മുംബൈ: ജയമില്ലാതെ ഉഴറിയ എ.ടി.കെ. കൊല്‍ക്കത്തയ്ക്ക് കാത്തിരിപ്പിനൊടുവില്‍ ഒരു ആശ്വാസജയം. അതും എതിരാളിയുടെ തട്ടകത്തില്‍. ഒരൊറ്റ ജയം പോലുമില്ലാതെ പോയിന്റ് പട്ടികയില്‍ അവസാനക്കാരായി നില്‍ക്കുകയായിരുന്ന കൊല്‍ക്കത്ത ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയെ വീഴ്ത്തിയത്.

എല്ലാ അര്‍ഥത്തിലും ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരത്തിന്റെ 54-ാം മിനിറ്റില്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ റോബിന്‍ സിങ്ങാണ് കൊല്‍ക്കത്തയുടെ വിജയഗോള്‍ നേടിയത്. ഇടതുവിങ്ങില്‍ ബോക്‌സിന് പുറത്തു നിന്ന് സെക്വിന കൊടുത്ത ക്രോസാണ് അമരീന്ദറിനെ കീഴ്‌പ്പെടുത്തി റോബിന്‍സിങ് വലയിലെത്തിച്ചത്.

ഗോള്‍കീപ്പര്‍ അമരീന്ദറിന്റെ മികച്ച ചില സേവുകളാണ് മുംബൈയെ കൊല്‍ക്കത്തയ്‌ക്കെതിരെ ആദ്യപകുതിയില്‍ കാത്തുപോന്നത്. അപകടകരമായിരുന്നു റോബിസിങ്-സെക്വിന കൂട്ടുകെട്ട്.