ഗുവാഹട്ടി: നേര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ തറപറ്റിച്ച് ബെംഗളൂരു എഫ്‌സി. ഗുവാഹട്ടി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ വിജയം. മത്സരത്തിന്റെ 47-ാം മിനിറ്റില്‍ മിക്കുവാണ് ബെംഗളൂരുവിനായി ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തിന്റെ പിഴവിലായിരുന്നൂ ഗോള്‍. വിജയത്തിന് വഴിവെച്ച മിക്കുവാണ് കളിയിലെ താരവും. വിജയത്തോടെ ഒമ്പത് പോയന്റുമായി പോയന്റ് പട്ടികയില്‍ ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തി. 

ഗോള്‍ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം കൂടുതല്‍ ഉണര്‍ന്നു കളിച്ചാണ് ബെംഗളൂരു ലീഡ് സ്വന്തമാക്കിയത്. മത്സരത്തിന്റെ കൂടുതല്‍ സമയവും ബെംഗളൂരുവിന്റെ നിയന്ത്രണത്തിലായിരുന്നു പന്ത്. മത്സരത്തിന്റെ തുടക്കത്തിലും അവസാന നിമിഷവും ലഭിച്ച ചില സുവര്‍ണാവസരങ്ങള്‍ കൃത്യമായി ഫിനിഷ് ചെയ്യാന്‍ സാധിക്കാതിരുന്നത് നോര്‍ത്ത് ഈസ്റ്റിന് തിരിച്ചടിയായി. നിലവില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് തോല്‍വിയും ഒരു വിജയവും ഒരു സമനിലയും സഹിതം നാല് പോയന്റോടെ നോര്‍ത്ത് ഈസ്റ്റ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.