കൊച്ചി: ഞായറാഴ്ച സ്വന്തം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം വിജയത്തിന്റെ ഹാപ്പി ന്യൂ ഇയര്‍ മാത്രം. ഐ.എസ്.എല്‍. നാലാം സീസണിലെ ഏഴാം മത്സരത്തില്‍ ബെംഗളൂരു എഫ്.സി.യാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകുന്നേരം അഞ്ചരയ്ക്കാണ് കളി.

ആറു കളിയില്‍ ഒരേയൊരു ജയം മാത്രം നേടിയ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നാലു ജയങ്ങളടക്കം 12 പോയന്റോടെ നാലാം സ്ഥാനത്താണ് ബെംഗളൂരു. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയോട് സമനിലപിടിച്ചാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തിരിച്ചെത്തിയതെങ്കില്‍ ജംഷേദ്പുരിനോട് ഒരൊറ്റ ഗോളിനു തോറ്റാണ് ബെംഗളൂരു എത്തുന്നത്.

കളിമാറ്റാന്‍ ബ്ലാസ്റ്റേഴ്സ്

ലീഗില്‍ മുന്നോട്ടുപോകാന്‍ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ആറുമത്സരങ്ങളില്‍ അഞ്ചു ഗോളുകള്‍ മാത്രം നേടിയ ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം ഗോളടിക്കാന്‍ കഴിയാതെ പതറുന്ന മുന്നേറ്റമാണ്. പരിക്കിലുള്ള പ്ലേമേക്കര്‍ ബെര്‍ബറ്റോവ് കളിക്കുമോയെന്നുറപ്പില്ല. ശനിയാഴ്ച ബെര്‍ബ പരിശീലനത്തിനിറങ്ങിയിരുന്നു.

വിനീത് തിരിച്ചെത്തുമ്പോള്‍

സി.കെ. വിനീത് ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ബ്ലാസ്റ്റേഴ്സ്. ചെന്നൈക്കെതിരേ തോറ്റെന്നുറപ്പിച്ച മത്സരത്തില്‍ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സിനെ സമനിലയിലെത്തിച്ച വിനീത് നോര്‍ത്ത് ഈസ്റ്റിനെതിരെയും രക്ഷകനായി. ബെര്‍ബറ്റോവിന്റെ അസാന്നിധ്യത്തില്‍ ഡച്ച് താരം സിഫ്നിയോസാകും ഏക സ്ട്രൈക്കര്‍. വിങ്ങുകളിലൂടെയുള്ള ആക്രമണത്തിന് വിനീതും ജാക്കിചന്ദും നേതൃത്വം നല്‍കും. കറേജ് പെക്കൂസണെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി നിയോഗിക്കുമ്പോള്‍ പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ ജിംഗാനൊപ്പം വെസ് ബ്രൗണും നെമാഞ്ച പെസിക്കുമുണ്ടാകും. പരിക്കേറ്റ മലയാളി താരം റിനോ ആന്റോക്ക് പകരം സാമുവല്‍ ശദാബിനാണ് സാധ്യത. ഗോള്‍ പോസ്റ്റിന് താഴെ പോള്‍ റെച്ചുബ്ക തന്നെയാകും.

ജയിക്കാനായി ബെംഗളൂരു

ലീഗിലെ ആദ്യ അഞ്ചുമത്സരങ്ങളില്‍ നാലിലും ജയിച്ച ബെംഗളൂരു അവസാന രണ്ടുമത്സരങ്ങളിലും തോറ്റു. ആറുഗോളുകളോടെ ലീഗിലെ ഗോള്‍വേട്ടക്കാരില്‍ രണ്ടാമനായ വെനസ്വേല താരം മിക്കുവാണ് ബെംഗളൂരുവിന്റെ ആയുധം. മൂന്നു ഗോളുകള്‍ വീതം നേടിയ ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയും ഓസീസ് താരം എറിക് പാര്‍ത്താലുവും മിക്കുവിനൊപ്പം ചേരുമ്പോള്‍ ബെംഗളൂരു ആക്രമണത്തിന് മൂര്‍ച്ചയേറും.

ഗോളടിതുടരുമ്പോഴും ഒമ്പതു ഗോളുകള്‍ വഴങ്ങിയ പ്രതിരോധനിര ബെംഗളൂരുവിന് തലവേദനയാകുന്നു. പരിക്കുമാറാത്തതിനാല്‍ സ്ട്രൈക്കര്‍ ഉദാന്ത സിങ്ങും ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ജോണ്‍ ജോണ്‍സണും ഞായറാഴ്ച കളിക്കില്ല.