ബെംഗളൂരു: പ്ലേ ഓഫില്‍ ഇടം പിടിക്കാതെ സീസണിലെ അവസാന മത്സരത്തിലും തോല്‍വിയോടെ തല കുനിച്ചു മടങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ മുഴുവന്‍ നിരാശയിലാഴ്ത്തിയിരുന്നു. ആരാധകരുടെ ആവേശത്തോട് ഒപ്പം നില്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയായിരുന്നു. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന സീസണിലെ അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്.സിയോടും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി പിണഞ്ഞു.

ആരാധകരുടെ നിരാശ മാത്രം ബാക്കിയായതില്‍ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ മാപ്പ് പറയുകയും ചെയ്തു. മത്സരശേഷമായിരുന്നു ജിങ്കന്റെ പ്രതികരണം. ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ആരാധകര്‍ക്ക് വേണ്ടി ജയിക്കണമായിരുന്നു. കാരണം ആരാധകരുടെ ഭാഗത്ത് നിന്ന് അത്രയ്ക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. അവര്‍ ആ ജയം ഞങ്ങളേക്കാള്‍ അര്‍ഹിച്ചിരുന്നു. അവരെ നിരാശരാക്കിയതില്‍ സങ്കടമുണ്ട്. ഒപ്പം സൂപ്പര്‍ കപ്പില്‍ യോഗ്യത നേടാത്തതിലും. ജിങ്കന്‍ വ്യക്തമാക്കി. 

കളിയില്‍ ഗോളടിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നു. പക്ഷേ ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഫുട്‌ബോള്‍ എന്നാല്‍ അങ്ങനെയാണല്ലോ. പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായിരുന്നെങ്കിലും ബെംഗളൂരിനെതിരെ ജയിച്ച് സൂപ്പര്‍ കപ്പില്‍ യോഗ്യത നേടാനാണ് ഇറങ്ങിയത്. എന്നായാല്‍ ഒന്നും യാഥാര്‍ത്ഥ്യമായില്ല. ഇഞ്ചുറി ടൈമില്‍ എല്ലാം പിഴച്ചു. ജിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Sandesh Jhingan apologises to fans for Kerala Blasters Manjappada