ബെംഗളൂരു: കഴിഞ്ഞ വര്‍ഷത്തെ കടം തീര്‍ത്ത് കലിപ്പടക്കിയുമില്ല കപ്പടിക്കാന്‍ അവസാന നാലിലെത്തിയുമില്ല. ഐഎസ്എല്‍ നാലാം സീസണില്‍ അവസാന മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ആശ്വാസജയം മോഹിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ മടക്കം. മഞ്ഞ പടയുടെ ആരാധകരാല്‍ തിങ്ങിനിറഞ്ഞ ബെംഗളുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച് സീസണ്‍ അവസാനിപ്പിച്ചത്. നേരത്തെ ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തില്‍ നടന്ന മത്സരത്തിലും ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെ തറപറ്റിച്ചിരുന്നു.

ഗോള്‍ രഹിത സമനിലയിലേക്ക് നീങ്ങിയിരുന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ബെംഗളൂരു രണ്ടു ഗോളുകളും പോസ്റ്റിലാക്കിയത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത്‌ മിക്കുവും ഉദാന്ത സിങ്ങുമാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. തോല്‍വിയോടെ സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതയും മങ്ങി. ഇനി ഒരു മത്സരം ശേഷിക്കുന്ന മുംബൈ അതില്‍ തോറ്റാല്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിന് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടാന്‍ സാധിക്കു.

വിജയത്തോടെ 18 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ബെംഗളൂരു 13 വിജയങ്ങളും നാല് തോല്‍വിയും ഒരു സമനിലയും സഹിതം 40 പോയന്റോടെയാണ് ഒന്നാം സ്ഥാനം കൈപിടിയിലൊതുക്കിയത്. ഒരോ മത്സരങ്ങള്‍ വീതം ശേഷിക്കുന്ന പുണെയും ചെന്നൈയനുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഇനി നടക്കാനിരിക്കുന്ന ഗോവ-ജംഷേദ്പുര്‍ മത്സരത്തിലെ വിജയികള്‍ നാലാം സ്ഥാനത്തോടെ സെമിയിലേക്ക് മുന്നേറും. ഈ മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഗോവ സെമിയിലെത്തും. 18 മത്സങ്ങളില്‍ നിന്ന് ആറ് വിജയവും ഏഴ് സമനിലയും അഞ്ച് തോല്‍വിയും സഹിതം 25 പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. മുംബൈ അടുത്ത കളി ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.