കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തലവേദന മാറുന്നില്ല. പരിശീലകനായിരുന്ന റെനെ മ്യൂലന്‍സ്റ്റീന്‍ ടീം വിട്ടതിന് പിന്നാലെ ടീമിലെ സൂപ്പര്‍ താരം സിഫ്‌നിയോസും ബ്ലാസ്‌റ്റേഴ്‌സിനായുള്ള കളി മതിയാക്കി. 

സിഫ്‌നിയോസും ബ്ലാസ്‌റ്റേഴ്‌സും ടീം വിടുന്ന കാര്യത്തില്‍ ഒരുമിച്ചൊരു തീരുമാനത്തിലെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഡച്ച് താരം ടീം വിട്ടതിന്‌ പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 

സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത് ഡച്ച് താരമായിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ നേടിയ താരം അപ്രതീക്ഷിതമായാണ് ടീം വിട്ടത്. പത്തൊമ്പതുകാരനായ സിഫ്‌നിയോസ് ടീമിലെ പ്രായം കുറഞ്ഞ താരങ്ങളില്‍ ഒരാളായിരുന്നു.

ടീം വിടുന്ന കാര്യം സിഫിനിയോസ് മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്തിരുന്നെന്നും പരസ്പര ധാരണയോടെയാണ് തീരുമാനമെടുത്തതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മീഡിയ മാനേജര്‍ സജീവ് പറഞ്ഞു. അദ്ദേഹം ഇന്നോ നാളെയോ കേരളം വിടുമെന്നും സജീവ് കൂട്ടിച്ചേര്‍ത്തു. 

സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നതായും താരം ടീം വിടുന്നത് സംബന്ധിച്ച് ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

നേരത്ത ടീം വിട്ടതിന് പിന്നാലെ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ ക്യാപ്റ്റന്‍ സന്ദേശ് ജിംഗാനെതിരെ വിവാദ പരാമര്‍ശം നടത്തിയിരുന്നു. ജിംഗാന്‍ പ്രൊഫഷണല്‍ താരമല്ലെന്നും മത്സരത്തലേന്ന് പുലരുംവരെ പാര്‍ട്ടിയും മദ്യപാനവുമാണ് ജിംഗാന്റെ വിനോദമെന്നുമായിരുന്നു റെനെയുടെ ആരോപണം.

എന്നാല്‍ ഇതെല്ലാം നിഷേധിച്ച് സി.കെ വിനീതും ജിംഗാനും രംഗത്തെത്തിയിരുന്നു. ജിംഗാന്‍ അത്തരത്തില്‍ മദ്യപിക്കാറില്ലെന്നും ടീമും മാനേജ്‌മെന്റും ക്യാപ്റ്റനൊപ്പമാണെന്നും വിനീത് ഗോവയ്‌ക്കെതിരായ മത്സരശേഷം വ്യക്തമാക്കിയിരുന്നു. തന്നെക്കണ്ടാല്‍ മ്യൂലന്‍സ്റ്റീന്‍ പറയുന്നതുപോലെ മദ്യപിക്കുന്ന ആളാണെന്ന് തോന്നുമോ എന്നായിരുന്നു ജിംഗാന്റെ ചോദ്യം.

Content Highlights: Mark Sifneos Leaves Kerala Blasters Manjappada ISL 2017