കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരുവിന്റെ മുന്നേറ്റം തുടരുന്നു. കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് ഈ സീസണിലെ ഒമ്പതാം വിജയവും ബെംഗളൂരു സ്വന്തമാക്കി. കൊല്‍ക്കത്തയ്ക്ക് ഏറെ നിര്‍ണായകമായ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ബെംഗളൂരുവിന്റെ വിജയം. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ജോര്‍ഡി മോണ്ടല്‍ നല്‍കിയ സെല്‍ഫ് ഗോളിലാണ് ബെംഗളൂരു അകൗണ്ട് തുറന്നത്. 83-ാം മിനിറ്റില്‍ മിക്കുവിലൂടെ സന്ദര്‍ശകര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി വിജയം പിടിച്ചെടുത്തു. 

സ്വന്തം പിഴവില്‍ മത്സരത്തിന്റെ തുടക്കത്തില്‍തന്നെ ബെംഗളൂരുവിന് കൊല്‍ക്കത്ത ലീഡ് വഴങ്ങിയെങ്കിലും ഇരുടീമും ഒരുപോലെ പന്ത് കൈയടക്കിയാണ് മത്സരം പൂര്‍ത്തിയാക്കിയത്. വീണുകിട്ടിയ അവസരങ്ങള്‍ പോസ്റ്റിലെത്തിക്കാന്‍ സാധിക്കാതിരുന്നതും ആതിഥേയര്‍ക്ക് തിരിച്ചടിയായി. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത 12 പോയന്റോടെ നിലവില്‍ എട്ടാം സ്ഥാനത്താണ്. ഇനി അവശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് പ്ലേഓഫ് സാധ്യതയുള്ളു. ഒമ്പതാം വിജയം കുറിച്ച ബെംഗളൂരു 27 പോയന്റോടെ ഒന്നാാം സ്ഥാനത്ത് തുടരും.