തിയ ലിങ്‌ദോയുടെ ക്രിയേറ്റിവിറ്റി തന്നെയാകും ഈ സീസണില്‍ കൊല്‍ക്കത്തയുടെ പ്രകടനങ്ങളുടെ ആണിക്കല്ല്. കൊല്‍ക്കത്തയുടെ ഈ സീസണിലെ ഏറ്റവും മികച്ച സൈനിങ് കൂടെയാണ് ലിംഗ്‌ദോ എന്ന് നിസ്സംശയം പറയാം.

കൊണാര്‍ തോമസ്: വിദേശതാരങ്ങളുടെ കാര്യത്തില്‍ ഇത്തവണത്തെ ഏറ്റവും ബുദ്ധിപരമായ സൈനിങ്ങാണ് കൊണാര്‍ തോമസ് എന്നതില്‍ സംശയം വേണ്ട. 17 വയസ്സുമുതല്‍ സീനിയര്‍ ഫുട്‌ബോള്‍ കളിക്കുന്ന തോമസ് ഇപ്പോള്‍ ഇംഗ്ലീഷ് ലീഗ് രണ്ടിലാണ് കളിക്കുന്നത്. കൊല്‍ക്കത്ത മധ്യനിരയുടെ തുടിപ്പാകാന്‍ ഈ 23-കാരന്‍ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ക്ക് കഴിഞ്ഞേക്കും. പ്രായമാണ് ഏറ്റവും അനുകൂല ഘടകം.

വാല്‍ക്കഷണം: അത്‌ലറ്റിക്കോ മഡ്രിഡ് കഴിഞ്ഞ സീസണുകളില്‍ ക്ലബ്ബില്‍ കാര്യമായ മുതല്‍മുടക്ക് നടത്തിയിരുന്നില്ല. അതിന് ഒരു മറുവശമുണ്ട്. അത്‌ലറ്റിക്കോയുടെ കൈവശം ഉണ്ടായിരുന്നത് 25 ശതമാനം ഓഹരികള്‍ മാത്രമാണ്. 

ഇന്ത്യന്‍ ഫുട്‌ബോളിനു ഗുണമാകുന്ന രീതിയിലുള്ള ഒരു പ്രോജക്ടുമായി കടന്നുവന്ന അവര്‍ക്ക് ഓഹരിയിലെ എണ്ണക്കുറവ് തിരിച്ചടിയായി. കൊല്‍ക്കത്തയില്‍ ഒരു ഫുട്‌ബോള്‍ അക്കാദമി ഉള്‍പ്പെടെ വളര്‍ന്നുവരുന്ന ഇന്ത്യന്‍ ഫുട്‌ബോളര്‍മാര്‍ക്ക് ഗുണകരമാകുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ ക്ലബ്ബിന്റെ ഇന്ത്യയിലെ റീച്ച് വര്‍ധിപ്പിക്കാനും അവര്‍ക്ക് കഴിയുമായിരുന്നു. ഭൂരിഭാഗം ഓഹരിയുടമകളുടെ താത്പര്യങ്ങളുമായി ഏറ്റുമുട്ടല്‍ വന്നതോടെ സ്പാനിഷ് ഭീമന്മാര്‍ പതിയെ പുറകോട്ടുമാറി. 

അത്ലറ്റിക്കോ തങ്ങളുടെ ശ്രദ്ധ മെക്‌സിക്കോയിലേക്ക് പറിച്ചുനട്ടുകഴിഞ്ഞു. അവിടെയൊരു രണ്ടാം ഡിവിഷന്‍ ടീമില്‍ 60 ശതമാനം ഓഹരി വാങ്ങി അത്‌ലറ്റിക്കോ തട്ടകം മാറ്റുകയായിരുന്നു. യൂറോപ്പിലെ ഒരു മുന്‍നിര ക്ലബ്ബ് ഐ.എസ്.എല്ലില്‍നിന്ന് പിന്‍വാങ്ങിയത് കൊല്‍ക്കത്ത ടീമിന് മാത്രമല്ല ഇന്ത്യന്‍ ഫുട്‌ബോളിനാകെ നഷ്ടമാണ് . 

കൊല്‍ക്കത്ത ടീം

ഗോള്‍കീപ്പര്‍: ദേബ്ജിത് മജുംദാര്‍, കുന്‍സാങ് ഭൂട്ടിയ, ജുസി ജാസ്‌കെലയ്‌നെന്‍
പ്രതിരോധം: ജോര്‍ഡി, ടോം തോര്‍പ്പ്, പ്രബിര്‍ ദാസ്, നല്ലപ്പന്‍ ധന്‍രാജ്, അന്‍വര്‍ അലി, കീഗന്‍ പെരേര, അഷുതോഷ് മെഹ്ത, ഓഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്.
മധ്യനിര: റൂപെര്‍ട്ട് നോങ്‌റം, ശങ്കര്‍ സമ്പിങ്ങിരാജ്, കാള്‍ ബേക്കര്‍, കോണോര്‍ തോമസ്, യൂജിന്‍സണ്‍ ലിങ്‌ദോ, ഡാരെന്‍ കള്‍ഡെരിയ, ഹിതേഷ ശര്‍മ.
മുന്നേറ്റം: റൊണാള്‍ഡോ സിങ്, ബിപിന്‍ സിങ്, ജയേഷ് റാണെ, റോബിന്‍ സിങ്, സീകീന്യ, റോബി കീന്‍, എന്‍ജാസന്‍ കുഗി.