പുണെ: ഐ.എസ്.എല്ലില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ പുണെയ്ക്ക് തോല്‍വി. ബലെവാഡി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന്‌ ഗോളിന് ബെംഗളൂരു എഫ്.സി, പുണെ സിറ്റിയെ തോല്‍പ്പിക്കുകയായിരുന്നു. ഇരട്ടഗോളുമായി മികു മത്സരത്തില്‍ തിളങ്ങി.

35-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ആദില്‍ ഖാന്‍ പുണെയെ മുന്നിലെത്തിച്ചു. മനോഹരമായൊരു ഫെളെയിങ് ഹെഡ്ഡറിലൂടെ മിഡ്ഫീല്‍ഡര്‍ ബെംഗളൂരുവിന്റെ വല ചലിപ്പിക്കുകയായിരുന്നു. ബോക്സിന് തൊട്ടുമുന്നില്‍ നിന്നുള്ള ഈ ഹെഡ്ഡറില്‍ ബെംഗളൂരു ഗോളിക്ക് ഒന്നും ചെയ്യാനായില്ല.

എന്നാല്‍ 56-ാം മിനിറ്റില്‍ ബല്‍ജിത് സാഹ്നി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പുണെയുടെ നില പരുങ്ങലിലായി. പുണെ പത്തു പേരായി ചുരുങ്ങിയതോടെ അവസരം മുതലെടുത്ത് ബെംഗളൂരു 14 മിനിറ്റിനിടയില്‍ രണ്ടു ഗോളുകള്‍ പുണെയുടെ വലയിലടിച്ചു കയറ്റി.  64-ാം മിനിറ്റില്‍ ബെംഗളൂരുവിനെ മുന്നിലെത്തിച്ച വെനിസ്വേലന്‍ താരം മികു 78-ാം മിനിറ്റില്‍ വീണ്ടും വല കുലുക്കി. 96-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു മൂന്നാം ഗോളും നേടി.

ജയത്തോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് നാല് വിജയവുമായി ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 12 പോയിന്റാണ് ബെംഗളൂരുവിന്റെ അക്കൗണ്ടിലുള്ളത്. അതേസമയം ആറാം മത്സരത്തിനിറങ്ങിയ പുണെയുടെ മൂന്നാം പരാജയമാണിത്. മൂന്നു വിജയങ്ങളുമായി ഒമ്പതു പോയിന്റാണ് പുണെയ്ക്കുള്ളത്.