പുണെ: ഐ.എസ്.എല്ലില്‍ വിജയദാഹവുമായി കളിക്കാനിറങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയ്ക്ക് വീണ്ടും അടിതെറ്റി. ഇത്തവണ പുണെ എഫ്.സിയാണ് കൊല്‍ക്കത്തയെ തോല്‍പ്പിച്ചത്. ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങിയ പുണെ ഒട്ടും ദയയില്ലാതെ കൊല്‍ക്കത്തയുടെ പോസ്റ്റിലേക്ക് മൂന്നു ഗോളടിച്ചുകേറ്റുകയായിരുന്നു. 

മത്സരത്തിന്റെ 32-ാം മിനിറ്റില്‍ ആദില്‍ ഖാനാണ് പുണെയെ മുന്നിലെത്തിച്ചത്. പിന്നീട് രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും വന്നത്. 59-ാം മിനിറ്റില്‍ ഡിഗോ കാര്‍ലോസും 77-ാം മിനിറ്റില്‍ രോഹിത് കുമാറും ലക്ഷ്യം കണ്ടു. ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞില്ല.

ലീഗില്‍ പുണെയുടെ ആറാം വിജയമാണിത്. 19 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പുണെ. അതേസമയം നാലാം പരാജയം നേരിട്ട കൊല്‍ക്കത്ത ആശങ്കയിലാണ്. 12 പോയിന്റ് മാത്രമാണ് നിലവിലെ ചാമ്പ്യന്‍മാരുടെ സമ്പാദ്യം. 

Content Highlights: ISL 2017 Kolkata vs Pune City