ജംഷേദ്പുര്‍: സ്വന്തം തട്ടകത്തില്‍ മുംബൈക്കെതിരെ മികച്ച കളി പുറത്തെടുത്തെങ്കിലും ജംഷേദ്പുരിന് സമനില കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വന്നു. ആദ്യ പകുതിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷമാണ് മുംബൈ സമനില പിടിച്ചത്. ഇരുടീമും ഒരുപോലെ പന്ത് കൈവശംവച്ച് കളിച്ചെങ്കിലും കൂടുതല്‍ ഗോള്‍ അവസരങ്ങള്‍ ജംഷേദ്പുരിനായിരുന്നു. എന്നാല്‍ അവസാന നിമിഷം ലീഡ് നേടാന്‍ സാധിക്കാതെ പോയതോടെ നാല് ഗോളുകള്‍ പിറന്ന മത്സരം സമനിലയില്‍ കലാശിച്ചു. 

മുംബൈക്കായി തിയാഗോ സാന്റോസ് 24, 71 മിനിറ്റുകളില്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ 43, 45 മിനിറ്റുകളില്‍ ആതിഥേയര്‍ക്കായി ഇസു അസൂക്ക ഇരട്ട ഗോള്‍ വലയിലാക്കി. മുഴുവന്‍ സമയവും കളം നിറഞ്ഞ് കളിച്ച ഇസു അസൂക്ക തന്നെയാണ് കളിയിലെ താരവും. സമനിലയില്‍ പിരിഞ്ഞതോടെ ഒമ്പത് കളിയില്‍ നിന്ന് പതിനാല് പോയന്റുള്ള മുംബൈ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറി. എട്ട് മത്സരം പൂര്‍ത്തിയാക്കിയ ജംഷേദ്പുര്‍ പത്ത് പോയന്റോടെ ആറാം സ്ഥാനത്താണ്.