കൊച്ചി: ഗോവയോട് അവരുടെ തട്ടകത്തിലേറ്റ നാണക്കേടിന് പകരംവീട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും അടിതെറ്റി. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മഞ്ഞപ്പടയെ നിരാശരാക്കി ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്‌സ് പൊരുതി നോക്കിയെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കി ഗോവ വിജയമാഘോഷിക്കുകയായിരുന്നു.

ആദ്യ പകുതിയുടെ ഏഴാം മിനിറ്റില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ഗോവയുടെ ഗോളെത്തി. മന്തന്‍ റാവു ദേശായി നല്‍കിയ അളുന്നുമുറിച്ച പാസ്സില്‍ കോറോ ലക്ഷ്യം കാണുകയായിരുന്നു.

എന്നാല്‍ ഗോളില്‍ തളരാതെ പിടിച്ചുനിന്ന ബ്ലാസ്റ്റേഴ്‌സ് 29-ാം മിനിറ്റില്‍ മലയാളി താരം സി.കെ വിനീതിലൂടെ ലക്ഷ്യം കണ്ടു. സിയാം ഹെംഗല്‍ ഹെഡ്ഡറിലൂടെ കൈമാറിയ പന്ത് ബോക്‌സിന് തൊട്ടുമുന്നില്‍ നില്‍ക്കുകയായിരുന്ന വിനീത് ഗോളി കട്ടിമണിയെ കാഴ്ച്ചക്കാരനാക്കി വലയിലെത്തിക്കുകയായിരുന്നു. 

ck vineeth
ഗോളിലേക്കുള്ള സി.കെ വിനീതിന്റെ മുന്നേറ്റം  ഫോട്ടോ:ബി.മുരളീകൃഷ്ണന്‍

രണ്ടാം പകുതിയില്‍ ബുദ്ധിപരമായ നീക്കങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് മുന്നേറിയെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. ഇയാന്‍ ഹ്യൂമും സി.കെ വിനീതും അര്‍ധാവസരങ്ങളുമായി ഗോവന്‍ പ്രതിരോധത്തെ പരീക്ഷിച്ചു. അതിനിടിയില്‍ സിയാം ഹംഗലിന്റെ ചില ഷോട്ടുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നല്‍കി. പക്ഷേ ഒന്നും ഗോളുകളായി പരിണമിച്ചില്ല.

ഒടുവില്‍ 76-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സസിനെ നോക്കുകുത്തിയാക്കി ഗോവ മുന്നിലെത്തി. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ കൃത്യമായ കോര്‍ണര്‍ കിക്കില്‍ ബെഡിയ ഫ്‌ളിക്കിങ് ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ വല ചലിപ്പിക്കുകയായിരുന്നു. കിസിറ്റോ കളിക്കാതിരുന്നതും റിനോ ആന്റോ പരിക്കേറ്റ് പിന്മാറിയതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. 

തോല്‍വിയോടെ നാലാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരവും ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തി. അതേസമയം ആറാം ജയം സ്വന്തമാക്കിയ ഗോവ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 19 പോയിന്റാണ് ഗോവയുടെ അക്കൗണ്ടിലുള്ളത്.

ലൈവ് അപ്‌ഡേറ്റ്‌സ്

ഫൈനല്‍ വിസില്‍, ബ്ലാസ്റ്റേഴ്‌സിന്  കൊച്ചിയില്‍ തോല്‍വി, ഗോവയ്ക്ക് ഒരു ഗോള്‍ വിജയം

92-ാം മിനിറ്റില്‍ സിയാം ഹംഗലിന്റെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക്‌

ഹ്യൂമിന് പകരം സിഫ്‌നിയോസ് കളത്തില്‍

ആറു മിനിറ്റ് അധികസമയം

കോര്‍ണര്‍ കിക്കെടുത്ത ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് പന്ത് ബെഡിയയിലേക്കെത്തിക്കുന്നു. ലക്ഷ്യം തെറ്റാതെ ബെഡിയ ഹെഡ്ഡറിലൂടെ പന്ത് ബ്ലാസ്റ്റേഴ്‌സിന്റെ വലയിലെത്തിച്ചു

ഗോള്‍...ഗോവ വീണ്ടും മുന്നില്‍..77-ാം മിനിറ്റില്‍ ബെഡിയ ലക്ഷ്യം കണ്ടു

മിലന്‍ സിങ്ങിന് പകരം പ്രശാന്ത് ഗ്രൗണ്ടില്‍

വീണ്ടും വിനീതിന്റെ ഗോള്‍ ശ്രമം, സിസര്‍ കട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക്‌

പന്തുമായി വിനീതിന്റെ മുന്നേറ്റം, പക്ഷേ ബോക്‌സില്‍ വെച്ച് വീഴുന്നു

ജിംഗാന്‍ പരിക്കേറ്റ് വീഴുന്നു, പ്രാഥമിക ചികിത്സക്ക് ശേഷം ഗ്രൗണ്ടിലേക്ക് തിരിച്ചുവന്നു

ജിംഗാന്റെ പാസ്സില്‍ ഗോളടിക്കാനുള്ള വിനീതിന്റെ ശ്രമം നേരെ ഗോള്‍കീപ്പറുടെ കൈയിലേക്ക്‌

രണ്ടാം പകുതിക്ക് തുടക്കം

ആദ്യ പകുതി അവസാനിച്ചു, ബ്ലാസ്റ്റേഴ്‌സും ഗോവയും ഒപ്പത്തിനൊപ്പം

മൂന്ന് മിനിറ്റ് അധികസമയം

ഇയാന്‍ ഹ്യൂമിന് മഞ്ഞക്കാര്‍ഡ്‌

പരിക്കേറ്റ റിനോ ആന്റോക്ക് പകരം നെമഞ്ച പെസിച്ച്‌

പന്തുമായി ഗോവന്‍ പ്രതിരോധത്തെ നിഷ്പ്രഭമാക്കി മുന്നേറിയ വിനീത് കട്ടിമണിയെ മറികടന്ന് ലക്ഷ്യം കണ്ടു

ഗോള്‍....29-ാം മിനിറ്റില്‍ മലയാളി താരം സി.കെ വിനീതിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പംപിടിച്ചു

25-ാം മിനിറ്റില്‍ സിയാന്‍ ഹംഗലിന്റെ സൂപ്പര്‍ ഷോട്ട് ഗോവന്‍ പോസ്റ്റില്‍ തട്ടി പുറത്തേക്ക്

വിനീതിനെയും ഹ്യൂമിനെയും പിടിച്ചുകെട്ടി ഗോവന്‍ പ്രതിരോധം

ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റിന് മുന്നില്‍വെച്ച് മന്തന്‍ റാവു ദേശായ് പന്ത് കോറോയ്ക്ക് കൈമാറുന്നു. കോറോയ്ക്ക് ലക്ഷ്യം തെറ്റിയില്ല.

ഗോള്‍..ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ഏഴാം മിനിറ്റില്‍ കോറോ ലക്ഷ്യം കണ്ടു. ഗോവ ഒരു ഗോളിന് മുന്നില്‍

കലൂര്‍ സ്‌റ്റേഡിയത്തില്‍ ഗോവയുടെ ഗോളടിയോടെ മത്സരത്തിന് തുടക്കം. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിരാശരാക്കി കോറോയാണ് ലക്ഷ്യം കണ്ടത്. 

സി.കെ വിനീതിനെ ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂല ഫ്രീകിക്ക്. പെക്കൂസണ്‍ അവസരം നഷ്ടപ്പെടുത്തുന്നു

നാലാം മിനിറ്റില്‍ തന്നെ ഗോവയുടെ ഗോള്‍ നേടാനുള്ള ശ്രമം. ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റില്‍ തട്ടി വീണ്ടും ഗ്രൗണ്ടിലേക്ക്

മത്സരത്തിന് കിക്കോഫ്‌​

Content Highlights: Kerala Blasters vs FC Goa ISL 2017 Manjappada