കൊച്ചി: ഡച്ച് താരം മാര്‍ക്ക് സിഫ്‌നിയോസിന് പിന്നാലെ രണ്ട് താരങ്ങള്‍ കൂടി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും. സീസണില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാത്ത സാഹചര്യത്തില്‍ ഒരു അഴിച്ചുപണിയ്ക്ക് ഒരുങ്ങുകയാണ് ടീമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ടീമിലെ രണ്ട് വിദേശതാരങ്ങളാകും പുറത്തുപോവുക എന്നാണറിയുന്നത്.

വലിയ പ്രതീക്ഷയോടെ എത്തി കാര്യമായ പ്രകടനം കാഴ്ചവെക്കാനാകാതെ പോയ മുന്‍ മാഞ്ചസ്റ്റര്‍ താരം ദിമിറ്റാര്‍ ബെര്‍ബെറ്റോവുമായുള്ള കരാര്‍ ടീം അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം. പരിക്ക് വലയ്ക്കുന്ന ബെര്‍ബറ്റോവിനെ മാറ്റി മറ്റൊരു അന്താരാഷ്ട്ര താരത്തെ ടീമിലെത്തിക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമം. പരിക്കിന്റെ പിടിയിലുള്ള മറ്റൊരു വിദേശതാരത്തിന്റെ പേരും പുറത്തുപോകാനിടയുള്ള കളിക്കാരുടെ പേരുകളില്‍ കേള്‍ക്കുന്നുണ്ട്.

ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണായ പശ്ചാത്തലത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിക്കേറ്റ വിദേശ കളിക്കാരെ ഒഴിവാക്കാനൊരുങ്ങുന്നത്. ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണ്‍ ആയതിനാല്‍ പുതിയ വിദേശതാരങ്ങളെ ടീമിലെത്തിക്കാന്‍ അവസരമുണ്ട്. ജനുവരി 15 മുതല്‍ ഫെബ്രുവരി 16 വരെയാണ് ഇതിനുള്ള സമയം.

പുതിയ കളിക്കാരെ എത്തിച്ച് ടീമിനെ പുതുക്കിപ്പണിയാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ടീമിലെ മറ്റുചില ആഭ്യന്തര പ്രശ്‌നങ്ങളും തീരുമാനത്തിന് പിന്നിലുള്ളതായി സൂചനയുണ്ട്.

സീസണില്‍ 12 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സിന് മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ഇതിനിടെ കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ രാജിവെച്ചതും തുടര്‍ന്ന് ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍ മത്സരസമയത്തും മദ്യലഹരിയിലായിരുന്നെന്നത് ഉള്‍പ്പെടെയുള്ള പ്രസ്താവനയും ബ്ലാസ്റ്റേഴ്‌സിന് തലവേദനയായിരുന്നു. ഇതിനു പിന്നാലെയാണ് സീസണില്‍ നാലു ഗോളുകള്‍ നേടിയ സിഫ്‌നിയോസ് ടീമുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.

ഔദ്യോഗികമായി വിദേശതാരങ്ങളെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മീഡിയ മാനേജര്‍ സജീവ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. എന്നാല്‍, ടീം ജയിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും മാനേജ്‌മെന്റ് ചെയ്യേണ്ടിവരുമെന്നും അതിനുള്ള ശ്രമങ്ങളെ പോസിറ്റീവായാണ് കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളി ജയിക്കുക എന്നത് മാത്രമാണ് നമ്മുടെ ലക്ഷ്യം. അതിനുള്ള എല്ലാ കാര്യങ്ങളും ചെയ്യും. എന്നാല്‍, സിഫ്‌നിയോസ് ടീം വിട്ടത് അതുമായി ബന്ധപ്പെട്ടല്ല. അത് പരസ്പര ധാരണയോടെയുള്ള തീരുമാനമായിരുന്നു. 

സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് ഇനിയും പ്രതീക്ഷയുണ്ട്. നമ്മള്‍ എപ്പോഴും പിന്നിട്ടു നിന്നിട്ട് മുന്നോട്ടുവരുന്ന ടീമാണ്. അത് ഇത്തവണയും പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ ഏഴാമതാണെങ്കിലും അടുത്ത രണ്ടു മത്സരങ്ങള്‍ കഴിയുമ്പോള്‍ പോലും നമ്മള്‍ ആദ്യ നാലില്‍ വരാന്‍ സാധ്യതയുണ്ട്.

ടീമിനായി ചടുലമായി തീരുമാനമെടുക്കുന്ന മാനേജ്‌മെന്റാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. റെനെ പോയപ്പോള്‍ ഡേവിഡിനെ കൊണ്ടുവന്നതൊക്കെ ഒറ്റ ദിവസം കൊണ്ടെടുത്ത തീരുമാനമാണ്. അത്തരത്തിലുള്ള തീരുമാനങ്ങളാണ് ടീമിനെ മുന്നോട്ടുനയിക്കുന്നത് -സജീവ് വ്യക്തമാക്കി.

Content Highlights: Kerala Blasters Team Changes ISL 2017 Manjappada