കൊച്ചി; ഐ.എസ്.എല്‍ നാലാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രതീക്ഷ തുലാസില്‍. മുപ്പതിനായിരത്തിലേറെ കാണികളെ സാക്ഷിനിര്‍ത്തി സ്വന്തം തട്ടകത്തില്‍ ചെന്നൈയ്‌നെതിരെ നടന്ന നിര്‍ണായകമായ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റത്‌. ലീഗില്‍ ഇനി ബെംഗളൂരുവിനെതിരെ അവശേഷിക്കുന്ന അവസാന മത്സരം വിജയിച്ചാലും ബ്ലാസ്റ്റേഴ്‌സ്‌ സെമിയിലേക്ക് മുന്നേറാന്‍ സാധ്യത വളരെ കുറവാണ്. 

മഞ്ഞകടലില്‍ നിറഞ്ഞു കവിഞ്ഞ സ്‌റ്റേഡിയത്തില്‍ നിര്‍ഭാഗ്യമാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് തിരിച്ചടിയായത്. ചെന്നൈയ്ന്‍ പോസ്റ്റിന് മുന്നില്‍ കളം നിറഞ്ഞ കരണ്‍ജിത് സിംങിന്റെ മിന്നല്‍ സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിരയുടെ നിരവധി ഷോട്ടുകളാണ് കരണ്‍ജിത് സിംങ് തട്ടിയകറ്റിയത്. മത്സരത്തിന്റെ 53-ാം മിനിറ്റില്‍ ചെന്നൈയ്‌ന്‍ ഗോള്‍ പോസ്റ്റിനുള്ളില്‍ ബാല്‍വിന്‍സണെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി പെക്കൂസണ്‍ പാഴാക്കിയതും ലീഡ് നേടാനുള്ള സാധ്യത ഇല്ലാതാക്കി. ദുര്‍ബലമായ പെനാല്‍റ്റി ഷോട്ട് നേരെ ഗോളി കരണ്‍ജിത് സിങ്ങ് തടുത്തിടുകയായിരുന്നു. 

ആദ്യ പകുതിയിലും അക്രമിച്ചു കളിച്ച ബ്ലാസ്റ്റ്‌ഴ്‌സിന് ഫിനിഷിങ്ങിലാണ് പിഴച്ചത്. 22-ാം മിനിറ്റില്‍ പോസ്റ്റ് ലക്ഷ്യമാക്കിയുള്ള സികെ വിനീതിന്റെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റ് ബാറില്‍ തട്ടി തെറിച്ചു. മിന്നല്‍ സേവുകളോടെ ചെന്നൈയ്ന്‍ ഗോള്‍ വല കാത്ത കരണ്‍ജിത് സിങ്ങാണ് കളിയിലെ കേമന്‍. ജയത്തോടെ നിലവില്‍ 17 കളികളില്‍നിന്ന് 29 പോയിന്റോടെ ചെന്നൈയ്ന്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്. പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ചെന്നൈയ്ന്‍ മുന്നേറി. 16 കളികളില്‍നിന്ന് 34 പോയിന്റുള്ള ബെംഗളൂരു നേരക്കെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു. പുണെയും ജംഷേദ്പുരും ഗോവയുമാണ് ഇനി അവസാന നാലിലെത്താന്‍ സാധ്യതയുള്ള മറ്റു ടീമുകള്‍.  

 

Content Highlights; ISL Kerala Blasters vs Chennaiyin FC