ജംഷേദ്പുര്‍:നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയെ ഒരു ഗോളിന് തോല്പിച്ച് ആതിഥേയരായ ജംഷേദ്പുര്‍ എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പ്ലേ ഓഫ് റൗണ്ടിലേക്ക് ഒരുപടികൂടി അടുത്തു. രണ്ടാം പകുതിയില്‍ വെല്ലിങ്ടണ്‍ പ്രയോരി നേടിയ ഉജ്ജ്വല ഗോളാണ് ജംഷേദ്പൂരിന് വിജയം സമ്മാനിച്ചത്.

വിജയത്തോടെ ചെന്നൈയിന്‍ എഫ്.സിയെ(23) മറികടന്ന് ജംഷേദ്പുര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. 15 കളി പൂര്‍ത്തിയാക്കിയ അവര്‍ക്ക് 25 പോയന്റുണ്ട്. 15 കളിയില്‍ 33 പോയന്റുമായി ബെംഗളൂരു എഫ്.സി. വെള്ളിയാഴ്ച സെമി ഉറപ്പിച്ചിരുന്നു. എഫ്.സി. പുണെ സിറ്റി(25)യാണ് രണ്ടാം സ്ഥാനത്ത്.

ഒന്നാം പകുതിയില്‍ വ്യക്തമായ ആധിപത്യമുണ്ടായിട്ടും നോര്‍ത്ത് ഈസ്റ്റിന് ഗോളടിക്കാനായില്ല. പ്രതിരോധതന്ത്രം പയറ്റിയ ജംഷേദ്പുര്‍ എതിരാളികളെ അസ്വസ്ഥരാക്കി. ആതിഥേയരുടെ പ്രതിരോധപ്പൂട്ട് പൊളിക്കാന്‍ സന്ദര്‍ശകര്‍ക്കായില്ല. അപ്രതീക്ഷിതമായിരുന്നു സ്റ്റീവ് കോപ്പലിന്റെ ടീമിന്റെ വിജയം. ഇസു അസൂക്കയുടെ ത്രോയില്‍നിന്ന് വന്ന പന്ത് ബൈസിക്കിള്‍ കിക്കിലൂടെ വലയിലെത്തിച്ചാണ് വെല്ലിങ്ടണ്‍ ടീമിന് വിജയം നേടിക്കൊടുത്തത്.