ഗുവാഹട്ടി: ഐ.എസ്.എല്ലില്‍ രണ്ടാം മത്സരത്തിലും ഗോള്‍രഹിത സമനില. സൂപ്പര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച ജംഷേദ്പുര്‍ എഫ്.സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരുടീമിനും ഗോള്‍ കണ്ടെത്താനായില്ല. 

ജംഷേദ്പൂരിന്റെ വിദേശതാരം ആന്ദ്രെ ബീകെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് കോപ്പലിന്റെ ടീം മത്സരം പൂര്‍ത്തിയാക്കിയത്. പലപ്പോഴും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ,് ജംഷേദ്പുരിന്റെ ബോക്‌സിനെ വിറപ്പിച്ചെങ്കിലും ഗോള്‍കീപ്പര്‍ സുബ്രതോപാലിനെ മറികടക്കാനായില്ല. 

മൂന്ന് മലയാളിതാരങ്ങളാണ് ഇരുടീമുകളിലുമായി കളത്തിലിറങ്ങിയത്. നോര്‍ത്ത് ഈസ്റ്റില്‍ ഗോള്‍കീപ്പര്‍ രഹ്നേഷും പ്രതിരോധനിരക്കാരന്‍ അബ്ദുള്‍ ഹക്കുവും. ജംഷേദ്പുര്‍ പ്രതിരോധത്തില്‍ അനസ് എടത്തൊടികയും കളിച്ചു.

ആദ്യപകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായിരുന്നു ആധിപത്യം. കളിയുടെ തുടക്കത്തില്‍ മികച്ച അവസരവും അവര്‍ക്ക് ലഭിച്ചു. ബോക്സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന മാര്‍സിന്യോ ഗോളിമാത്രം മുന്നില്‍ നില്‍ക്കെ പുറത്തേക്കാണ് അടിച്ചത്. തുടര്‍ന്നും നിരവധി അവസരങ്ങള്‍ അവര്‍ തുറന്നെടുത്തെങ്കിലും ഗോളായില്ല. 

അവസാന മിനിറ്റിലാണ് ജംഷേദ്പുര്‍ എഫ്.സിക്ക് മികച്ച അവസരം ലഭിച്ചത്. സമീഹ് ദൗത്തി നല്‍കിയ പാസില്‍ നിന്ന് ജെറി മൗമിങ്താംഗയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് രഹ്നേഷ് അദ്ഭുതകരമായി രക്ഷപ്പെടുത്തി.

രണ്ടാം പകുതിയിലും കളി നോര്‍ത്ത് ഈസ്റ്റിന്റെ കൈയിലായിരുന്നു. 60-ാംമിനിറ്റില്‍ മര്‍സീന്യോ നല്‍കിയ ത്രൂപാസില്‍ ഗോളിയെ മറികടക്കാനുള്ള ഡാനിലോ ലോപസിന്റെ ശ്രമം നേരിയ വ്യത്യാസത്തില്‍ വിഫലമായി. 

തൊട്ടുപിന്നാലെ രണ്ട് തവണയാണ് ജംഷേദ്പുര്‍ രക്ഷപ്പെട്ടത്. ലാല്‍റിന്‍ഡിക റാള്‍ട്ടയുടെ ശ്രമം അനസ് ഗോള്‍ലൈനില്‍ രക്ഷപ്പെടുത്തി. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ലോപസിന്റെ ഷോട്ട് ഗോളി സുബ്രതോപാല്‍ മുഴുനീളെ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി.