പനാജി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് എഫ്.സി ഗോവയിലെത്തിയ മാര്‍ക്ക് സിഫ്‌നിയോസ് ഇന്ത്യ വിട്ടു സ്വന്തം രാജ്യത്തേക്ക് മടങ്ങി. സിഫ്‌നിയോസിനെതിരെ ഫോറീന്‍ റീജ്യണല്‍ രെജിസ്‌ട്രേഷന്‍ ഓഫീസില്‍ (എഫ്.ആര്‍.ആര്‍.ഒ) കേരള ബ്ലാസ്റ്റേഴ്‌സ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് താരം ഇന്ത്യ വിട്ടത്. ഞായറാഴ്ച്ച നടന്ന എഫ്‌സി ഗോവയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിന് തൊട്ടുമുമ്പെയാണ് സിഫ്‌നോയിസ് ഹോളണ്ടിലേക്ക് പറന്നത്.

ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാനുള്ള എംപ്ലോയ്‌മെന്റ് വിസയിലാണ് സിഫ്നിയോസ് എഫ്.സി ഗോവയില്‍ കളിക്കുന്നതെന്നും അതു നിയമവിരുദ്ധമാണെന്നുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പരാതി. തുടര്‍ന്ന് എഫ്.ആര്‍.ആര്‍.ഒ ഓഫീസ് എഫ്.സി ഗോവയേയും സിഫ്‌നിയോസിനേയും ബന്ധപ്പെടുകയായിരുന്നു. ഒന്നെങ്കില്‍ രാജ്യം വിട്ടുപോകാനോ അല്ലെങ്കില്‍ ഡീപോര്‍ട്ടിംഗ് നടപടിക്ക് വഴങ്ങുകയോ ചെയ്യാനാണ് എഫ്.ആര്‍.ആര്‍.ഒ ഓഫീസ് സിഫ്‌നിയോസിനോട് നിര്‍ദേശിച്ചത്. 

എഫ്.ആര്‍.ആര്‍.ഒയുടെ നിര്‍ദേശം അനുസരിച്ച സിഫ്‌നിയോസ് സ്വന്തം രാജ്യത്തേക്ക് പറന്നു. ജനുവരിയില്‍ നടന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ് സിഫ്‌നിസോയ് ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ഗോവയിലെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി ഡച്ച് താരത്തിന് ഇന്ത്യയിലേക്ക് തിരിച്ചുവരണമെങ്കില്‍ പത്ത് ദിവസമെങ്കിലുമെടുക്കും. 

മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരത്തില്‍ ഗോവയ്ക്കായി എട്ടുമിനിറ്റ് സിഫ്‌നിയോസ് കളിച്ചിരുന്നു. ബ്ലാസ്‌റ്റേഴ്‌സില്‍ റെനെ മ്യൂലന്‍സ്റ്റീന് പകരം ഡേവിഡ് ജെയിംസ് പരിശീലകനായെത്തിയതോടെ തന്റെ റോള്‍ നഷ്ടപ്പെട്ടിരുന്നുവെന്നും സൈഡ് ബെഞ്ചിലിരുന്നത് പരിക്ക് മൂലമല്ലെന്നും ഇരുപതുകാരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Content Highlights: Mark Sifneos Departs India After Kerala Blasters Complain