ചെന്നൈ: അയല്‍ക്കാരായ ചെന്നൈയ്ന്‍ എഫ്.സി.യുടെ കനിവില്‍ ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത. ചെന്നൈ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയ്ന്‍ മുംബൈയെ തറപറ്റിച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന് നേരിട്ട് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത ലഭിച്ചത്. നാലാം സീസണ്‍ അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് മുംബൈക്ക് തൊട്ടുമുകളില്‍ ആറാം സ്ഥാനക്കാരായാണ് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയത്. മുംബൈക്ക് നിര്‍ണായകമായ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെന്നൈയ്ന്‍ എഫ്.സി.യുടെ വിജയം. 

മത്സരത്തിന്റെ 67-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പോസ്റ്റിലെത്തിച്ച് റെനെ മെഹേലിക്കാണ് ആതിഥേയരുടെ വിജയം സമ്മാനിച്ചത്. ഗോള്‍ നേടാന്‍ മുംബൈക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ജയത്തോടെ 18 മത്സരങ്ങളില്‍ നിന്ന് 32 പോയന്റുമായി ചെന്നൈയ്ന്‍ എഫ്‌സി പോയന്റ് പട്ടികയില്‍ പുണെയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. നാളെ നടക്കുന്ന എഫ്‌സി ഗോവ-ജംഷേദ്പുര്‍ എഫ്‌സി മത്സരത്തിലെ വിജയികള്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് യോഗ്യത നേടും. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഗോവയാകും നാലാം സ്ഥാനത്തോടെ പ്ലേ ഓഫിലെത്തുക.