ന്യൂഡല്‍ഹി: ജയം അനിവാര്യമായിരുന്ന ഡെല്‍ഹിക്കെതിരെ ജെംഷഡ്പുര്‍ ഐഎസ്എല്‍ 2017ലെ ആദ്യ ജയം നേടി. ഡെല്‍ഹിയുടെ ഹോം ഗ്രൗണ്ടിലെ മത്സരത്തില്‍  ഏകപക്ഷീയമായ ഒരു ഗോളിനായിരുന്ന ജെംഷെഡ്പുരിന്റെ ജയം.

മെഹ്താബ് ഹൊസൈന്റെ പാസില്‍ നിന്ന് ഇസു അസൂക്കയാണ് 61-ാം മിനിറ്റില്‍ മത്സരത്തിന്റെ ഫലം നിര്‍ണയിച്ച ഗോള്‍ സ്വന്തമാക്കിയത്. അതേ സമയം 59-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ജെംഷഡ്പുറിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ആന്ദ്രെ ബിക്കി എടുത്ത കിക്ക് ഡല്‍ഹി ഗോള്‍കീപ്പര്‍ അല്‍ബിനോ ഗോമസ് അനായസകരമായി തടഞ്ഞു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഇസു അസൂക്ക സ്‌കോര്‍ ചെയ്ത് ജെംഷെഡ്പൂരിന്റെ നിരാശ മാറ്റി.

പകുതി സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ഡെല്‍ഹിക്കായിരുന്നു കളിയില്‍ വ്യക്തമായ മേല്‍ക്കൈ. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതും അവര്‍ക്കുതന്നെ. എന്നാല്‍, അതൊന്നും ഗോളവസരങ്ങളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ഐഎസ്എലില്‍ നാല് കളികളില്‍ ഒരു ജയം മാത്രമാണ് ഡല്‍ഹിക്ക് നേടാനായത്. രണ്ട് കളികള്‍ തോറ്റു. മൂന്ന് പോയന്റാണ് അവര്‍ക്കുള്ളത്. 

ഒരു കളിയും തോറ്റിട്ടില്ലാത്ത ജംഷഡ്പുരിന് ഇന്നത്തെ ജയത്തോടെ  ആറ് പോയിന്റായി. മൂന്ന് കളികള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.