പുണെ: സ്വന്തം തട്ടകത്തില്‍ പുണെയ്ക്ക് വിജയം. ആവേശകരമായ മത്സരത്തില്‍ ജംഷേദ്പൂരിനെതിരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് രണ്ട് ഗോള്‍ മടക്കി ആതിഥേയര്‍ വിജയം പിടിച്ചെടുത്തത്. 29-ാം മിനിറ്റില്‍ വെല്ലിങ്ടണ്‍ പ്രിയോറിയുടെ ഗോളില്‍ സന്ദര്‍ശകര്‍ ആദ്യ പകുതിയില്‍ ലീഡ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്നു കളിച്ച പുണെ രണ്ട് ഗോളുകള്‍ വലയിലാക്കി അര്‍ഹിച്ച വിജയം നേടിയെടുത്തു. 62-ാം മിനിറ്റില്‍ ഗുര്‍ടെജ് സിങ്ങും 66-ാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാരോയും പുണെയ്ക്കായി ഗോളുകള്‍ കണ്ടെത്തി. 

വിജയത്തോടെ 12 മത്സരങ്ങളില്‍നിന്ന് 22 പോയന്റുമായി പുണെ പോയന്റ് പട്ടികയില്‍ ബെംഗളൂരുവിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് കയറി. ചെന്നൈയ്ന്‍ എഫ്‌സിയാണ് മൂന്നാമത്‌. നാലാം സീസണില്‍ പുണെയുടെ ഏഴാം വിജയമാണിത്. പുണെയ്ക്കായി ഒരു ഗോള്‍ വലയിലാക്കി കളം നിറഞ്ഞ് കളിച്ച അല്‍ഫാരോയാണ് കളിയിലെ താരം. 12 മത്സരങ്ങളില്‍ നിന്ന് നാല് വിജയവും നാല് സമനിലയും സഹിതം 16 പോയന്റുള്ള ജംഷേദ്പൂര്‍ അഞ്ചാം സ്ഥാനത്താണ്. ഏഴ് പോയന്റ് മാത്രമുള്ള ഡല്‍ഹിയാണ് ഏറ്റവും അവസാന സ്ഥാനത്ത്.