മുംബൈ: സ്വന്തം കാണികള്‍ക്ക് മുന്നില്‍ മുംബൈക്ക് നിരാശ. മുംബൈ ഫുട്‌ബോള്‍ അരീന സ്‌റ്റേഡിയത്തിലെത്തിയ ആറായിരത്തോളം കാണികളെ സാക്ഷിനിര്‍ത്തി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്റെ വിജയം. ഇരട്ടഗോള്‍ നേടിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് സന്ദര്‍ശകര്‍ക്ക് വിജയം സമ്മാനിച്ചത്. ജയത്തോടെ 11 മത്സരങ്ങളില്‍നിന്ന് 21 പോയന്റുമായി ബെംഗളൂരു പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. 

മത്സരത്തിന്റെ 43-ാം മിനിറ്റില്‍ ഗോള്‍ പോസ്റ്റിന് തൊട്ടുമുന്നില്‍ സുനില്‍ ഛേത്രിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ബെംഗളൂരു ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. പെനാല്‍റ്റിയെടുത്ത സുനില്‍ ഛേത്രി മികച്ച ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. പിന്നാലെ 52-ാം മിനിറ്റില്‍ ഇരട്ട ഗോള്‍ തികച്ച് ഛേത്രി ബെംഗളൂരുവിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഒമ്പത് മിനിറ്റുകള്‍ക്കുള്ളില്‍ മിക്കു മൂന്നാമത്തെ ഗോളും വലയിലാക്കി സന്ദര്‍ശകരുടെ വിജയം ഉറപ്പാക്കി. 76-ാം മിനിറ്റില്‍ ലിയോ കോസ്റ്റയാണ് മുംബൈയ്ക്കായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. 

ഇരട്ട ഗോള്‍ നേടി കളംനിറഞ്ഞ് കളിച്ച ഛേത്രി തന്നെയാണ് കളിയിലെ താരവും. തോറ്റെങ്കിലും 11 മത്സരങ്ങളില്‍ നിന്ന് നാല് വിജയവും 2 സമനിലയും സഹിതം 14 പോയന്റുള്ള മുംബൈ അഞ്ചാം സ്ഥാനത്ത് തുടരും. 20 പോയന്റുള്ള ചെന്നൈയ്ന്‍ എഫ്‌സിയാണ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.