പുണെ:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സെമിഫൈനലിന്റെ ആദ്യപാദത്തില്‍ എഫ്.സി. പുണെ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ബെംഗളൂരു എഫ്.സി. എതിരാളിയുടെ തട്ടകത്തില്‍ നേടിയ സമനില രണ്ടാംപാദത്തില്‍ ബെംഗളൂരുവിന് മുന്‍തൂക്കം നല്‍കും. മാര്‍ച്ച് 11-നാണ് രണ്ടാംപാദ മത്സരം.

ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കളിയില്‍ മുന്‍തൂക്കം പുണെയ്ക്കായിരുന്നു. ഇരുപകുതികളിലും അവര്‍ ആക്രമണത്തില്‍ മികച്ചുനിന്നു. എന്നാല്‍ ബെംഗളൂരു പ്രതിരോധവും ഗോളി ഗുര്‍പ്രീത് സന്ധുവും അവര്‍ക്ക് ഒരവസരവും നല്‍കിയില്ല.

ISLബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഒരു മനോഹരമായ ഫ്രീ കിക്കായിരുന്നു ആദ്യ പകുതിയുടെ ഹൈലൈറ്റ്. 30-ാം മിനിറ്റില്‍ മിക്കുവിനെ ഫൗള്‍ചെയ്തു വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്കിന് ഗോള്‍മണമുണ്ടായിരുന്നു. പോസ്റ്റിലേക്ക് പറന്നിറങ്ങിയ പന്തിനെ പുണെ ഗോളി വിശാല്‍ കെയ്ത് അതിലും മനോഹരമായി രക്ഷപ്പെടുത്തി.

ഒന്നാം പകുതി അവസാനിക്കാന്‍ പത്ത് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ മലയാളി താരം ആഷിഖ് നല്‍കിയ ക്രോസ് മാഴ്‌സലീന്യോക്ക് കണക്ട് ചെയ്യാന്‍ കഴിയാതെപോയതോടെ പുണെയുടെ മികച്ച അവസരം നഷ്ടമായി.

ISLരണ്ടാം പകുതിയിലും പുണെ ആക്രമിച്ചു കളിച്ചു. മാഴ്‌സലീന്യോയുടെ ഫ്രീകിക്കും മികച്ച ഷോട്ടും ഗുര്‍പ്രീത് രക്ഷപ്പെടുത്തിയതോടെ കളി തുല്യതയില്‍ പിരിഞ്ഞു.