കോഴിക്കോട് :പ്രമുഖതാരങ്ങള്‍ മറ്റ് ടീമിലേക്ക് ചേക്കേറുമെന്നുറപ്പായതോടെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീം പുതിയ കളിക്കാര്‍ക്കായി കളത്തിലിറങ്ങി. രണ്ട് മലയാളിതാരങ്ങളടക്കം നാല് കളിക്കാരുമായി ടീം ധാരണയിലെത്തിയതാണ് പുറത്തുവരുന്ന വിവരം.

മുംബൈ എഫ്.സി.യില്‍നിന്ന് മധ്യനിരക്കാരന്‍ എം.പി. സക്കീര്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍നിന്ന് അബ്ദുള്‍ ഹക്കു, സെമിലെന്‍ ദുംഗല്‍, എഫ്.സി. ഗോവയില്‍നിന്ന് ഗോള്‍കീപ്പര്‍ നവീന്‍കുമാര്‍ എന്നിവര്‍ അടുത്ത സീസണില്‍ കേരളടീമിലേക്ക് എത്തുമെന്നാണ് സൂചന. അതേസമയം, പ്രതിരോധനിരക്കാരന്‍ ലാല്‍റുത്താരയുമായി ടീം മൂന്ന് വര്‍ഷത്തേക്ക് കരാറൊപ്പിട്ടു.

ജാക്കിചന്ദ് സിങ്, മിലന്‍ സിങ് എന്നിവര്‍ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിലുണ്ടാകില്ല. സൂപ്പര്‍താരം സി.കെ. വിനീതും ടീം വിട്ടേക്കും. ഇതിന് പകരമായിട്ടാണ് പുതിയ കളിക്കാരെ ബ്ലാസ്റ്റേഴ്സ് എത്തിക്കുന്നത്.

മലപ്പുറത്തുകാരായ സക്കീറും ഹക്കുവും ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്ന് ഏറക്കുറെ ഉറപ്പായി. ടീമുമായി ചര്‍ച്ചനടത്തിയെന്ന് സക്കീര്‍ മാതൃഭൂമിയോട് പറഞ്ഞു. വിവാ കേരളയിലൂടെ കളി തുടങ്ങിയ സക്കീര്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്, യുണൈറ്റഡ് സോക്കര്‍, മോഹന്‍ബഗാന്‍, സാല്‍ഗോക്കര്‍ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സി.യിലും കളിച്ചിട്ടുണ്ട്.

തിരൂര്‍ സ്വദേശിയായ ഹക്കു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി നാല് മത്സരങ്ങള്‍ കളിച്ചു. സെന്‍ട്രല്‍ ഡിഫന്‍ഡറാണ്. ഡി.എസ്.കെ. ശിവാജിയന്‍സ്, ഫത്തോ ഹൈദരാബാദ് ടീമുകള്‍ക്കായി കളിച്ചു. നവീന്‍കുമാര്‍ എഫ്.സി. ഗോവയ്ക്കായി മികച്ചപ്രകടനം നടത്തിയ ഗോള്‍കീപ്പറാണ്. സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഹാട്രിക് നേടിയ താരമാണ് സെമിലന്‍ ദുംഗല്‍. ജാക്കിചന്ദ് ഗോവയിലേക്കും മിലന്‍ സിങ് ഡല്‍ഹി ഡൈനാമോസിലേക്കുമാകും കൂടുമാറുന്നത്. സി.കെ. വിനീതിനെ എ.ടി.കെ. നോട്ടമിട്ടിട്ടുണ്ട്.

Content Highlights: ISL 2018 Kerala Blaters Team CK Vineeth