ബെംഗളൂരു: ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് ഗോളിന്റെ ബലത്തില്‍ ബെംഗളൂരു എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. പുണെ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ ഫൈനല്‍ പ്രവേശം. സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതിനാല്‍ ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായിരുന്നു. 

15-ാം മിനിറ്റിലാണ് ഛേത്രി തന്റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 65-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ട ഛേത്രി 89-ാം മിനിറ്റില്‍ വീണ്ടും പുണെ വലകുലുക്കി  ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇതിനിടെ ജോഹ്നാഥന്‍ ലൂക്ക 82-ാം മിനിറ്റില്‍ പുണെയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. ഹോംഗ്രൗണ്ടിന്റെ പിന്തുണയും ബെംഗളൂരു ജയത്തില്‍ നിര്‍ണായകമായി. 

ചൊവ്വാഴ്ച നടക്കുന്ന ചെന്നൈയിന്‍ എഫ്.സി.-ഗോവ സെമിയിലെ വിജയികളാണ് ഫൈനലില്‍ ബെംഗളൂരുവിന്റെ എതിരാളികളായി എത്തുക. ഇരു ടീമുകളും തമ്മിലുള്ള ആദ്യ പാദം ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.