ന്യൂഡല്‍ഹി: തലയിലേറ്റ മുറിവിനെയും ഡല്‍ഹിയിലെ കൊടുംതണുപ്പിനെയും വകവെയ്ക്കാതെ ഇയാന്‍ ഹ്യൂം നിറഞ്ഞാടിയപ്പോള്‍ ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം.

ഹ്യൂമിനെ മുന്നേറ്റത്തില്‍ അണിനിരത്തി ടീമിനെ കളത്തിലറക്കിയ ഡേവിഡ് ജെയിംസിന്റെ തന്ത്രം ഡല്‍ഹി സ്റ്റേഡിയത്തില്‍ നടപ്പിലാകുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന ഹ്യൂമിന്റെ കിടിലന്‍ തിരിച്ചുവരവായിരുന്നു ഇത്. ഐ.എസ്.എല്‍ കരിയറില്‍ കനേഡിയന്‍ താരത്തിന്റെ മൂന്നാം ഹാട്രിക്. 

ഡല്‍ഹിയുടെ കൊടുംതണുപ്പിലേക്ക് കളി തുടങ്ങി 11-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ച്ചൂട് പകര്‍ന്നു. ബോക്സില്‍ നിന്ന് കറേജ് പെക്കൂസണ്‍ നല്‍കിയ പാസ്സ് ഡല്‍ഹി പ്രതിരോധ താരം തട്ടിയകറ്റാന്‍ ശ്രമിച്ചു. പക്ഷേ ഗോള്‍പോസ്റ്റിന് തൊട്ടുമുന്നിലുണ്ടായിരുന്ന ഹ്യൂം ആ പന്ത് പോസ്റ്റിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. 

എന്നാല്‍ ആദ്യ പകുതി അവസാനിക്കാനിരിക്കെ ഡല്‍ഹി പ്രീതം കോട്ടാലിലൂടെ സമനില ഗോള്‍ നേടി. 44-ാം മിനിറ്റില്‍ റോമിയോ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്കില്‍ ഹെഡ് ചെയ്താണ് പ്രീതം ഡല്‍ഹിയെ ഒപ്പമെത്തിച്ചത്. 

രണ്ടാം പകുതിയില്‍ ഇരട്ടഗോള്‍ നേടിയാണ് ഹ്യൂം ബ്ലാസ്‌റ്റേഴ്‌സിന് കളിയില്‍ ആധിപത്യം നല്‍കിയത്. 11-ാം മിനിറ്റിലെ ഗോളിന് ശേഷം 78-ാം മിനിറ്റിലും 83-ാം മിനിറ്റിലും ഹ്യൂം ലക്ഷ്യം കണ്ടു. തകര്‍പ്പനൊരു ഒറ്റയാന്‍ നീക്കത്തിലൂടെ ഡല്‍ഹിയുടെ വലയില്‍ പന്തെത്തിച്ചാണ് ഹ്യൂം രണ്ടാം ഗോള്‍ നേടിയത്. ത്രോയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഹ്യൂം ഇടതുവിങ്ങില്‍ നിന്ന് ബോക്‌സിനുള്ളില്‍ കടന്ന് പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി പന്തു പായിക്കുകയായിരുന്നു. ഡല്‍ഹി ഗോളി ഡൈവ് ചെയ്‌തെങ്കിലും പന്ത് വലയിലെത്തി.

അപ്രതീക്ഷിതമായി വഴങ്ങിയ രണ്ടാം ഗോളിന്റെ ഞെട്ടലിലായിരുന്ന ഡല്‍ഹിയെ വീണ്ടും ഞെട്ടിക്കാന്‍ ഹ്യൂമിന് പ്രയാസപ്പെടേണ്ടി വന്നില്ല. മധ്യവരക്ക് സമീപത്ത് നിന്നും സിഫ്‌നിയോസ് നല്‍കിയ പന്ത് ഹ്യൂം പിടിച്ചെടുക്കുമ്പോള്‍ മുന്നില്‍ ഗോളി മാത്രമായിരുന്നു. മുന്നോട്ടുകയറിയ ഗോളിയെ കീഴ്‌പ്പെടുത്തി ഹ്യൂം ഹാട്രിക് തികച്ചു. ഇതോടെ ഡല്‍ഹി പരാജയമുറുപ്പിച്ചു. 

വിജയത്തോടെ ഒമ്പതു മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ആറാമതെത്തി. തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ചെന്നൈയ്‌നെതിരെ കഴിഞ്ഞ മത്സരത്തില്‍ സമനില വീണ്ടെടുത്ത ഡല്‍ഹി ഈ തോല്‍വിയോടെ അവസാന സ്ഥാനത്തുതന്നെ തുടരും. ഒമ്പതു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റാണ് ഡല്‍ഹിയുടെ സമ്പാദ്യം. 

അതിനിടയില്‍ ഹ്യൂമിനും ബെര്‍ബറ്റോവിനും പരിക്കേറ്റതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. തലയില്‍ പരിക്കേറ്റ ചോരയൊലിക്കുന്ന നിലയില്‍ കളിച്ച ഹ്യൂം പിന്നീട് ചികിത്സ തേടി കളിക്കളത്തിലേക്ക് തിരിച്ചുവന്നു. അതേസമയം പരിക്കേറ്റ ബെര്‍ബറ്റോവ് ഗ്രൗണ്ട് വിട്ടു. പകരം സിഫ്‌നിയോസ് കളത്തിലെത്തി. 

Content Highlights: Kerala Blasters vs Delhi Dynamos ISL 2017 Football Ian Hume