ന്യൂഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ്‌ ജിംഗാനെനതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. പ്രൊഫഷണലിസമില്ലാത്ത കളിക്കാരനാണ് ജിംഗാനെന്നും മത്സരത്തലേന്ന് പുലരുംവരെ പാര്‍ട്ടിയും മദ്യപാനവുമാണെന്നും മ്യൂലന്‍സ്റ്റീന്‍ തുറന്നടിച്ചു. ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഡച്ചുകാരനായ മ്യൂലന്‍സ്റ്റീന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന സാഹചര്യങ്ങളെ കുറിച്ച് പറയുന്നത്.

കൊച്ചിയില്‍ നടന്ന ബെംഗളൂരു എഫ്.സിയുമായുള്ള കളിയില്‍ 3-1ന് ബ്ലാസ്റ്റേഴ്‌സ് തോറ്റതിന് പിന്നാലെയാണ് മ്യൂലന്‍സ്റ്റീനിനെ പുറത്താക്കിയത്. ജിംഗാന്‍ പന്ത് കൈകൊണ്ട് തട്ടിയതിന് നല്‍കിയ പെനാല്‍റ്റിയാണ് ബെംഗളൂരുവിന് മത്സരത്തിലെ ആദ്യ ഗോളും ലീഡും സമ്മാനിച്ചത്. തുടര്‍ന്ന് ടീം വഴങ്ങിയ ഗോളുകളിലും ജിംഗാന്റെ പിഴവുകളുണ്ടായിരുന്നു. 

എഫ്.സി ഗോവയുമായുള്ള കളി ബ്ലാസ്‌റ്റേഴ്‌സ് 5-2ന് തോറ്റതിന് പിന്നിലും ജിംഗാന്റെ കൂറില്ലാത്ത നിലപാടുണ്ട്. ഈ മത്സരത്തിന്റെ തലേന്ന് പുലര്‍ച്ചെ നാലു മണിവരെ ജിംഗാന്‍ പാര്‍ട്ടിയും മദ്യപാനവുമായി ചിലവഴിച്ചെന്നും മ്യൂലന്‍സ്റ്റീന്‍ ചൂണ്ടിക്കാട്ടുന്നു. 

ഒരു പ്രൊഫഷണല്‍ താരം ചെയ്യാത്ത കാര്യമാണ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ചെയ്തത്. ബെംഗളൂരുവിനെതിരായ മത്സരം ജയിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമില്ലായിരുന്നു. ഒരുവേള എന്നെ ഒഴിവാക്കാന്‍ വേണ്ടിയാവാമിത്. പെനാല്‍റ്റി വഴങ്ങിയതും മറ്റു ഗോളുകള്‍ വന്ന രീതിയുംവെച്ച് നോക്കുമ്പോള്‍ അങ്ങനെയേ തോന്നൂ. മൂന്നാമത്തെ ഗോളടിക്കാന്‍ മിക്കുവിന് ജിംഗാന്‍ വഴിമാറികൊടുക്കുകയായിരുന്നു.

തോല്‍വിക്ക് തൊട്ടുപിന്നാലെയായിരുന്നു എന്റെ സ്ഥാനത്യാഗം. കളി കഴിഞ്ഞയുടന്‍ ജിംഗാനുമായി ടീമിന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ചു. അപ്പോഴും അദ്ദേഹത്തെ മദ്യം മണക്കുന്നുണ്ടായിരുന്നു. ക്ലബ്ബിന്റെയും ആരാധകരുടെയും ക്യാപ്റ്റനാണദ്ദേഹം. ഇന്ത്യയില്‍ വലിയൊരു പ്രൊഫഷണലാണെന്നാണ് ക്യാപ്റ്റന്‍ സ്വയം കരുതേണ്ടത്. പക്ഷേ എല്ലാവരേയും അദ്ദേഹം നിരാശരാക്കി. നാണംകെടുത്തി. 

ജിംഗാനുമായോ ടീമിലെ മറ്റാരെങ്കിലുമായോ എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ഗോവ മത്സരത്തോടനുബന്ധിച്ചുണ്ടായ കാര്യങ്ങള്‍ ടീം ഉടമയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. 

താനും കളിക്കാരും തമ്മില്‍ ഉരസലുണ്ടെന്ന് ചില നിക്ഷിപ്ത താത്പര്യക്കാര്‍ പ്രചാരണം നടത്തിയിരുന്നു. വാസ്തവത്തില്‍ അതില്‍ കഴമ്പൊന്നുമില്ല-മ്യൂലന്‍സ്റ്റീന്‍ വ്യക്തമാക്കി. 

Content Highlights: Rene Meulensteen Blasts Kerala Blasters Captian Sandesh Jhingan Manjappada ISL 2017