പ്രതിസന്ധികളില്‍ വലയുന്ന കേരള ബ്ലാസ് റ്റേഴ്‌സിന് ഐസ് ലാന്‍ഡില്‍ നിന്നൊരു കച്ചിത്തുരുമ്പ്. ഐസ് ലാന്‍ഡിന്റെ സ്‌ട്രൈക്കര്‍ ഗുജോണ്‍ ബാള്‍ഡ് വിന്‍സണ്‍ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്സിന്റെ അണിയില്‍ ചേരും. ഐസ് ലാന്‍ഡ് ലീഗ് ടീമായ ജാര്‍നെന്നിന്റെ സ്‌ട്രൈക്കറായ ബാള്‍ഡ് വിന്‍സണ്‍ വായ്പാ താരമായാണ് ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നത്.

2009 മുതല്‍ 2014 വരെ ഐസ് ലാന്‍സിന്റെ ദേശീയ ടീമംഗമായിരുന്നു 31കാരനായ ബാള്‍ഡ്വിന്‍സണ്‍. സീസണിന്റെ ഇടയ്ക്കു വച്ച് സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസ് ടീം വിട്ടു പോയതിനെ തുടര്‍ന്നാണ് ടീം ബാള്‍ഡ് വിന്‍സന്റെ സേവനം തേടിയത്. ഈ സീസണില്‍ നാല് ഗോളുകളാണ് സിഫ്നിയോസ് നേടിയത്. ഫോമില്ലാതെ വലയുന്ന ബര്‍ബറ്റോവും വൈകാതെ ടീം വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായതിനെ തുടര്‍ന്നാണ് ടീം പരിചയസമ്പന്നനായ ഒരു സ്‌ട്രൈക്കറുടെ സേവനം തേടിയത്.

മോശം ഫോമില്‍ കഷ്ടപ്പെടുന്ന ടീം നിലവില്‍ 12 കളികളില്‍ നിന്ന് 14 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. മൂന്ന് ജയം മാത്രമാണ് ടീമിന് സ്വന്തമാക്കാനായത്. ബാള്‍ഡ്വിന്‍സന്റെ സ്‌ട്രൈക്കിങ് മികവ് ഇക്കാര്യത്തില്‍ തുണയാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

Content Highlight: Rógvi Baldvinson, ISL