ഗുവാഹട്ടി: സ്വന്തം കാണികള്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ വിജയവുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി. ഗുവാഹട്ടി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശക്തരായ ചെന്നൈയ്ന്‍ എഫ്‌സിയെയാണ് ആതിഥേയര്‍ തറപറ്റിച്ചത്. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചെടുക്കാമെന്ന മോഹവുമായെത്തിയ ചെന്നൈയ്‌നെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് തോല്‍പ്പിച്ചത്. മണിപ്പൂരി യുവതാരം സീമിലൈന്‍ ഡുംഗലിന്റെ ഹാട്രിക് ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. 

42, 46, 68 മിനിറ്റുകളിലായിരുന്നു ഡുംഗലിന്റെ ഹാട്രിക് ഗോളുകള്‍. ഐഎസ്എല്‍ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് സീമിലൈന്‍. സുനില്‍ ഛേത്രിയും ഹവോകിപ്പുമാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. മൂന്ന് ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന് തോല്‍വി ഉറപ്പിച്ച ചെന്നൈയ്ന്‍ എഫ്‌സിക്കായി 80-ാം മിനിറ്റില്‍ അനിരുദ്ധ് താപ്പയാണ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്. തോറ്റെങ്കിലും 11 മത്സരങ്ങളില്‍നിന്ന് 20 പോയന്റുള്ള ചെന്നൈയ്ന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരും. വിജയത്തോടെ 10 മത്സരങ്ങളില്‍നിന്ന് 10 പോയന്റുള്ള നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്ത് തുടരും.