ചെന്നൈയ്ന്‍ എഫ്.സിക്കെതിരായ മത്സരത്തില്‍ റഫറിയുടെ ആ പെനാല്‍റ്റി പിഴവിനെ പഴിക്കാത്തവരായി ആരുമില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെല്ലാം തലയില്‍ കൈവെച്ചുപോയ നിമിഷം. പെനാല്‍റ്റി വിധിക്കാനുള്ള വകുപ്പൊന്നുമില്ലായെന്ന് ആദ്യ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. എന്നിട്ടും റഫറി ജിങ്കന് നേരെ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. ഒപ്പം പെനാല്‍റ്റിയിലേക്ക് കൈ ചൂണ്ടുകയും ചെയ്തു.

ആ റഫറി ആരാണെന്ന് അന്വേഷിക്കുകയാണ് പിന്നീട് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ചെയ്തത്. മറ്റൊന്നിനുമല്ല, ഫെയ്‌സ്ബുക്ക് പേജില്‍ പോയി പൊങ്കാലടിയാന്‍. പ്രഞ്ജല്‍ ബാനര്‍ജിയായിരുന്നു ആ നിര്‍ഭാഗ്യവാന്‍. ആള് ചില്ലറക്കാരനൊന്നുമല്ല, കഴിഞ്ഞ വര്‍ഷം ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച റഫറിയായിരുന്നു. കൂടാതെ ഐ-ലീഗില്‍ നിരവധി മത്സരങ്ങളില്‍ റഫറിയായതിന്റെ പരിചയസമ്പത്തുമുണ്ട്. പക്ഷേ ഇതൊന്നും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ പൊങ്കാലയില്‍ നിന്ന് പിന്നോട്ടുവലിപ്പിക്കുന്നതായിരുന്നില്ല.

പ്രഞ്ജാലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോയാണ് മഞ്ഞപ്പട ദേഷ്യം തീര്‍ത്തത്. ടൈംലൈനിലെ ചിത്രങ്ങള്‍ക്ക് താഴെയെല്ലാം ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ അസഭ്യവര്‍ഷമാണ്. കൊച്ചിയില്‍ വരുമ്പോള്‍ ശരിയാക്കിത്തരാമെന്ന ഭീഷണിസ്വരവും അതിലുണ്ട്.

screen shot