ബെംഗളൂരു: ശക്തരായ ബെംഗളൂരുവിനെ തകര്‍ത്ത് ഐഎസ്എല്‍ നാലാം സീസണ്‍ കിരീടം ചെന്നൈയ്ന്‍ എഫ്.സിക്ക്. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ കലാശപ്പോരില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയം പിടിച്ചെടുത്താണ് ചെന്നൈയ്ന്‍ വീണ്ടും ഐഎസ്എല്‍ കിരീടിത്തില്‍ മുത്തമിട്ടത്. നേരത്തെ ഐഎസ്എല്‍ രണ്ടാം സീസണിലും ചെന്നൈയ്ന്‍ ആയിരുന്നു ജേതാക്കള്‍. 17, 45 മിനിറ്റുകളില്‍ ഇരട്ട ഗോള്‍ നേടിയ മെയില്‍സണ്‍ ആല്‍വ്‌സും 67-ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയ റാഫേല്‍ അഗസ്റ്റോയുമാണ് ചെന്നൈയ്‌ന് വിജയം എളുപ്പമാക്കിയത്. 

ഒരു ഗോളിന്റെ ലീഡെടുത്ത ശേഷമാണ് മൂന്നു ഗോളുകള്‍ വഴങ്ങി ബെംഗളൂരു തോല്‍വി സമ്മതിച്ചത്. 3-1 എന്ന നിലയില്‍ ചെന്നൈയന്‍ വിജയം ഉറപ്പിച്ച അവസാന മിനിറ്റില്‍ മിക്കു ബെംഗളൂരുവിനായി രണ്ടാം ഗോള്‍ വലയിലാക്കിയെങ്കിലും സമനില പിടിക്കാനുള്ള സമയം പിന്നീടുണ്ടായില്ല. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ ഡൈവിങ് ഹെഡ്ഡര്‍ ഗോളിലാണ് ബെംഗളൂരു ആദ്യ ഗോള്‍ വലയിലാക്കിയത്. ഉദാന്ത സിങ് പോസ്റ്റിന്റെ വലതു ഭാഗത്തേക്ക് നീട്ടി നല്‍കിയ ക്രോസ് മനോഹമായ ഹെഡ്ഡറിലൂടെയാണ് ബെംഗളൂരു ക്യാപ്റ്റന്‍ പോസ്റ്റിലെത്തിച്ചത്. 

ആദ്യ ഗോളിന്റെ ചൂടാറും മുമ്പ്  ചെന്നൈയ്‌ന് അനുകൂലമായി പതിനേഴാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നെല്‍സണ്‍ തൊടുത്ത ഷോട്ട് മെയില്‍സണ്‍ ആല്‍വ്സ് ഉയര്‍ന്നുചാടി ഹെഡ് ചെയ്ത് പോസ്റ്റിലെത്തിച്ച് ചെന്നൈയ്ന്‍ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ വിണ്ടും ആദ്യ ഗോളിനെ ഓര്‍മ്മിപ്പിക്കും വിധം മികച്ച ഹെഡ്ഡറിലൂടെയാണ് നെല്‍സണിന്റെ കോര്‍ണര്‍ കിക്കില്‍ മെയില്‍സണ്‍ ഇരട്ട ഗോള്‍ തികച്ചത്‌. 67-ാം മിനിറ്റില്‍ റാഫേല്‍ ആഗസ്റ്റോയുടെ ഗോളില്‍ ചെന്നൈയ്ന്‍ മൂന്നാം ഗോളും പോസ്റ്റിലെത്തിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു.

ഇരട്ട ഗോള്‍ നേടിയ മെയ്ല്‍സണ്‍ ആല്‍വ്‌സാണ് കളിയിലെ താരവും. മത്സരത്തിന്റെ ആദ്യ പതിനഞ്ച് മിനിറ്റോളം കളിയുടെ നിയന്ത്രണം ബെംഗളൂരുവിന്റെ കൈയിലായിരുന്നു. കിട്ടിയ അവസരങ്ങളിലെല്ലാം ചെന്നൈയ്ന്‍ എഫ്‌സി മുന്നേറി. ആദ്യ പകുതിയോടടുത്തപ്പോള്‍ ഇരുടീമും ഒരുപോലെ മികച്ച മുന്നേറ്റങ്ങളോടെ കളം നിറഞ്ഞു. ചെന്നൈയ്ന്‍ ലീഡെടുത്തതോടെ ബെംഗളൂരു താരങ്ങള്‍ കൂടുതല്‍ സമ്മര്‍ദത്തിലായി, പിന്നീടൊരു തിരിച്ചവരവ് നടത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചുമില്ല. സ്വന്തം മണ്ണില്‍ ഐഎസ്എല്‍ ഫൈനല്‍ കളിച്ച ടീം ഇതുവരെ ചാമ്പ്യന്‍ പട്ടം നേടിയിട്ടില്ല എന്നത് ഇത്തവണ ബെംഗളൂരുവും തെറ്റിച്ചില്ല. ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് സീസണിലെ മികച്ച താരം. കിരീട നേട്ടത്തോടെ ഏറ്റവും കൂടതല്‍ തവണ ഐഎസ്എല്‍ കിരീടം നേടുന്നതിന്റെ റെക്കോര്‍ഡ് കൊല്‍ക്കത്തയ്‌ക്കൊപ്പം ചെന്നൈയ്ന്‍ പങ്കിട്ടു.

Content Highlights: ISL Final BengaluruFC ChennayinFC