ചെന്നൈ: സ്വന്തം തട്ടകമായ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെത്തിയ പതിനാലായിരത്തോളം കാണികളെ ആവേശത്തിലാക്കി പുണെയ്‌ക്കെതിരെ ചെന്നൈയിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിന്‍ എഫ്.സിയുടെ ജയം. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം മത്സരത്തിന്റെ 83-ാം മിനിറ്റില്‍ റാഫേൽ നല്‍കിയ പാസ് മികച്ച നീക്കത്തിലൂടെ പോസ്റ്റിലെത്തിച്ച് ഗിര്‍ഗറി നെല്‍സനാണ് ചെന്നൈയിന്‍ എഫ്‌സിയുടെ വിജയഗോള്‍ വലയിലാക്കിയത്. 

ആദ്യപകുതിയില്‍ രണ്ടു ടീമുകള്‍ക്കും നിരവധി ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഗോളി വിശാലിന്റെ മിന്നും നീക്കങ്ങളാണ് കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് പുണെയെ രക്ഷിച്ചത്. മുഴുവന്‍ സമയവും കളം നിറഞ്ഞ് കളിച്ച ചെന്നൈയ്‌ന്റെ മെയില്‍സണ്‍ ആല്‍വസാണ് കളിയിലെ താരം. ജയത്തോടെ പത്ത് മത്സരങ്ങളില്‍നിന്ന് 20 പോയന്റോടെ ചെന്നൈയിന്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. 18 പോയന്റുള്ള ബെംഗളൂരു എഫ്‌സിയാണ് രണ്ടാം സ്ഥാനത്ത്. പത്ത് മത്സരങ്ങളില്‍ നിന്ന് 16 പോയന്റുള്ള പുണെ മൂന്നാം സ്ഥാനത്താണ്.