ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സി.ക്കെതിരെ  ചെന്നൈയിന്‍ എഫ്.സിക്ക് ജയം. ബെംഗളൂരുവിന്റെ തട്ടകത്തിൽഒന്നിനെതിരെ രണ്ട് ഗോളിനായിരുന്ന ചെന്നൈയിന്റെ ജയം.

ഒന്നാം പകുതി കഴിഞ്ഞപ്പോള്‍ തന്നെ ചെന്നൈയിന്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലീഡ് ചെയ്യുകയായിരുന്നു.

കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ചെന്നൈയിന്‍ ലീഡ് നേടി. ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലയാണ് സ്‌കോറര്‍. ഒരു കോര്‍ണര്‍ പോസ്റ്റിന് മുന്നില്‍ ഒന്നാന്തരമായി കണക്ട് ചെയ്യുകയായിരുന്നു ജെജെ. 

കളിയുടെ 85ാം മിനിറ്റില്‍ സുനില്‍ ഛേത്രി ബെംഗളൂരുവിന് വേണ്ടി തിരിച്ചടിച്ച് സമനില നേടി. എന്നാല്‍ ബെംഗളൂരുവിന്റെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. നിര്‍ണായകമായ 88ാം മിനിറ്റില്‍ ധന്‍പാല്‍ ഗണേഷ് ചെന്നൈയിനെ വീണ്ടും മുന്‍പിലെത്തിച്ചു.

കളിച്ച ആറു കളികളില്‍ ബെംഗളൂരു നാലെണ്ണത്തില്‍ ജയിച്ചിട്ടുണ്ട്. ചെന്നൈയിന്റെ നാലാമത്തെ വിജയമാണിത്. ജയത്തോടെ ചെന്നൈയിന്റെ പോയിന്റ് സമ്പാദ്യം പന്ത്രണ്ടായി. പന്ത്രണ്ട് പോയിന്റുള്ള ബെംഗളൂരു രണ്ടാം സ്ഥാനത്താണ്. ചെന്നൈയിൻ മൂന്നാമതും.

Content Highlights: ISL Bangalore Fc Chennayin FC Indian Super League