കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കുള്ള കാരണമെന്നാണ് വിശദീകരണം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ ഇതുവരെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നില്ല. 

നിലവില്‍ ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് കേവലം ഒരു മത്സരം മാത്രമാണ് വിജയിക്കാനായത്. ഏഴ് പോയന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി മ്യൂലന്‍സ്റ്റീന്‍ എത്തിയത്. 

മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന വേളയിലാണ് പരിശീലകന്റെ രാജി. പുതുവര്‍ഷ തലേന്ന് ഹോം ഗ്രൗണ്ടില്‍ നടന്ന അവസാന മത്സരത്തില്‍ ബെംഗളൂരുവിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. 

പുതിയ പരിശീലകനെ നാളെതന്നെ തീരുമാനിക്കുമെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൊച്ചി ജവഹല്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ജനുവരി നാലിന് പുണെയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.