ഗുവാഹട്ടി: എഫ്.സി ഗോവയെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റിന് ഐഎസ്എല്‍ നാലാം സീസണിലെ രണ്ടാം വിജയം. ഗുവാഹട്ടി ഇന്ദിരഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം. ആദ്യപകുതിയില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ രണ്ടാം പകുതിയില്‍ നേടിയ ലീഡിലാണ് നോര്‍ത്ത് ഈസ്റ്റ് വിജയം പിടിച്ചെടുത്തത്.  

രണ്ടാം പകുതിയില്‍ കളിച്ചതും കൂടുതല്‍ അവസരം സൃഷ്ടിച്ചതും ഗോവയാണെങ്കിലും ഗോളടിച്ചത് നോര്‍ത്ത് ഈസ്റ്റായിരുന്നു. ഗോള്‍ മുഖത്ത് രഹനേഷിന്റെ മിന്നില്‍ സേവുകള്‍ ഒന്നിലേറെ തവണ നോര്‍ത്ത് ഈസ്റ്റിനെ കാത്തു. മത്സരത്തിന്റെ 21-ാം മിനിറ്റില്‍ മാര്‍സീനോയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം സ്‌കോര്‍ ബോര്‍ഡ് തുറന്നത്. ഏഴ് മിനിറ്റിനുള്ളില്‍ അരാനയിലൂടെ ഗോള്‍ വല ചലിപ്പിച്ച് ഗോവ ഒപ്പമെത്തി. 52-ാം മിനിറ്റില്‍ മാര്‍സീനോ നല്‍കിയ പാസ് കൃത്യമായി പോസ്റ്റിലെത്തിച്ച്  സെമിലെന്‍ ദുംഗല്‍ നോര്‍ത്ത് ഈസ്റ്റിന്റെ വിജയം ഉറപ്പാക്കി. 

ഒരുഗോള്‍ വലയിലാക്കുകയും രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്ത മാര്‍സീനോയാണ് കളിയിലെ താരം. വിജയത്തോടെ ഏട്ട് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. എട്ട് മത്സങ്ങളില്‍ നിന്ന് 13 പോയന്റുള്ള എഫ്‌സി ഗോവ അഞ്ചാം സ്ഥാനത്തുമാണ്.