ന്യൂഡല്‍ഹി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഡല്‍ഹി ഡൈനാമോസ് പരിശീലകന്‍ മിഗ്വെയ്ല്‍ പോര്‍ച്ചുഗല്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു. ഐ.എസ്.എല്ലില്‍ തോല്‍വികളുമായി മോശം ഫോമിലാണ് ഡല്‍ഹി ഡൈനാമോസ്. തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയ്ന്‍ എഫ്.സിയോട് സമനില നേടിയ ഡല്‍ഹി പക്ഷേ ബ്ലാസ്റ്റേഴ്‌സിനോട് വീണ്ടും തോറ്റു.

ഒരൊറ്റ ടീം മാത്രമാണ് ഫുട്‌ബോള്‍ കളിച്ചതെന്നും ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയെ ഫുട്‌ബോളെന്ന് വിളിക്കാനാവില്ലെന്നുമായിരുന്നു മിഗ്വെയ്‌ലിന്റെ പരാമര്‍ശം. മത്സരശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡല്‍ഹി കോച്ച്.

'എനിക്ക് റഫറിയിങ്ങുമായോ ബ്ലാസ്‌റ്റേഴ്‌സുമായോ ഒരു പ്രശ്‌നവുമില്ല. പക്ഷേ ഇന്ന്  ഒരു ടീം മാത്രമേ ഫുട്‌ബോള്‍ കളിച്ചുള്ളു. അത് ഡല്‍ഹി ഡൈനാമോസാണ്. ബ്ലാസ്‌റ്റേഴ്‌സാണ് ഇന്ന് മൂന്നു ഗോള്‍ നേടിയത്. പക്ഷേ ഡല്‍ഹിക്ക് അവസരമുണ്ടായിരുന്നു, വിജയിക്കാനോ അല്ലെങ്കില്‍ സമനിലക്കോയുള്ള അവസരങ്ങള്‍' മിഗ്വെയ്ല്‍ പറയുന്നു.

ബ്ലാസ്റ്റേഴ്‌സ് കളിച്ചത് ഫുട്‌ബോളല്ല. കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ച പോലെ ലോങ് ബോള്‍ ടാക്ടിക്‌സാണ് പുറത്തെടുത്തത്. മിഗ്വെയ്ല്‍ കൂട്ടിച്ചേര്‍ത്തു.റെനെ മ്യൂലന്‍സ്റ്റീന് പകരം ഡേവിഡ് ജെയിംസ് പരിശീലകനായി വന്നിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ സ്‌റ്റൈലില്‍ മാറ്റമുണ്ടായിട്ടില്ലെന്നും മിഗ്വെയ്ല്‍ വിമര്‍ശിച്ചു. 

'ഇനിയുള്ള മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ സ്‌റ്റൈല്‍ മാറുമെന്ന് കരുതാം. ഒരാഴ്ച്ച മാത്രമാണ് ഡേവിഡ് ജെയിംസ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേര്‍ന്നിട്ട്. അവരിപ്പോഴും പഴയ കളി തന്നെയാണ് കളിക്കുന്നത്. ഒറ്റു മാറ്റവും വന്നിട്ടില്ല.' ഡല്‍ഹി കോച്ച് വ്യക്തമാക്കി.

സീസണില്‍ വളരെ മോശം പ്രകടനം നടത്തുന്ന ഡല്‍ഹി പോയിന്റ് ടേബിളില്‍ ഏറ്റവും പിന്നിലാണ്. ബ്ലാസ്റ്റേഴ്‌സിനോടുള്ള പരാജയം കൂടിയായതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. 

Content Highlights: Kerala Blasters do not play football under David James, says Delhi Dynamos coach Miguel Portugal